ബൂലോകവരയന്‍പുലി നൌശുഭായ് പട്ടേലരുടെ അഭിമുഖം വന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുശേഷം എനിക്കൊരു കുസൃതി തോന്നി! ബ്ലോഗിലെ പലരെയും ഫോണില്‍ വിളിച്ച് 'കല്ലിവല്ലി' ബ്ലോഗിനേയും കണ്ണൂരാനേയും കുറിച്ച് അഭിപ്രായം അന്വേഷിക്കുക..!
എങ്ങനെയായിരിക്കും അവര്‍ റിയാക്റ്റ് ചെയ്യുക? എന്തായിരിക്കും ഇനി ബൂലോകത്ത് കണ്ണൂരാന്റെ ഭാവി? ഒരു മാര്‍ക്കെറ്റിംങ് അനലൈസ് ആയിരുന്നു എന്റെ ഉദ്ദേശ്യം!
അപ്രകാരം പതിനാലോളം പേരുടെ നമ്പര്‍ സംഘടിപ്പിച്ച് വോയിപ് കോള്‍ വഴി സംസാരം തുടങ്ങി. അബുദാബിയില്‍ നിന്നും അഷ്‌റഫ് എന്നൊരു ബ്ലോഗറാണെന്ന് പറഞ്ഞായിരുന്നു വിളി. ചിലരൊക്കെ നിഷ്പക്ഷമായി അഭിപ്രായം പറഞ്ഞപ്പോള്‍ മറ്റുചിലര്‍ കണ്ണൂരാനെ നിശിതമായി വിമര്‍ശിച്ചു.
അഹങ്കാരി.. തെമ്മാടി.. അശ്ലീലം എഴുതിവിടുന്നവന്‍, കമന്റിനു വേണ്ടി യാചിക്കുന്നവന്‍, മറ്റുള്ളവരുടെ ബ്ലോഗില്‍ പോയി അനാവശ്യം പറയുന്നവന്‍, അഭിമുഖത്തില്‍ അങ്ങനെയൊക്കെ പറയാന്‍ അവനാരാ? അവന്റെ ബ്ലോഗില്‍ കമന്റിട്ടു പ്രോല്‍സാഹിപ്പിക്കുന്നവരെയാണ് ഓടിക്കേണ്ടത്...!!
ഹാവൂ.., സര്‍വതും കേട്ട് ഞാന്‍ കോള്‍മൈര്‍ കൊണ്ടെങ്കിലും കണ്ണൂരാന്റെ മാര്‍ക്കറ്റ് ഇടിഞ്ഞെന്നും 'കല്ലിവല്ലി'യില്‍ കമന്റിടാന്‍ ഇനി ആളെക്കിട്ടില്ലെന്നും പേടിച്ചുപോയ നാളുകളായിരുന്നു അത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കണം അഥവാ കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക.
പിന്നെ വൈകിയില്ല. 'കണ്ണൂരാന്‍' ഐഡിയില്‍ അവരുമായി ചാറ്റ് തുടങ്ങി. ജീ-ടോക്കില്‍ സംസാരിച്ചു.
എന്തതിശയം! ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരാനെ തെറി പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നു. കണ്ണൂരാന്‍ അഭിമുഖത്തില്‍ പറഞ്ഞതൊക്കെ നൂറുശതമാനം സത്യമാണത്രേ! അക്ഷരസ്നേഹികളെന്നു വീമ്പിളക്കുന്ന പരട്ടകളുടെ ഇരട്ടമുഖം കണ്ട് എന്റെ കണ്ണ് തള്ളി.
തൊള്ള വരണ്ടു.
പള്ള നിറഞ്ഞു.
ഉള്ളു വിറച്ചു...
ഹൌ! ഇവര്‍ തന്നെ ബഹുമുഖ പ്രതിഭകള്‍ !
"മനുഷ്യനാരായാലും വേണ്ടില്ല. ഉള്ളിലുള്ളത് അതുപോലെ പുറത്തു കാണിച്ചാല്‍ മതിയെന്ന്" പറഞ്ഞ ഷേക്സ്പിയറിനെ ഈ വിരലുന്തികള്‍ക്കറിയില്ലേ?
അറിയില്ല. നല്ലതിനെ അംഗീകരിക്കാനോ പ്രശംസിക്കാനോ പ്രോല്സാഹിപ്പിക്കാനോ ചില ബൂലോക സില്‍ബന്ധികള്‍ക്കറിയില്ല. എന്റെ അഭിമുഖം വന്നതിനു ശേഷം അതിലെ വാക്കുകള്‍ വളച്ചൊടിച്ച് അക്ബര്‍ക്ക ഒരു പോസ്റ്റിട്ടു. മൂപ്പിലാന്റെ 'ഭാഗ്യത്തിന്', എന്നെക്കൊല്ലുന്ന ആ പോസ്റ്റില്‍ ആദ്യത്തെ തേങ്ങ ഉടച്ചതാവട്ടെ നിര്‍ഭാഗ്യ'വാനായ ഞാനും!
കുഞ്ചാലി - മമ്മൂഞ്ഞുമാര്‍ ആ പോസ്റ്റില്‍ ഉറഞ്ഞു തുള്ളി. എന്റെ രോമങ്ങളവര്‍ വടിച്ചുകളഞ്ഞു. ചന്തിക്ക് തീയിട്ടു. പൊള്ളലേറ്റ് ഞാന്‍ പിടഞ്ഞു. 'കല്ലിവല്ലി'യുടെ മുറ്റത്ത് കണ്ണൂരാന്റെ പട്ടട തീര്‍ത്തവര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത എന്നെനോക്കി നെടുവീര്‍പ്പിട്ടു;
"ഇനിയും മരിക്കാത്ത കണ്ണൂ.., ബ്ലോഗില്‍നിനക്കാത്മ ശാന്തി.."
ആ അഭിമുഖത്തിന്റെ ചുവടുപിടിച്ചു ഒന്നല്ല ഒന്നിലധികം ബ്ലോഗുകളാണ് രംഗത്തെത്തിയത്. കണ്ണൂരാന്റെ രക്തത്തിനുവേണ്ടി ബൂലോക ഒതേനന്മാര്‍ വാളെടുത്തു. 'കല്ലിവല്ലി'യില്‍ വന്നു വാള് വെച്ചു. പിടിയെടാ അടിയെടാ കൊല്ലെടാ എന്നാക്രോശിച്ചുകൊണ്ട് ബൂലോകത്തെ കൊടിസുനിമാരും കിര്‍മാണി മനോജുമാരും ആടാന്റണി കീരിക്കാടന്‍ ജോസുമാരും ആഞ്ഞുവെട്ടി. പക്ഷെ അല്ലാഹുവിന്റെ അപാര അനുഗ്രഹത്താല്‍ ഓരോ വെട്ടും ഒരായിരം ഊര്‍ജ്ജ രേണുക്കളെയാണ് 'കല്ലിവല്ലി'ക്കും കണ്ണൂരാനും നേടിത്തന്നത്. ഇന്ന് 'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഹൃദ്യമായ നന്ദി പറയേണ്ടത് ഈ ബ്ലോഗിനെ വിജയിപ്പിക്കാന്‍ സഹായിച്ച ബൂലോക കൊട്ടേഷന്‍ ടീമിനോടാണ്. അവരില്ലെങ്കില്‍ 'കല്ലിവല്ലി'യും കണ്ണൂരാനും വിസ്മൃതിയുടെ മാറാലക്കുള്ളില്‍ മാഞ്ഞു പോയേനെ!
മലയാളം ഗ്രൂപ്പിലെ ചില അഡ്മിന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അതില്‍ മെമ്പറായപ്പോള്‍ അവിടെയും കണ്ടു കൊട്ടേഷന്‍ ടീമിന്റെ കൊലവിളി. "കണ്ണൂരാന്‍ അനോണിയാണ്. ഗ്രൂപ്പില്‍ നിന്നും പുറത്താക്കണം.."
ബഹുമാന്യനായ കൂടരഞ്ഞി സാഹിബ് എന്നെ വിവരമറിയിച്ചു. ചെന്ന് നോക്കുമ്പോള്‍ പന്ത്രണ്ടു പേര്‍ ആ ഗ്രൂപ്പില്‍ അനോണിയാണ്. അതായത് പേരോ ഫോട്ടോയോ ഇല്ലാതെ തൂലികാ നാമത്തിലുള്ളവര്! 'കണ്ണൂരാന്‍ കുഞ്ഞവറാന്‍' എന്ന പേരില്‍ എന്റെ വരവ് കണ്ട് സോണി എന്ന ബ്ലോഗര്‍ ആര്‍ത്തു ചിരിച്ചു. നീ വഴക്കിനൊന്നും പോവേണ്ടെന്ന് ഉപദേശിച്ചത് അവരായിരുന്നു. എങ്ങനെയും എവിടെനിന്നും കണ്ണൂരാനെ പുറത്താക്കുക എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു ബൂലോകത്തെ ചില മൊശകോടന്മാര്‍ക്കുണ്ടായിരുന്നത്.
'മ' ഗ്രൂപ്പില്‍ എന്നെ ഒറ്റപ്പെടുത്താനുള്ള തീവ്രശ്രമം ചിലര്‍ തുടങ്ങിയപ്പോഴാണ് E-ലോകം ഗ്രൂപ്പ് ഉണ്ടാക്കിയത്. മ ഗ്രൂപ്പില്‍ കണ്ണൂരാനെതിരെ വന്ന ഒരു പോസ്റ്റില്‍ എനിക്ക് മറുപടി പറയേണ്ടി വന്നു. ആ മറുപടി നീളത്തില്‍ ചെന്നത് അതിലെ ചില സദാചാര ബുജികള്‍ക്ക് നേരെയായിരുന്നു. അതിലെ അഡ്മിന്‍ ഇംതിയാസ് എനിക്ക് വാണിംഗ് മെസേജ് വിട്ടു. തമ്മിലടിയായി. ആരും എനിക്കായി വാദിച്ചില്ല. ആരുടേയും കാലു പിടിക്കാന്‍ ഞാന്‍ ചെന്നുമില്ല. ബുജികള്‍ ആഗ്രഹിച്ചത് നടന്നു. എന്റെ 'നല്ല' സ്വഭാവം കാരണം അവരെന്റെ പിടലിക്ക് പിടിച്ചു പുറത്തിട്ടു.
(ബ്ലോഗര്‍മാരുടെ ആദ്യത്തെ ഗ്രൂപ്പായ 'മ'ഗ്രൂപ്പ് 'കല്ലിവല്ലി'യിലേക്ക് കൂടുതല്‍ വായനക്കാരെത്താന്‍ നിമിത്തമായിട്ടുണ്ട്. പക്ഷെ അപ്രമാദിത്തം തലക്കുപിടിച്ച അതിലെ ചില അഡ്മിന്‍സ് കാരണം ആ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു. ഒരാളും ഒരു ഗ്രൂപ്പും കണ്ടിട്ടല്ല ബ്ലോഗെഴുത്ത് തുടങ്ങുന്നത്. 'അധികാര'മെന്നത് കീഴടക്കാനുള്ള ഉപാധിയാകുമ്പോള്‍ അംഗങ്ങള്‍ കൊഴിഞ്ഞുപോകും. അതുതന്നെയാണ് ഫെയിസ് ബുക്കില്‍ ആധികാരികമായി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് തുടങ്ങാന്‍ ചിലരെ പ്രേരിപ്പിച്ചത്)
ആയിടെ ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഡോക്ടര്‍ കൈമള്‍ സാറിന്റെ ലേഖനം വന്നു. അതുവായിച്ചു ബ്ലോഗേഴ്സില്‍ പലരും ബോധംകെട്ടുവീണു. കണ്ണൂരാനെ ശത്രുവായി കരുതുന്നവര്‍ക്ക് ഹൃദയമില്ലാതതിനാല്‍ ആര്‍ക്കും അറ്റാക്ക് വന്നില്ല. പക്ഷെ അര്‍ശസിന്റെ അസ്ക്കിതയുള്ളവര്‍ ആ പോസ്റ്റിനു കീഴില്‍ കിടന്നുരുണ്ടു. കണ്ണൂരാന്‍ എഴുതുന്നത് തെരുവ് പിള്ളേരുടെ ശൈലിയിലാണെന്ന് പറഞ്ഞ പ്രദീപ് പൈമയെ അജ്മാനില്‍ നിന്നും മജീദ് ആണെന്ന വ്യാജേന ഞാന്‍ റ്റെലിഫോണില്‍ വിളിച്ചു.
കണ്ണൂരാനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യത്തിലായിരുന്നു പൈമ. ഒരു മാസത്തോളം ഈ വിഷയവുമായി "മജീദും" പൈമയും സംസാരിച്ചു. "ഞങ്ങള്‍ കണ്ണൂരാനെ ബ്ലോഗില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണെന്നും ഞങ്ങളില്‍ ചിലര്‍ അതില്‍ കമന്റിടില്ലെന്നും" പറഞ്ഞ പൈമക്ക് കണ്ണൂരാന്‍ ചെയ്യുന്ന തെറ്റെന്തെന്നു പറയാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ക്ക് കാശ് കൊടുത്താണ് കണ്ണൂരാന്‍ ആ ലേഖനം എഴുതിച്ചതെന്നുകൂടി പൈമ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ നേര്‍ക്കുള്ള അസഹിഷ്ണുതയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്! ബ്ലോഗിലെ ആത്മാര്‍ത്ഥസ്നേഹിതന്മാരായ പലരും വിളിച്ചിരുന്ന ആ നമ്പര്‍ ഞാന്‍ വലിച്ചെറിഞ്ഞു.
ആറേഴു മാസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ മാസം വീണ്ടും ഞാന്‍ പൈമയെ വിളിച്ചു. സുഖ വിവരങ്ങള്‍ അന്വേഷിച്ചു. ആരാണെന്ന് ചോദിച്ചപ്പോള്‍ ബ്ലോഗറാണെന്നും ബ്ലോഗിന്റെ പേര് ചോദിച്ചപ്പോള്‍ 'കല്ലിവല്ലി'യെന്നും പറഞ്ഞു. അപ്രതീക്ഷിത വിളിയില്‍ പൈമ ഒരു നിമിഷം ഞെട്ടി. എന്തിനാണ് കണ്ണൂരാനോട് പകവെച്ചു നടന്നത് എന്നൊക്കെ ചോദിച്ചു. കല്ലിവല്ലിയില്‍ വരുന്ന പതിനഞ്ചോളം കമന്റുകള്‍ കണ്ണൂരാന്‍ തന്നെ ഇടുന്നതാണെന്ന് ആരോ പൈമയോട് പറഞ്ഞത്രേ.! ഞാനതു തിരുത്തി. പതിനഞ്ചല്ല, 50 കമന്റുകള്‍ ഞാന്‍ തന്നെ ഇടുന്നതാണ്. കഴിച്ചു ബാക്കി 175 കമന്റുകള്‍ ആര് ഇടുന്നതാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല!
ഇതാണ് ബൂലോകം. നെറികെട്ട ഭൂലോകത്തിന്റെ മറ്റൊരു പതിപ്പ്. അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന്‍ വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്. നിസ്സാരമായൊരു തര്‍ക്കത്തിന്റെ പേരില്‍ എന്നോട് പിണങ്ങി നില്‍ക്കുന്ന രമേശ് അരൂര്‍ എന്നാളോട് ഇരുപതിലധികം തവണ ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റെന്നു പറഞ്ഞു തരാന്‍ ഇന്നേവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.
മനുഷ്യനാവുക ഒരു കലയാണ് എന്ന പോസ്റ്റില്‍ അദ്ദേഹം കമന്റിട്ട ഉടന്‍ ഞാനൊരു മെയിലയച്ചു. എന്റെ സന്തോഷത്തിനു മറുപടി തരാന്‍ പോലും അയാള്‍ സന്മനസ് കാണിച്ചില്ല. ഗ്രൂപ്പിലൂടെ സിദ്ധാന്തം പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ലോകസാഹിത്യത്തിന്റെ അപ്പോസ്തലനും അത് കണ്ടുപിടിച്ചതും മൂപ്പിലാനാണെന്ന്. ഇമ്മാതിരി വടക്ക് നോക്കി യന്ത്രങ്ങളോട് പറയാനുള്ളത്, എഴുത്തുകാരനാവുകയല്ല; മനുഷ്യനാവുകയാണ് കല എന്നാണ്.
ഇവന്മാരേക്കാള്‍ എത്രയോ ഭംഗിയിലാണ് മണ്ടൂസന്‍ മനേഷും കൊമ്പനും എഴുതുന്നത്. ഒരു നല്ല പോസ്റ്റിട്ട് അമ്പതുപേര്‍ അഭിപ്രായം പറയാത്ത ഈ തുപ്പാക്കികളുടെ ബ്ലോഗിലെ കമന്റ് ബോക്സ് തുരുമ്പെടുത്തു നശിക്കുമ്പോഴും മറ്റുള്ളവരുടെ ചോരയാണ് ഇവര്‍ക്ക് പഥ്യം.ഞാനൊരു പ്രവാസി'യിലെ ഇണക്കംപിണക്കം എന്ന കഥയുടെ ഏഴയലത്തുപോലുമെത്തില്ല ബൂലോക കപട സദാചാര ബുജികളുടെ ഒരു പോസ്റ്റും! ബ്ലോഗില്‍ എങ്ങനെ എഴുതണമെന്നും എന്തെഴുതണമെന്നും തീരുമാനിക്കുന്നത് ഈ സുനാപ്പികളാണോ?
കണ്ണൂരാന്‍ അഹങ്കാരിയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നില്ല. അങ്ങനെയൊരു അഹങ്കാരിയാണ് ഞാനെങ്കില്‍ അതിന്റെ പാപഫലം ദൈവം എനിക്ക് മാത്രമേ നല്‍കുകയുള്ളൂ. എന്റെ ബ്ലോഗില്‍ കമന്റിടുന്നവര്‍ക്ക് ആ ശിക്ഷ അനുഭവിക്കേണ്ടിവരില്ല. (കുറച്ചു മുന്‍പുവരെ "മലയാളി" എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു. സ്വന്തം കൂട്ടുകാരുടെ അമ്മയെ മാനഭംഗപ്പെടുത്തിയ വാര്‍ത്ത വന്നതോടുകൂടി ആ അഹങ്കാരവും പോയിക്കിട്ടി) ഓരോ പോസ്റ്റിനും നൂറും ഇരുനൂറും കമന്റുകള്‍ കിട്ടുന്നത് എന്നെ അഹങ്കാരിയാക്കുന്നില്ല. എന്തുകൊണ്ട് കണ്ണൂരാന് ഇത്രയേറെ കമന്റുകള്‍ കിട്ടുന്നു എന്ന ചോദ്യത്തിനുത്തരം 'കല്ലിവല്ലി'യിലും അകമ്പാടത്തിന്റെ പഴയൊരു പോസ്റ്റിലും ജിഷാദുമായുള്ള അഭിമുഖത്തിലും ഉണ്ട്.
'കല്ലിവല്ലി'യിലെ പോസ്റ്റുകള്‍ എന്റെ സ്വന്തം അനുഭവമാണ്. അതിലെ ഓരോ വരികള്‍ക്കും മരുക്കാറ്റിന്റെ ചൂടും ചൂരുമുണ്ട്. ചോരയും നീരുമുണ്ട്. വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് പ്രവാസത്തിന്റെ അഗ്നിയാണ്. അതനുഭവിക്കുന്നവര്‍ പോസ്റ്റുകളെ നെഞ്ചോട് ചേര്‍ത്തുവെക്കുന്നതില്‍ അത്ഭുതമില്ല. എഴുതുമ്പോള്‍ സ്വയം ഉരുകാതിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത്. അല്ലാതെ കമന്റ് കിട്ടാന്‍ വേണ്ടിയുള്ള ഗിമ്മുക്കുകളൊന്നും 'കല്ലിവല്ലി'യില്‍ പ്രയോഗിച്ചിട്ടില്ല.
ഒരു പോസ്റ്റ് ഇട്ടാല്‍ 72 മണിക്കൂറിനകം 101 കമന്റുകള്‍ കിട്ടണമെന്നത് കേവലമൊരു ആഗ്രഹം മാത്രമായിരുന്നു. ദൈവാനുഗ്രഹത്താല്‍ ആദ്യപോസ്റ്റ് മുതല്‍ ലാസ്റ്റ് പോസ്റ്റ് വരെ അത് സംഭവിച്ചിട്ടുണ്ട്. ഈ ഗണത്തില്‍ മറ്റൊരു ബ്ലോഗും മലയാളത്തില്‍ ഇല്ലെന്നു പറഞ്ഞു മെയില്‍ വിട്ടത് നിങ്ങളില്‍ ചിലരാണ്. അതൊന്നും വലിയൊരംഗീകാരമായി ഞാന്‍ കരുതുന്നില്ല. കമന്റിനു വേണ്ടിയല്ലാതെ പുണ്യം കിട്ടാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ബ്ലോഗിലെഴുതുന്നത്! എഴുത്ത് നന്നാവുമ്പോള്‍ കമന്റുകള്‍ കിട്ടും. ഒന്നിനും കൊള്ളാത്ത എന്തേലും ടൈപ്പു ചെയ്തു വിട്ടിട്ട് കമന്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കമന്റല്ല ചിലപ്പോള്‍ തല്ലു കിട്ടിയേക്കാം.., പല്ല് പോയെന്നും വരാം.
എന്നെയും എന്റെ ബ്ലോഗിനേയും പകയോടെ, പ്രതികാരത്തോടെ, അസൂയയോടെ നോക്കിക്കാണുകയും അവസരം കിട്ടുമ്പോഴൊക്കെ നുള്ളി നോവിക്കുകയും ചെയ്ത ഒരുത്തനും ഇന്ന് ബ്ലോഗില്‍ സജീവമല്ല. വാണവരൊക്കെ വഴിയിലെ പടുകുഴിയില്‍ വീണുപോയെന്നര്‍ത്ഥം! ബൂലോകത്ത് ബുജി ചമഞ്ഞ അത്തരം ഫ്ലോഗര്‍മാരെ കാലം പടിയടച്ചു പിണ്ഡംവെച്ചു. അവരില്‍ ഒരാള്‍ക്കും നൂറു കമന്റു കിട്ടിയ ഒരു പോസ്റ്റ് പോലും പടച്ചുവിടാന്‍ സാധിച്ചിട്ടില്ല. അഗ്നി വിറകിനെ തിന്നുംപ്രകാരം അസൂയ നന്മയെ തിന്നും. അതു കാലം പഠിപ്പിച്ച സത്യമാണ്.
'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞകാലം നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം മറക്കുന്നില്ല. നന്ദി ഔപചാരികമാണ്. ഓരോരുത്തര്‍ക്കും നന്ദി പറയാനുള്ള പരിമിതി മനസിലാക്കുക. എന്റെ ഭാഗത്തുനിന്നും വാക്കുകള്‍ കൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. അപ്പപ്പോള്‍ തോന്നുന്നതാണ് ത്രെഡ് ആയും കമന്റായും പ്രകടിപ്പിച്ചിട്ടുള്ളത്. തെറ്റ് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ മാലാഖമാരല്ല. 'തെറ്റ് മാത്രം' വരുത്തുന്ന മനുഷ്യരാണ്. എന്നാലും അസത്യങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കേണ്ടി വരും. അപ്പോള്‍ കയ്പേറിയ പലതും വിളിച്ചു പറയേണ്ടി വരും.
ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മനിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം.
ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മനിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം.
_____________________________________________________________
ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല.
എല്ലാവര്‍ക്കും റംസാന്‍-/-, ഈദ് - ഓണാശംസകള്‍ നേരുന്നു.







