Pages

Subscribe:

Ads 468x60px

Wednesday, June 16, 2010

സ്വര്‍ഗ്ഗത്തിലൊരു സുരയ്യ..!

കല്യാണം കഴിഞ്ഞു പുതിയ പെണ്ണിനെ എന്‍റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതിന്റെ നാലാം ദിവസം, ചെറിയൊരു യാത്ര കഴിഞ്ഞു രാത്രി വളരെ വൈകിയാണ് ഞാന്‍ തിരിച്ചെത്തിയത്. എങ്ങനെയെങ്കിലും കിടന്നാല്‍ മതിയെന്ന ചിന്തയില്‍ ബെഡ് റൂമിലെത്തിയപ്പോള്‍ നിയുക്ത ഭാര്യയിലൊരു അസാധാരണ മാറ്റം എനിക്കനുഭവപ്പെട്ടു. ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും കണ്ണും മൂക്കും ചുവക്കാന്‍ തുടങ്ങുന്നുണ്ടായിരുന്നു. ഇന്നു രാവിലെ എന്നെ യാത്രയാക്കുംവരെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീടെന്താണ് ഇവിടെ സംഭവിച്ചത്?

ഹോ.. മനസ്സിലായി. നീണ്ട പതിനാറു മണിക്കൂര്‍ എന്നെ കാണാത്തതിലുള്ള പ്രയാസമായിരിക്കും. എനിക്ക് സമാധാനമായി. ഇവള്‍ സ്നേഹമുള്ളവളാണ്. പെണ്ണായാല്‍ ഇങ്ങനെ വേണം. വഴിക്കണ്ണുമായി കണവനെ കാത്തിരിക്കണം. ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ഒരു പത്തുവര്‍ഷം മുന്‍പേ കല്യാണം കഴിച്ചേനേ! 'ഹമ്പട കാന്താരീ..' ന്നും വിളിച്ച് കെട്ടിപ്പിടിക്കാന്‍ ഒരുങ്ങിയ എന്നെയവള്‍ ശക്തമായി തള്ളിമാറ്റിയിട്ട് ഏങ്ങലടിക്കാന്‍ തുടങ്ങി. എത്ര ചോദിച്ചിട്ടും ഒന്നും പറയാതെയാണ് കരയുന്നത്.

ഇവള്‍ക്കിതെന്തു പറ്റി..! കല്യാണപ്പിറ്റീന്നു 'ചിലതൊക്കെ' കണ്ടു പേടിച്ചു ഭ്രാന്തായ എത്രയോ പെണ്കുട്ടികളെക്കുറിച്ച് എവിടെയെല്ലാമോ വായിച്ചിട്ടുണ്ട്. ഇനിയിവള്‍ക്ക് ജന്മനാ മാനസിക വൈകല്യങ്ങളെന്തെങ്കിലും..! അങ്ങനെയെങ്കില്‍ എന്നെപ്പറ്റിച്ച കാദര്‍കുട്ടി സാഹിബിന്‍റെ 'കുറ്റി' ഞാന്‍ ഊരിയെറിയും. നാളെയാവട്ടെ! കാഴ്ചയില്‍ ഭ്രാന്തിയുടെ ലുക്കൊന്നും ഇവള്‍ക്കില്ല. ഹേയ്.. അങ്ങനെ പറഞ്ഞൂടാ. കിലുക്കത്തിലെ ഭ്രാന്തി ഒരു സുന്ദരിയല്ലേ...! ഓര്‍ത്തപ്പോള്‍ ഉള്ളം വിറച്ചു...

'എടീ, ഭ്രാന്ത്‌ മൂത്ത് എന്നെയൊന്നും ചെയ്യല്ലേ' എന്ന് മനസ്സിലഭ്യര്‍ഥിച്ച് കളരി ഗുരുക്കളുടെ മുന്‍പില്‍ നില്‍ക്കുന്ന പോസില്‍ നിലയുറപ്പിച്ചു ഞാനവളെ ആശ്വസിപ്പിക്കാന്‍ തുടങ്ങി.

"നാളെത്തന്നെ നമുക്കൊരു ഡോക്ടറെ കാണാം. ടൌണില്‍ ഏതെന്കിലും നല്ലൊരു മെന്‍റെല്‍ ‍ഡോക്ടറണ്ടാകും. തല്‍ക്കാലം ആരുമിത് അറിയണ്ട. കുറച്ചു തണുത്ത വെള്ളം കുടിക്ക്. എല്ലാം തണുക്കട്ടെ."

ഇത് കേട്ടതും അവള്‍ ശരിക്കും വയലന്റായി. കയ്യിലിരുന്ന ഗ്ലാസ്സും വെള്ളവും തട്ടിത്തെറിപ്പിച്ചു. ഷെല്‍ഫിന് മേലെയുണ്ടായിരുന്ന പുസ്തകങ്ങളും മാഗസിനുകളും വലിച്ചെറിഞ്ഞു. എന്നിട്ട് അലമാരയില്‍ നിന്നും ഒരു കടലാസെടുത്തു എന്‍റെ നേര്‍ക്ക്‌ നീട്ടി പൊട്ടിത്തെറിച്ചു.

"പിരാന്ത് എന്ക്കല്ല. ഇങ്ങക്കാ. എന്നിട്ടിപ്പോ എന്നെ വെള്ളം കുടിപ്പിക്കാ നോക്ക്വാ.. മതി കുട്പ്പിച്ചത്. ഇങ്ങള് ബല്യ ശുജായി. ഇങ്ങളെ മറ്റോക്ക് എഴ്തിയ കത്താ ഇത്. വായിച്ച് നോക്ക്. ഇത്രേം വൃത്തികെട്ടോനാ ഇങ്ങളെന്നു ഇപ്പളെങ്കിലും അറിഞ്ഞല്ലോ. പടച്ചോന്‍ കാത്തു..."

ഞാനാ കടലാസിലെക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കി. അമേരിക്കന്‍ പ്രസിടന്റിനു മുന്‍പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നില്‍ക്കും പോലുള്ള എന്‍റെ നില്‍പ്പു കണ്ട് അവള്‍ കലിതുള്ളി.

"അന്ന് പെണ്ണ് കാണാന്‍ ബന്നപ്പം ഇങ്ങള് മോശായിട്ടാ പെരുമാറിയെ. അന്നേരേ ഇങ്ങളെ ബേണ്ടാന്നു ഞാമ്പറഞ്ഞതാ. വാപ്പാക്ക് ഇങ്ങളെ തന്നെ വേണോന്ന് വാശി. ഇങ്ങളെന്തു കൈവിഷാ ഓര്ക്കു കൊടുത്തെ? എന്‍റെ ജീവിതം നശിച്ചല്ലോ ബദരീങ്ങളെ.."

അത് സത്യമാണ്. പെണ്ണുകാണല്‍ ചടങ്ങിനു എന്‍റെ പെരുമാറ്റം മോശമായിപ്പോയി. അടച്ചിട്ട മുറിയില്‍ വെച്ച് ഞാനവളോട് ചോദിച്ചത് രണ്ടേ രണ്ടു ചോദ്യങ്ങള്‍. അതും, അതീവ-ഗുരുതര-ഗൌരവത്തില്‍! നെറ്റി ചുളിച്ച്, മുഖം ചെരിച്ച്, ഒരു വില്ലന്‍ സ്റ്റൈലില്‍ ചോദിച്ചു.

"എവിടാ പഠിക്കുന്നെ..?"
..................................
"ചോദിച്ചത് കേട്ടില്ലേ.. എവിടാ പഠിക്കുന്നെന്ന്..?"

എന്‍റെ അലര്‍ച്ച കേട്ട് അവള്‍ കരഞ്ഞു കൊണ്ട് മുറിവിട്ടോടി. ആ ഓട്ടം മാത്രം മതി എന്നെ അവള്‍ക്കു ഇഷ്ട്ടായില്ലെന്നു തിരിച്ചറിയാന്‍. പിറ്റേന്ന് അവളുടെ അമ്മാവന്മാര്‍ എന്‍റെ വീട്ടിലെത്തിയപ്പോള്‍ അവരെയും ഞാന്‍ വെറുതെ വിട്ടില്ല. രണ്ടു ചോദ്യത്തിലവരെ മുക്കിക്കൊന്നു.!

"പെണ്ണിന്‍റെ വാപ്പ എവിടെ?"

"അവര്‍ ബാംഗ്ലൂരിലാണ്. അടുത്താഴ്ച വരും. കാര്യങ്ങള്‍ നമ്മുക്ക് സംസാരിക്കാം.."

"പെണ്ണിന്‍റെ വാപ്പയെ കാണട്ടെ. എന്നിട്ട് മതി കാര്യങ്ങളൊക്കെ.."

അതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു. സാധാരണ കണ്ണൂരിലെ കല്യാണങ്ങള്‍ക്ക് അതാത് വീട്ടിലെ കാരണവന്‍മാരാണ് കാര്യങ്ങളൊരുക്കുക. പെണ്ണി‍ന്‍റെയും ചെറുക്കന്‍റെയും തന്തമാര്‍ നിശബ്ദ്ധ സാന്നിദ്ധ്യം മാത്രമായിരിക്കും. അവര്‍ പോയപ്പോള്‍ എന്‍റെ കാരണവന്മാര്‍ എനിക്ക് നേരെ തട്ടിക്കയറി.

"നീയെന്തിനാ ചര്‍ച്ചയില്‍ ഇടപെട്ടത്..? ഞങ്ങളെ വെല കളഞ്ഞില്ലേ നീ..? ഇനി ഈ കല്യാണത്തിന് ഞങ്ങളെ കിട്ടില്ല. നിങ്ങള്‍ ഉപ്പയും മക്കളും എന്താന്ന്വെച്ചാ ആയ്ക്കോ.."

അവര്‍ ചവിട്ടിത്തുള്ളി പോകുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. "പോയിനെടാ മൂരാച്ചികളെ.. കല്ലിവല്ലി.."

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കാതര്‍കുട്ടി സാഹിബ്‌ ഹാജരായി. ചായ സല്‍ക്കാരങ്ങള്‍ക്ക് ശേഷം മറ്റുള്ളവരെ മാറ്റിനിര്‍ത്തി അദ്ധേഹത്തെയും കൂട്ടി ഞാന്‍ റൂമിലേക്ക്‌ പോയി. എന്നിട്ട് വിനയത്തോടെ, അങ്ങേയറ്റത്തെ ബഹുമാനത്തോടെ ആണിയടിക്കാന്‍ തുടങ്ങി.

"ആദ്യമായാണ്‌ കാണുന്നതെങ്കിലും ഒരുപാട് കേട്ടിട്ടുണ്ട്. കേട്ടതിനേക്കാള്‍ മഹത്വമുണ്ട് നിങ്ങള്‍ക്കെന്നു ഞാന്‍ മനസ്സിലാക്കുന്നു. ചില കാര്യങ്ങള്‍ പറയാനാണ് നിങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ടത്. അതായത്, ഒരു ഗള്‍ഫ്‌ കാരനായി നിങ്ങളെന്നെ പുതിയാപ്പിളയാക്കരുത്.. ഗള്‍ഫ്‌ ശാശ്വതമല്ല. എപ്പോള്‍ വേണെങ്കിലും ഒരു ഗള്‍ഫുകാരന്‍റെ ജോലി പോകാം.., നാട്ടില്‍ തിരിച്ചെത്താം.. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെന്നെ കുറ്റപ്പെടുത്തരുത്. വിദ്യാസമ്പന്നനും പൊതുകാര്യ പ്രസക്തനുമായ നിങ്ങളുടെ മകള്‍ക്ക് എന്നെക്കാള്‍ യോഗ്യനായ ഒരാളെ കിട്ടാതിരിക്കില്ല. ഇതൊക്കെ പറയാനാണ് നിങ്ങളുടെ ആള്‍ക്കാരോട് പെണ്ണിന്‍റെ ഉപ്പാനെ കാണണോന്ന് വാശി പിടിച്ചത്. എനിക്ക് പറയാനുള്ളത് നിങ്ങളോടാണല്ലോ. എന്നോട് ദേഷ്യന്നും തോന്നരുത്."

"അയ്യോ.. എന്തിന്. നിങ്ങളുടെ തുറന്നുപറച്ചില്‍ എനിക്കിഷ്ട്ടപ്പെട്ടു. അവിടുള്ളവരൊക്കെ നിങ്ങളെ വേണ്ടാന്നും പറഞ്ഞു നില്‍ക്ക്വാണ്. ഞാന്‍ പറഞ്ഞു ആളെ നേരിട്ട് കാണട്ടെന്ന്. ഇപ്പോള്‍ എനിക്ക് നിങ്ങളെ വല്ലാതെ ഇഷ്ട്ടായി. പടച്ചോന്‍ എനിക്ക് നല്ലോണം തന്നിട്ടുണ്ട്. അതൊക്കെ അവന്‍റെ ഔദാര്യമാണ്. ഗള്‍ഫിലേക്ക് തിരിച്ചു പോകേണ്ടെങ്കില്‍ അങ്ങനെ. നിങ്ങള്‍ക്ക് ബാംഗ്ലൂരില്‍ നില്‍ക്കാം.."

മറ്റെല്ലാ സമ്പന്നരേയും പോലെ, നാലാം ക്ലാസിന്ന് നാടുവിട്ട് പണക്കാരനായ സാഹിബ് എന്‍റെ പുകഴ്ത്തലില്‍ വീണു. ആകാശത്തിനു കീഴെ ഏതു വിഷയവും എനിക്ക് വഴങ്ങുമെന്ന ഭാവത്തിലാണ് പിന്നെ ഞാന്‍ സംസാരിച്ചത്. ചങ്ങമ്പുഴക്കവിതകളൊക്കെച്ചൊല്ലി അയാളെ ഞാന്‍ കുപ്പിയിലാക്കി. തിരിച്ചു ചെന്ന് അയാള്‍ എല്ലാവരോടുമായി പറഞ്ഞു. "അവനെ മതി. അവനെ മാത്രം., അവന്‍ താന്‍ പുതിയാപ്പിലൈ.."

"ഇങ്ങളെ അണ്ണാക്കിലെന്താ പുലി കയറിയോ..? ഇങ്ങക്കൊന്നും പറയാനില്ലേ..? കാതര്‍കുട്ടി സാഹിബിന്‍റെ മോളാ ഞാന്‍. കണ്ട പെണ്ണുങ്ങക്ക് കത്തെഴുതിയ കാര്യം ഓരറിഞ്ഞാ ഇങ്ങളെ തറച്ചിട്ടു വാഴക്കിടും. നോക്കിക്കോ.."
പ്രതിയെ കയ്യോടെ പിടിച്ച സന്തോഷത്തിലാണ് അവളിപ്പോള്‍. എന്നിട്ടവള്‍ ആ കത്ത് പരിഹാസത്തോടെ വായിക്കാന്‍ തുടങ്ങി.

"പ്രിയപ്പെട്ട സുരയ്യാ,
താങ്കളുടെ 'കഥ' ഇന്നലെയാണ് കിട്ടിയത്. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. ഒരു ജന്‍മം മുഴുക്കെ സ്നേഹത്തിന് വേണ്ടി താങ്കള്‍ ദാഹിക്കുകയാണെന്നു അറിഞ്ഞപ്പോള്‍ എന്‍റെയുള്ളം സങ്കടപ്പെട്ടു. ഞാനും അങ്ങനെയൊരു മാനസികാവസ്ഥയിലാണുള്ളത്. ഈ കപട ലോകത്തിലാരെയാണ് വിശ്വസിക്കേണ്ടത്? എത്ര അലഞ്ഞു തിരഞ്ഞാലാണ് ഒരല്പം സ്നേഹം കിട്ടുക? സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള താങ്കളുടെ മനസ്സിനെ ഞാന്‍ അഭിനന്ദിക്കുന്നു. താങ്കളുടെ വരികള്‍ എന്‍റെ നിംന്നോന്നതങ്ങളില്‍ അനുരണങ്ങളുണ്ടാക്കി. എന്നിലെ നീല ഞരമ്പുകളെ വികാര വിജ്ജ്രംബിതമാക്കി. ഇനിയും എഴുതാം. ഇപ്പോള്‍ ഇത്രമാത്രം. സ്വന്തം, ..........."

വായിച്ചു തീരുംമുന്‍പേ ഞാനാ കത്ത് പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. എന്നിട്ട് അവളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. അവളെ വലിച്ചുവാരി കിടക്കയിലിട്ടിട്ട് അലറി.

"കുറെ സമയായി നീ എന്നെ പൊരിക്കുന്നു. എന്നെപ്പറ്റി എന്താ കരുതിയെ.. നിന്‍റെ വാപ്പ തലശ്ശേരിയിലെ പ്രധാനമന്ത്രിയൊന്നുമല്ലല്ലോ. മര്യാദക്കല്ലെങ്കില്‍ കൊന്നു കിണറ്റിലെറിയും. ഞാന്‍ കുളിച്ചു വരുമ്പോഴേക്കും പൊട്ടിയ ഗ്ലാസ്സും മറ്റും വൃത്തിയാക്കണം. എന്നിട്ട് പറഞ്ഞുതരാം ഈ കത്തിന്‍റെ രഹസ്യം. മനസ്സിലായോടീ..?"

മനസ്സിലായി! ഞാന്‍ എത്ര നല്ലവനാണെന്നും ആണുങ്ങളെല്ലാം മോശക്കാരല്ലെന്നും അവളുടെ വാപ്പ വെറുമൊരു കാതര്‍കുട്ടിയാണെന്നും അവള്‍ക്കു മനസ്സിലായി. കുളിച്ചു വന്നിട്ട് ഞാനവളോട് ചോദിച്ചു.

"എടീ, നിനക്ക് മോപസാങ്ങിനെയും ടോള്‍സ്റ്റോയിയേയും ചെക്കൊവിനെയും വേര്‍ഡ്സ് വര്‍ത്തിനെയും കാഫ്ക്കയെയും കീറ്റ്സിനെയും ഷെല്ലിയേയും ബൈറനേയും സിഡ്നി ഷെല്‍ഡനേയും ഖലീല്‍ ജിബ്ബ്രാനെയും ദസ്തയോവസ്ക്കിയെയും പൌലോ കൊയ്-ലോയെയും അറിയാമോ?"

അറിയില്ലെന്നവള്‍ തലയാട്ടി. എന്നിട്ട് നിഷ്കളങ്കമായി ചോദിച്ചു.

"ഓരൊക്കെ ഇങ്ങളെ ദുബായിലെ ചങ്ങായിമാരാ?

"അല്ല. എന്‍റെ ബാല്യകാല സുഹൃത്തുക്കള്‍. നമുക്ക് എന്താവശ്യങ്ങളുണ്ടായാലും ഒരു മിസ്‌കോള്‍ ചെയ്‌താല്‍ മതി. അവര്‍ ഓടിയെത്തും."

"ഷെയ്ക്സ്പ്യറിനെ അറിയാമോ നിനക്ക്..?"

"ഓര് ദുബായിലെ ഇങ്ങളെ അറബി ശൈക്കായിരിക്കും.."

"തകഴിയേയും കുമാരനാശാനെയും കേശവദേവിനേയും ചുള്ളിക്കാടിനെയും പത്മനാഭനേയും അറിയാമോ..?"

ഇല്ലെന്നു തലയാട്ടി.


"M T സാറിനെ അറിയാമോ?"

"ഇല്ല P T സാറിനെ അറിയാം. ഒരു മൊയന്തനാ. അടിക്കും..."

"മുകുന്ദനെ..?:

"ഓര് വൈദ്യരാ. ഉമ്മാമാക്ക് കഷായം കൊടുക്കുന്ന ആളാ. വല്ലാത്ത കയ്പ്പാ മൂപ്പരെ കശായത്തിനു.."

"യു എ കാതറിനെ..?"

"ഇല്ല. മീന്‍കാരന്‍ കാതറിനെ അറിയാം. ചീഞ്ഞ മീനാ മൂപര്ടടുത്ത്‌. അതിനു ഉമ്മാമ നല്ലോണം പറയും."

"വല്‍സല...?"

"ഓലിപ്പം പണി നിര്‍ത്തി. കോമള എന്ന സ്ത്രീയാ വീട്ടുപണിക്ക് വരുന്നത്.."

"വിജയന്‍..?"

"വാപ്പാന്റെ ഡ്രൈവറായിരുന്നു. ഇപ്പം നാടുവിട്ടുപോയി"

"അവസാനമായി ഒരു ചോദ്യംകൂടി. കമലാ സുരയ്യാനെ അറിയാമോ..?"

"അറിയാം.."

എനിക്ക് സന്തോഷമായി. മേല്‍പറഞ്ഞ ആരെയും ഇവള്‍ക്കറിയില്ല. സാരമില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതു കൊണ്ടായിരിക്കും. പക്ഷെ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകാരിയെ, മലയാള സാഹിത്യത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച, ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ, എന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെ... കമലാദാസിനെ അഥവാ കമലാസുരയ്യയെ ഇവള്‍ക്കറിയാം. സന്തോഷാധിക്യത്താല്‍ ഞാനവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. നേരത്തെ അടിച്ചു പോയതില്‍ ക്ഷമ ചോദിച്ചു. എന്നിട്ടവളെ പ്രോല്‍സാഹിപ്പിച്ചു...

"പറയൂ, ആരാണ് കമലാസുരയ്യ..?"

ചോദ്യവേഗത്തില്‍ തന്നെ അവളുടെ ഉത്തരവും വന്നു.

"ഇങ്ങളെ മറ്റോള്.. ആ കത്തെഴുതി വെച്ചില്ലേ.. ഓള് തന്നെ. ഇനി അങ്ങന്‍ത്തെ കത്തൊന്നും എഴുതണ്ട കേട്ടോ. ഇങ്ങക്ക് ഞാനില്ലേ..."

ഡിം..!!!!!

(വലിയ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയില്ല, എന്‍റെ നെഞ്ചിനകത്തൊരു വെടി പൊട്ടിയതായിരുന്നുവല്ലോ അത്)

157 comments:

  1. പ്രിയപ്പെട്ടവരേ,
    ശ്രദ്ധിക്കണം. ശ്രീമതിയുടെ കണ്ണും മൂക്കും ചുവക്കുമ്പോള്‍ മാന്യന്മാരായ ഹസ്സുകള്‍ അവരില്‍ നിന്നും അകലം പാലിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഇല്ലെങ്കില്‍ ഉളുക്കുന്നത് നമ്മുടെ പിരടി ആയിരിക്കും.

    ReplyDelete
  2. Hehehe, nothing to tell, enjoyed . But I know if it is your own it won't be a joke. The way of telling is simple and distinct, congrates.

    ReplyDelete
  3. കണ്ണൂര്ക്കാരനായതുകൊണ്ട് വടിവാളും ബോംബുമാ പ്രതീക്ഷിച്ചത്. എന്തായാലും മാറ്റമില്ലാത്തത് മാറ്റത്തിനാണല്ലോ, ആശ്വാസമായി.

    രസിച്ചു

    ReplyDelete
  4. ഞാന്‍ ഞെട്ടി, എന്‍റെ നെഞ്ചിനകത്തൊരു വെടി പൊട്ടിയതായിരുന്നുവല്ലോ അത്

    ReplyDelete
  5. ....."മനസ്സിലായി! ഞാന്‍ എത്ര നല്ലവനാണെന്നും
    ആണുങ്ങളെല്ലാം മോശക്കാരല്ലെന്നും
    അവളുടെ വാപ്പ വെറുമൊരു കാതര്‍കുട്ടിയാണെന്നും അവള്‍ക്കു മനസ്സിലായി."
    ന്റെ റബ്ബേ !! ഇത്ര് പെട്ടന്നു എല്ലാം മനസ്സിലായോ?

    ReplyDelete
  6. "എടീ, നിനക്ക് മോപസാങ്ങിനെയും ടോള്‍സ്റ്റോയിയേയും ചെക്കൊവിനെയും വേര്‍ഡ്സ് വര്‍ത്തിനെയും കാഫ്ക്കയെയും കീറ്റ്സിനെയും ഷെല്ലിയേയും ബൈറനേയും സിഡ്നി ഷെല്‍ഡനേയും ഖലീല്‍ ജിബ്ബ്രാനെയും ദസ്തയോവസ്ക്കിയെയും പൌലോ കൊയ്-ലോയെയും അറിയാമോ?"

    അല്ല കണ്ണൂരാനേ...പറഞ്ഞപോലെ ആരാ ഇവരൊക്കെ?

    ReplyDelete
  7. കുഞ്ഞാടേ....
    ഈശോ മശിഹയ്ക്കു സ്തുതിയായിരിക്കട്ടെ..


    കണ്ണൂരാന്റെ പൊയ്യാപ്ല പുലിയാണെല്ലോ..... ഇങ്ങക്ക്... ഇത് തന്നെ വേണം... ഹല്ലേലുയ്യാ.... ഹല്ലേലുയ്യാ...

    കാതറുകുട്ടി സാഹിബ്...ഒന്നുമറിയാതെ... എന്തെങ്കിലും...കാര്യം ചെയ്യുമോ...... സാഹിബിനു... വികാരിയച്ചന്റെ... സ്തോത്രങ്ങൾ...

    P.T സാറിനെ അറിയാല്ലോ... ഇങ്ങടെ.... ഭാഗ്യം...

    അച്ചന്റെ പള്ളിമേടയിൽ പുത്തൻ കുർബ്ബാനയ്ക്ക്.... പങ്കെടുകണെ....

    ReplyDelete
  8. വളരെ നന്നായി അവതരിപ്പിച്ചു. തുടരുക...വാക്കുകള്‍ അനാവശ്യമായി ആവര്‍ത്തിക്കുന്നു. അതൊക്കെ ചവിട്ടിത്തെറിപ്പിച്ചാല്‍ ഇനി വരുന്നവര്‍ക്ക് വായിക്കാന്‍ സുഖമുണ്ടാകും..

    ReplyDelete
  9. അടി കൊടുത്തു എന്ന് പറഞ്ഞത് സത്യമാണോ? അതോ......

    ReplyDelete
  10. ഹഹഹ...പക്ഷെ ഈ കല്ലിവല്ലി എന്ന വാക്ക്‌ എനിക്ക് കേട്ട് മടുത്തു തുടങ്ങി... :)

    ReplyDelete
  11. കണ്ണൂരാനെ എന്നെ പോലെ തന്നെ കത്തില്‍ പിടിച്ചാ ഈ പ്രാവശ്യം തുടക്കം അല്ലെ. (മുത്തുമാല)
    നന്നായി ആദ്യ പോസ്റ്റിന്റെ തുടര്‍ച്ച പോലെ നിരാശരാക്കിയില്ല ഞങ്ങളെ.
    പിന്നെ കാതര്‍ കുട്ടി സാഹിബിനെ ചീത്ത പറയുന്നത് ഇത് രണ്ടാം പ്രാവശ്യമാ.
    ശ്രദ്ധിച്ചോ ഓള്‍ പെട്ടിയും തൂക്കിയങ്ങു പോകും നല്ല യോഗ്യരെയും നോക്കി.
    അവസാനത്തെ പഞ്ചിംഗ് നന്നായി.
    "ഇങ്ങളെ മറ്റോള്.. ആ കത്തെഴുതി വെച്ചില്ലേ.. ഓള് തന്നെ. ഇനി അങ്ങന്‍ത്തെ കത്തൊന്നും എഴുതണ്ട കേട്ടോ. ഇങ്ങക്ക് ഞാനില്ലേ..."
    പറഞ്ഞ പോലെ നിനക്ക് ഒളില്ലേ. പിന്നെന്തിനാ?
    പ്രതീക്ഷ തെറ്റിക്കാതെ ഇനിയും കാണാം. ഭാവുകങ്ങള്‍.

    ReplyDelete
  12. ഓക്ക് ഞമ്മളെ അറിയോന്ന് ശോദിക്ക് കണ്ണൂരാനെ...

    ReplyDelete
  13. അല്ല മാഷെ എന്തിനാ വെറുതെ ഈ കമല സുരയ്യക്കൊക്കെ കത്തെഴുതാൻ പോണേ.. ഇതാ പറഞ്ഞേ കല്യാണപ്രായമായാൽ വീട്ടുകാർ പിടിച്ച് കെട്ടിക്കണമെന്ന്.. അല്ലാതെ എന്നിട്ടിപ്പോൾ എന്തായി.. അല്ല. മാഷേ വേറെ കുറെയാളുകളെ പറ്റി പറഞ്ഞല്ലോ. എന്തൂട്ടാ.. മോപസാങ്, ടോള്‍സ്റ്റോയി, ചെക്കൊവ്, വേര്‍ഡ്സ് വര്‍ത്ത് കാഫ്ക്ക, കൊയ്ലൊ.. നിങ്ങളെന്താ കൂട്ടുകാരുടെ പേര് പറഞ്ഞ് കളിക്കുകയാണോ? എന്നാൽ പിടിച്ചോ നിങ്ങൾക്ക് പരമേട്ടനെ അറിയോ? കേശവനെയോ? അജയിനെയും ഉമേശിനേയും അറിയോ.. വെറുതെ എന്തിനാ മാഷെ നമ്മുടെ കൂട്ടുകാരെ പറ്റിയൊക്കെ മറ്റുള്ളവരോട് പറയുന്നേ :)

    പോസ്റ്റ് ചിരിപ്പിച്ചു. ഇന്നലെ ഇതിന്റെ ലിങ്കിൽ ഒന്ന് ക്ലിക്കിയിരുന്നു. ഒന്നും കണ്ടില്ല..

    ReplyDelete
  14. രണ്ട് ഭാഷ കൈകാര്യം ചെയ്ത രീതി നന്നായി
    good work

    ReplyDelete
  15. വളരെ നന്നായി അവതരിപ്പിച്ചു.
    :)

    ReplyDelete
  16. ഹഹഹ !
    നന്നായിരിക്കുന്നു.

    ReplyDelete
  17. അമേരിക്കന്‍ പ്രസിടന്റിനു മുന്‍പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നില്‍ക്കും പോലുള്ള എന്‍റെ നില്‍പ്പു കണ്ട് അവള്‍ കലിതുള്ളി.

    കണ്ണൂരാനെ…പെമ്പറന്നേളു ഏതാണ്ടോക്കെ കണ്ട് ഞ്ഞെട്ടിയെന്ന് കേട്ടു , “അത് കാലിൽ എന്താ”

    കൊള്ളായിരിക്കുന്നു!!!!

    ReplyDelete
  18. ഖാദര്‍കുട്ടി സാഹിബിന്‍റെ അരുമ മോളെ നിന്‍റെ കയ്യില്‍ ഏൽപ്പിച്ചു തരുമ്പോള്‍ അദ്ദേഹത്തിനറിയാം ഇവന്‍റെ കൊമ്പെടുപ്പ് വെറും “കല്ലിവല്ലി“ ആണെന്ന്..
    ആറ്റ്നോറ്റ് വളര്‍ത്തിയ അരുമ മോളെ ഒരു വെട്ടുപോത്തിന്‍റെ കയ്യില്‍ ആണല്ലോ പടച്ചോനെ ഉപ്പ കൊടുത്തത് എന്നാവും അവള്‍ ആ അടികൊണ്ടപ്പോള്‍ ചിന്തിച്ചിട്ടുണ്ടാവുക..!! ഹ ഹ് ഹ
    അടിപൊളിയായി എഴുതി കണ്ണൂരാനെ... രസകരമായി വായിച്ചു.

    ReplyDelete
  19. അങ്ങനെയാ കണ്ണൂരാന്‍ പുതിയാപ്പിള ആയതല്ലേ? ന്നാലും ഓളെ തല്ലിയതെന്തിനാ? മര്യാദക്കല്ലെന്കില്‍ ഇങ്ങളെ സാഹിബ് പീസ്‌ പീസാക്കും. പറഞ്ഞില്ലാന്നു വേണ്ട.മുകുന്ദന്റെ സാഹിത്യം കഷായം, കാതരിന്റെത് ചീഞ്ഞ മീന്‍, വിജയന്‍ വെറും ഡ്രൈവര്‍.. കലക്കി മാഷേ, സൂപ്പര്‍.. എന്നിട്ട് ഓള്‍ക്ക് ഇപ്പം ഇവരെയൊക്കെ പഠിപ്പിച്ചു കൊടുത്തോ?
    ചിരിപ്പിക്കാനുള്ള കഴിവ് തുടരുക കണ്ണൂരാനെ.

    ReplyDelete
  20. കണ്ണൂരാന്‍..അപ്പൊ മുങ്ങിയില്ലായിരുന്നല്ലേ.. കലക്കി...അളിയാ കലക്കി...
    ഒറ്റയിരുപ്പിന്..ആകാംക്ഷയോടെ ആരും വായിച്ചു തീര്‍ക്കുന്ന ഒരു സാധനം ...കൊള്ളാം..ഒരു സസ്പെന്‍സും ഉണ്ടാര്‍ന്നു..
    പിന്നെ കൂതറ ഹാഷിം ഈ വഴി വന്നാല്‍ നിങ്ങളുടെ ഓളുടെ അനിയത്തി എവിടാ എന്നോ മറ്റോ ചോദിച്ചെന്നിരിക്കും..അപ്പൊ രണ്ടെണ്ണം പറഞ്ഞേക്ക്..
    (ചുമ്മാ പറഞ്ഞതാ കേട്ടോ)
    ഇടയ്ക്കിടയ്ക്കുള്ള കല്ലിവല്ലി പ്രയോഗം കുറച്ചാല്‍ നന്നായിരുന്നു..
    പിന്നെ കണ്ണൂരാന്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍
    ഒളോടു എവിടാ പഠിക്കുന്നെ എന്നല്ലേ ചോദിച്ചുള്ളൂ..
    ഭാഗ്യം..
    എവിടാ വീട് എന്ന് ചോദിക്കാഞ്ഞത് നന്നായി..
    പിന്നെ ഓളുടെ ഉപ്പ പോലും കൂടെ നില്‍ക്കത്തില്ലാര്‍ന്നു..
    ആരുടെയൊക്കെയോ പേര് പറയുന്ന കേട്ടായിരുന്നല്ലോ..അപ്പൊ വലിയ പുലിയാ അല്ലെ..?
    പ്രൊഫൈല്‍ കാണുന്ന ഫോട്ടോ ഒന്ന് മാറ്റിക്കൂടെ..?എന്തിനാ ആള്‍ക്കാരെ കൊണ്ട് അതും ഇതും പറയിപ്പിക്കുന്നെ..?

    ReplyDelete
  21. kannuraaan aranennu enikku manasilayilla

    ReplyDelete
  22. കൊണ്ടും കൊടുത്തും ശീലിച്ച കണ്ണൂ‍രാൻ ആദ്യ കൊടുപ്പ് മണിയറയിൽ വെച്ചേ തുടങ്ങി അല്ലേ!

    ReplyDelete
  23. pennungalude mukhathadikkunnthum ippol aanathamaanallo alle.. shame

    ReplyDelete
  24. thankalkku nalkuvan ente kayyil ippol itramatram


    'nallath'

    ReplyDelete
  25. സംഭവമേ ഇങ്ങള് മോതലാണ്ട്ടോ

    ReplyDelete
  26. ഹാസ്യം അതിന്റെ ഉച്ചകോടിയില്‍ നിലനിര്‍ത്തി, എന്നാല്‍ സരളമായ അവതരണത്തിലൂടെ കണ്ണൂരാന്‍ എല്ലാവരുടെയും മനം കവര്‍ന്നുവല്ലോ. ആശംസകള്‍!
    (എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ചു കൂടെ സുഹൃത്തേ... ആ ഫോട്ടോ മാറ്റികൂടെ?)

    ReplyDelete
  27. പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ ആ പെണ്ണിനോട്‌ ഇത്ര ഗൌരവം കാണിക്കാമോ,വെറുതെയെങ്കിലും. ആരായാലും പെടിച്ചുപോകില്ലേ...
    വളരെ രസമായി എഴുതി.
    വായിക്കാന്‍ നല്ല ഒഴുക്ക്.

    ReplyDelete
  28. >>>എന്താവശ്യങ്ങളുണ്ടായാലും ഒരു മിസ്‌കോള്‍ ചെയ്‌താല്‍ മതി. അവര്‍ ഓടിയെത്തും.<<<
    ഹ ഹ ഹാ.. കൊള്ളാം ട്ടോ വിവരണം,
    കല്യാണം ഇപ്പോ കഴിഞ്ഞതേ ഒള്ളൂല്ലേ അളിയാ (നിന്റെ പെണ്ണിന്റെ അനിയത്തിയെ എനിക്ക് കെട്ടിച്ച് തരാനുള്ള വിളിയാണ് ഈ ‘അളിയാ’ എന്നത് നിനക്ക് മനസ്സിലാവുമോ എന്തോ )
    (നിരാശകാമുകന്റെ അടുത്ത ലൈനും പൊട്ടിപ്പോണേ........... :)

    ReplyDelete
  29. കൊണ്ടും കൊടുത്തും ശീലിച്ചവനല്ലെ, ആദ്യം ആ ബീഡി(ഇനി സിഗരറ്റാണെങ്കില്‍ അത്) വലിച്ചെറിയൂ.പിന്നെ കല്ലി വല്ലി. ഇതു രണ്ടും ഒഴിവാക്കിയാല്‍ മൊത്തത്തില്‍ കണ്ണൂരാന്‍ കൊള്ളാം.ഇതു ആ ഹാഷിമിന്റെ കൂതറ പോലെ ഒരസുഖമാണെന്നാ തോന്നുന്നെ,എന്നാലും ചികിത്സിച്ചു ഭേദമാക്കാവുന്നതേയിള്ളൂ.കാദര്‍ കുട്ടി സാഹിബിനു ഒരു പക്ഷെ ഇക്കാര്യം അറിയില്ലായിരിക്കും!

    ReplyDelete
  30. അതിരിക്കട്ടെ, ഭാര്യയ്ക്ക് മലയാളം വായിക്കാൻ അറിയാമോ? കണ്ണൂരാൻ എഴുതുന്ന പോസ്റ്റ് ഒക്കെ വായിക്കുമോ.? അല്ല പാവത്തിനെ ഒന്നുമറിയാത്ത ഒരു ഫൂൾ ആയി ചിത്രീകരിച്ചതുകൊണ്ട് ചോദിച്ചുപൊയതാ. അല്ലേലും ഈ പുരുഷന്മാർക്കൊക്കെ ഒരു തോന്നലുണ്ട്. തങ്ങൾ വലിയ ബുജികൾ ആണെന്ന്. വായിൽ കൊള്ളാത്ത ചില പേരുകൾ പറഞ്ഞ് പെണ്ണുങ്ങളെ വിരട്ടി ആളാവുക. നമ്മുടെ ശ്രീനിവാസം ഇക്കണോമിക്സ് തിയറി പറഞ്ഞ് പാവം ശ്യാമളയെ കുപ്പീലക്കുന്നപോലെ.ബി.മുരളിയുടെ ഉമ്പർട്ടോ എക്കോ എന്ന കഥയിലെ സുജാതയെപ്പോലെ പുസ്തകങ്ങൾ ഒന്നു കൊടുത്തു നോക്ക്. പിന്നെ പിടിച്ചാൽ കിട്ടില്ല. കല്യാണത്തിനു മുൻപ് കത്ത്, ഡയറി, തുടങ്ങിയ മാരകായുധങ്ങൾ ഒളിപ്പിച്ചുവയ്ക്കണമെന്ന് കൂട്ടുകാരാരും പറഞ്ഞുതന്നില്ല അല്ലേ. പെണ്ണുങ്ങൾ വന്ന് ആദ്യം നമ്മുടെ ഹൃദയത്തിലല്ല നുഴഞ്ഞുകയറുക. നമ്മുടെ ഒളിത്താവളങ്ങ്ഗളിലേക്കാ. പിന്നെ അവസാനം കണ്ട ചോദ്യോത്തരങ്ങളിൽ അതിശയോക്തി ഉണ്ട്. പാവം ഭാര്യയെ ചെണ്ടകൊട്ടിക്കാനുള്ള ഒരു മെയിൽ ഷോവനിസ്റ്റ് തന്ത്രം. സത്യം പറ തിരിച്ചല്ലേ ഇതൊക്കെ സംഭവിച്ചത്?

    ReplyDelete
  31. ..
    ഓക്ക് ബായിക്കാനറിഞ്ഞിട്ടിപ്പൊ കാര്യെന്താ?
    കണ്ണൂരാന്‍ അഞ്ഞൂറാന്റെ മൂത്താപ്പ ആണോന്നൊ മറ്റോ കരുതിക്കോളും..:D

    തുടരുക, കല്ലിവല്ലി.. ;)
    ..

    ReplyDelete
  32. ..
    ഓള് ഈട കണ്ടെല്ലാം ബായിച്ചിറ്റ് ഇക്കണ്ണൂരാനാരപ്പാന്ന് ബിജാരിച്ച് വണ്ടറടിക്കും, ;)
    ..

    ReplyDelete
  33. കണ്ണൂരാന്‍ said: "ഞാന്‍ മനസ്സില്‍ പറഞ്ഞു. "പോയിനെടാ മൂരാച്ചികളെ.. കല്ലിവല്ലി.."

    എന്ത്? മൂരാച്ചിയെക്കുറിച്ച് ഇതാണല്ലേ കണ്ണൂരാന്റെ മനസ്സിലിരിപ്പ്. ചട്ടി പൊട്ടിയാലും പട്ടിക്കുട്ടീടെ സ്വഭാവം പിടി കിട്ടി.

    ഇനി ഞാന്‍ ഇങ്ങോട്ടില്ല.. കണ്ണൂരാന്‍ കല്ലിവല്ലി....

    ReplyDelete
  34. "പറയൂ, ആരാണ് കമലാസുരയ്യ..?"

    ചോദ്യവേഗത്തില്‍ തന്നെ അവളുടെ ഉത്തരവും വന്നു.

    "ഇങ്ങളെ മറ്റോള്.. ആ കത്തെഴുതി വെച്ചില്ലേ.. ഓള് തന്നെ. ഇനി അങ്ങന്‍ത്തെ കത്തൊന്നും എഴുതണ്ട കേട്ടോ. ഇങ്ങക്ക് ഞാനില്ലേ..."

    അതാ പറയുന്നേ, ഇങ്ങള്‍ക്ക് ഒളില്ലേ?
    നന്നായി കേട്ടോ. ചിരിച്ചു മറിഞ്ഞു. സൂപ്പര്‍.

    ReplyDelete
  35. നന്നായിട്ടുണ്ട്. ചിരിപ്പിച്ചു.

    ReplyDelete
  36. കഴിഞ്ഞ പോസ്റ്റില്‍ കമന്ടിയവര്‍ക്ക് നന്ദി പറഞ്ഞില്ലെന്ന പരാതി കേട്ട് മടുത്തു. "ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയണം,എന്നാലേ കമന്ടിയവര്‍ക്ക് തൃപ്തിയാവൂ" എന്നാണു നിര്‍ദ്ദേശം. അനുസരിക്കുന്നു. അല്ലേലും അനുസരിക്കാന്‍ മിടുക്കനാണ് ഈ കണ്ണൂരാന്‍. 5 പേര്‍ക്ക് വീതം (പോരെങ്കില്‍ പറയണേ) വച്ച് ഞാനിതാ നന്ദി പറയുന്നു.

    @Anjitha, would like to say thanks for your visit and comment. please be noted that this story was true and i'ts my own. ofcourse I add some preservativ to readable.

    @സലാഹ് , എന്താ എല്ലാരും കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നെ? അയ്യേ, ഞാനില്ലേ ഇവിടെ!

    @noonus, സത്യമായും ഞെട്ടിയില്ല കേട്ടോ.

    @മാണിക്യം, ആ മൂന്നു കാര്യം അവള്‍ അന്നുരാത്രി തന്നെ മനസ്സിലാക്കി. കണ്ണൂരാനോടാ ഓളെ കളി.

    @Vayady, സത്യമായും ഇവരാരും എന്റെ പരിച്ചയക്കാരല്ല. ചുമ്മാ ഒരു കാച്.കണ്ണൂരാന്‍ ആരാണെന്ന് അവള്‍ അറിയണമല്ലോ.!!!

    ReplyDelete
  37. @SERIN / വികാരിയച്ചൻ, എപ്പോഴും സ്തുതി ആയിരിക്കട്ടെ അച്ചോ.
    കുര്‍ബാനയ്ക്ക് പങ്കെടുക്കാന്‍ പറ്റില്ല. ഇനിയും എത്ര മോശത്തരം ചെയ്യാനുണ്ട് കണ്ണൂരാന്! അതൊക്കെ കഴിഞ്ഞു വരും. അച്ഛന്‍ അവിടെത്തന്നെ ഉണ്ടാവണെ.

    @കെട്ടുങ്ങല്‍, നിങ്ങളെ കമന്റു കണ്ടയുടനെ ചിലത് മാറ്റി. തെറ്റുകള്‍ പേസ്റ്റ് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ മെയിലായും അയക്കാലോ. നിര്‍ദ്ദേശത്തിനു പ്രത്യേകം താങ്ക്സ് കേട്ടോ.

    @ആളവന്‍താന്‍, അടി കൊടുത്തോ എന്ന് ചോദിച്ചാല്‍ ഇല്ല. കൊടുത്തില്ലേ എന്ന് ചോദിച്ചാല്‍ കൊടുത്തു. (ചുമ്മാ)

    @വിനയന്‍, രണ്ടു തവണ 'കല്ലിവല്ലി' കേട്ടപ്പോള്‍ നിങ്ങള്ക്ക് മടുത്തല്ലേ? അപ്പോള്‍ ദിവസോം ഇരുനൂറു തവണയെങ്കിലും കേള്‍ക്കുന്ന ഗള്‍ഫുകാരന്റെ അവസ്ഥ ഒന്നാലോചിക്കുക. (get lost എന്ന് ഇന്ഗ്ലീശുകാരന്‍ പറയുന്നു.'കല്ലിവല്ലി' എന്ന് അറബികളും. എന്തോ, ഈ വാക്ക് കണ്ണൂരാനും ശീലിച്ചു പോയി. മാറ്റാന്‍ ശ്രമിക്കാം.

    @SULFI, എന്നെയും വിട്ടു അവളെവിടെ പോകാന്‍. കണ്ണൂരാന്‍ അവള്ടടുത്ത് കുതിരയാ,കുതിര.

    ReplyDelete
  38. @MT Manaf, ഇങ്ങളെ ശോദ്യം കേട്ട് ശ്രീമതി ചിരിയോചിരി.

    @Manoraj, സത്യം പറഞ്ഞാ അന്നീ ബ്ലോഗ്‌ പരിപാടി ഇല്ലല്ലോ. ഇന്നാണെങ്കില്‍ എന്റെ ചോദ്യം ഇങ്ങനെ:

    നിനക്ക് മനോജിനെ അറിയാമോ? ഇസ്മയില്‍ തണലിനെ അറിയാമോ? ഹംസക്കാനെ അറിയാമോ? കുമാരനെ? എര്കാടനെ? വായാടിയെ? കുഞ്ഞൂസിനെ? മുഹമ്മട്കുട്ടിക്കാനെ? കൂതരഹാഷിമിനെ?

    @മനോഹര്‍ മാണിക്കത്ത്, ഗതികേട് കൊണ്ടാ രണ്ടുഭാഷയും ചേര്‍ത്തത്. ബ്ലോഗില്‍ പിടിച്ചു നില്കെണ്ടേ!

    @aneezone, താങ്ക്സ്.

    @Naushu, താങ്ക്സ്.

    @Cartoonist, ആദ്യവരവ് അല്ലെ? താങ്ക്സ്.

    ReplyDelete
  39. @sm sadique, ആനുങ്ങലോടാ ഓളെ കളി. ഞാന്‍ ശരിക്കും പേടിപ്പിച്ചു. ഹല്ല പിന്നെ..

    @ഹംസ, ഓളെ ബാപ്പ പാവായത് കൊണ്ടാ എന്നെ സഹിക്കുന്നെ. വേരെതെന്കിലും പുലി ആയെങ്കില്‍ ഈ പൂച്ചയെ തിന്നിട്ടുണ്ടാകും.
    ഒറപ്പാ.

    @saBEen* കാവതിയോടന്‍): ഇപ്പം ചിലരെയൊക്കെ അവള്‍ക്കറിയാം. എന്നാലും എന്റെ അറബി വിളിക്കുമ്പോ പറയുന്നത്, "ഇങ്ങളെ ശൈക്സ്പിയര്‍ വിളിക്കുന്നാ" എന്നാണു.

    @നിരാശകാമുകന്‍, ഇങ്ങളെ പേരും കമന്റും കലക്കി. നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.

    @കാഴ്ച, കണ്ണൂരാന്‍ ആരാ മോനെന്നു ഇനിയും മനസ്സിലായില്ലാ?

    ReplyDelete
  40. ഒരു തെറ്റുമില്ല, പെണ്ണുങ്ങളായാലിങ്ങനെ തന്നെ വേണം. ഹല്ല പിന്നെ..
    കെട്ടിക്കോണ്ടു വന്നിട്ട് നാലു ദിവസം കഴിഞ്ഞിട്ടും “നിയുക്ത ഭാര്യ” എന്നു മറ്റുള്ളോർക്ക് പറഞ്ഞു കൊടുക്കുന്നതിന്റെ അർത്ഥം എന്താണു, ഞമ്മക്ക് പുടികിട്ടിയില്ലെന്ന് കരുതിയോ ? ഈ സുരയ്യ ബേറെ ആരോ ആണെന്നുള്ളതിൽ സംശയം ബേണ്ട.

    ReplyDelete
  41. വളരെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  42. എഴുത്ത് ബോധിച്ചു..ഈ കല്ലിവല്ലി എന്താന്നു പുടികിട്ടീല്ല. ഇതു പോലെ ചില കഥകള്‍ ഞാനും കേട്ടിട്ടുണ്ട്.ഇനിയും കാണാം..

    ReplyDelete
  43. " മറ്റെല്ലാ സമ്പന്നരേയും പോലെ, നാലാം ക്ലാസിന്ന് നാടുവിട്ട് പണക്കാരനായ സാഹിബ് എന്‍റെ പുകഴ്ത്തലില്‍ വീണു."
    വായിച്ചു കഴിഞ്ഞപ്പോ വീണത്
    നാലാം ക്ലാസ്സില്‍ നാടുവിട്ട് സ്വന്തം ബുദ്ധി ശക്തികൊണ്ട് പണക്കാരനായ (നോട്ട് ദാറ്റ് പോയിന്റേ..)
    ബഹുമാനപ്പെട്ട കാദര്‍കുട്ടി സാഹിബാണോ അതോ
    ആ ബല്യ ബല്യ ആളുകളൊക്കെ ദുഫായില്‍ കൂട്ടുകാരായുള്ള ഷേയ്ക്ക് സ്പിയര്‍ അറബിയുടെ കീഴില്‍ പണിയെടുക്കുന്ന നമ്മുടെ കണ്ണൂരാനാണോ എന്നൊരു സംശയം!

    ReplyDelete
  44. കണ്ണൂരാനെ..

    "കമലാസുരയ്യയെ ഇവള്‍ക്കറിയാം. സന്തോഷാധിക്യത്താല്‍ ഞാനവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. നേരത്തെ അടിച്ചു പോയതില്‍ ക്ഷമ ചോദിച്ചു. എന്നിട്ടവളെ പ്രോല്‍സാഹിപ്പിച്ചു...

    "പറയൂ, ആരാണ് കമലാസുരയ്യ..?"

    ചോദ്യവേഗത്തില്‍ തന്നെ അവളുടെ ഉത്തരവും വന്നു.

    "ഇങ്ങളെ മറ്റോള്.. ആ കത്തെഴുതി വെച്ചില്ലേ.. ഓള് തന്നെ. ഇനി അങ്ങന്‍ത്തെ കത്തൊന്നും എഴുതണ്ട കേട്ടോ. ഇങ്ങക്ക് ഞാനില്ലേ..."

    ഡിം..!!!!!

    -- കലക്കിട്ടോ..എല്ലാ പോസ്റ്റിലും മഹതിക്കിട്ടു ഇങ്ങനെ കൊട്ടിയാല്‍ വെറും കല്ലിവല്ലി
    ആകുന്നതും നോക്കണേ..പിന്നെ കല്ലിവല്ലികൈ വിടണ്ടാ ...അതാണ്‌ കണ്ണൂരാന്റെ അഡ്രെസ്സ് ഉണ്ടാക്കിയത്..ഇപ്പൊ കണ്ണൂരാന്റെ പുതിയ വെടിയും കാത്ത് ഇരിപ്പാ ഞാന്‍..!

    ReplyDelete
  45. ഹ ഹ ഹ......വളരെ അധികം നന്നായിട്ടുണ്ട്......

    ReplyDelete
  46. എന്നാ‍ലും എനിക്കിതൊന്നും പിടിക്കുന്നില്ല അല്ല സഹോദരീ നീ ഇതൊന്നും വായിക്കുന്നില്ലെ എത്ര ആളുകളുടെ മുന്നിലാ നമ്മുടെ പുലർകാല നക്ഷത്രത്തെ നിനക്കറിയില്ല എന്നു കണ്ണൂരാൻ പറഞ്ഞത് ഇപ്പൊ എല്ലാരുടെ മുന്നിലും നീ വെറും സീറോ അന്റെ കെട്ടിയോനില്ലെ ഈ കല്ലിവല്ലി പുതിയാപ്പിള അങ്ങേരു നിന്നെ പറ്റി പറഞ്ഞതൊക്കെ നീ കേട്ടില്ലാന്നു വെച്ചാലു അയ്യെ പെണ്ണുങ്ങൾക്കു തന്നെ മോശമല്ലെ അതു .. എതായാലും എല്ലാം കല്ലി വല്ലി .. ആയ സ്ഥിതിക്ക് അവൾക്കു പറ്റിയ പുതിയാപ്പിളതന്നെ ... നന്നായി എഴുതി കണ്ണൂരിലെ പുതിയാപ്പിളക്ക് ജാഡ ഉണ്ടെന്നിപ്പോ മനസിലായി വിവാഹം കഴിഞ്ഞു നാലാം നാൾ അവൾക്കിട്ടു പൊട്ടിച്ചില്ലെ... ആശംസകൾ ഇനിയും എഴുതുക ധാരാളം...

    ReplyDelete
  47. നന്നായി കണ്ണൂരാനെ... പാവം ബീവി.. ബാംഗളൂരില്‍ എവിടെയാ നിങ്ങള്‍ടെ കാദര്‍കുട്ടി സാഹിബ് ? ഒന്നു പോയി കാണാനാ. മരുമോന്റെ സ്വന്തം ആളാണെന്നു പറയാലൊ.

    ReplyDelete
  48. കൊള്ളാം നന്നായി എഴുതിയിരിക്കുന്നു !

    ReplyDelete
  49. @ അലി: അതാണ്‌ കണ്ണൂരാന്‍.. (വായനക്ക് നന്ദി)

    @ nishad melepparambil : നന്ദി.

    @ jayaraj: എന്നും നന്മകള്‍..

    @ ആയിരത്തിയൊന്നാംരാവ് : സംഭാവാമീ യുഗേ..യുഗേ..

    @ കുഞ്ഞൂസ് (Kunjuss) : ഇത്തവണ നേരത്തെ വന്നല്ലോ. നല്ല കമന്റിനു പ്രത്യേകം നന്ദി. (ഫോട്ടോ മാറ്റിയാല്‍ പിന്നെ എന്തിനു കൊള്ളാം കണ്ണൂരാനെ! ചുമ്മാ..)

    ReplyDelete
  50. @ പട്ടേപ്പാടം റാംജി : ഒന്ന് ഷൈന്‍ ചെയ്യാന്‍ നോക്കിയതാ.. അത് പുലിവാലായി. ഞാനൊരു ഗൌരവക്കാരനല്ല എന്ന് തെളിയിക്കാന്‍ ഒരുപാട് അദ്ധ്വാനിക്കേണ്ടി വന്നു.

    @ കൂതറHashimܓ: "അളിയാ" വിളി ഇഷ്ട്ടായി ഭായീ. അനുജത്തി +2 വിനു ഭൂമി കുലുക്കുന്നു. വെണെങ്കില്‍ നോക്കാം!

    @ Mohamedkutty മുഹമ്മദുകുട്ടി : "ആദ്യം ആ ബീഡി(ഇനി സിഗരറ്റാണെങ്കില്‍ അത്) വലിച്ചെറിയൂ.പിന്നെ കല്ലി വല്ലി. ഇതു രണ്ടും ഒഴിവാക്കിയാല്‍ മൊത്തത്തില്‍ കണ്ണൂരാന്‍ കൊള്ളാം.ഇതു ആ ഹാഷിമിന്റെ കൂതറ പോലെ ഒരസുഖമാണെന്നാ തോന്നുന്നെ,എന്നാലും ചികിത്സിച്ചു ഭേദമാക്കാവുന്നതേയിള്ളൂ"

    പ്രിയ ഇക്കാ, തൊപ്പി പോയ പോലീസിനെ പോലെയാകും ബീഡി പോയ കണ്ണൂരാന്‍. കണ്ണൂരാന്റെ ബ്രാന്‍ഡാ ഈ ഫോട്ടോ. നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില പ്രയോഗങ്ങലുണ്ടല്ലോ നാട്ടില്‍. അതുപോലെ ഒരു പ്രയോഗമാണ് കല്ലിവല്ലി. എന്തിനെയും നിസ്സാരമാക്കാന്‍ അറബികള്‍ "കല്ലിവല്ലി" ഉപയോഗിക്കുന്നു. ഈ 'കല്ലിവല്ലി' സ്വഭാവം ഒരുപാട് പ്രയാസങ്ങള്‍ എനിക്ക് ഉണ്ടാക്കി. ഇപ്പോഴും ഈ പ്രയോഗം ശീലമാണ്. മാറിക്കിട്ടാന്‍ ഇക്ക പ്രാര്തിക്കൂ..

    @ എന്‍.ബി.സുരേഷ് : "കല്യാണത്തിനു മുൻപ് കത്ത്, ഡയറി, തുടങ്ങിയ മാരകായുധങ്ങൾ ഒളിപ്പിച്ചുവയ്ക്കണമെന്ന് കൂട്ടുകാരാരും പറഞ്ഞുതന്നില്ല അല്ലേ. പെണ്ണുങ്ങൾ വന്ന് ആദ്യം നമ്മുടെ ഹൃദയത്തിലല്ല നുഴഞ്ഞുകയറുക. നമ്മുടെ ഒളിത്താവളങ്ങ്ഗളിലേക്കാ"

    മാഷ്‌ പറഞ്ഞത് സത്യം. കല്യാണ ശേഷം പഴയ കാമുകിയുടെ ഫോട്ടോ അവള്‍ക്കു കിട്ടി. അതിന്റെ പേരില്‍ ഇപ്പോഴും വഴക്കിനു വരാറുണ്ട്. കാമുകിയുടെ എണ്‍പതോളം ഫോട്ടോകള്‍ നശിപ്പിച്ചിട്ടും ഒരു ഫോട്ടോ ദൈവം അവള്‍ക്കായി കരുതിവെച്ചു. ദൈവം ആയതുകൊണ്ട് വെറുതെ വിട്ടു. അല്ലെങ്കില്‍ ചെയ്തത് ചതിയായിപ്പോയി എന്ന് പറയാമായിരുന്നു.

    ReplyDelete
  51. @ രവി : ഈ പെണ് വര്‍ഗം വല്ലാത്ത ഒരു വര്‍ഗാ. ആണുങ്ങളെ പിരാന്താക്കും. അതാ അവരടെ സമാധാനം.

    @ മൂരാച്ചി : മൂരാച്ചികള്‍ അഥവാ എന്റെ അമ്മാവന്മാര്‍ എന്റെ കല്യാണക്കാര്യങ്ങളില്‍ നിന്നും വിട്ടു നിന്നു. ഒടുവില്‍ ഞാനും അനുജനും വാപ്പയും അരയും തലയും മുറുക്കി ഇറങ്ങി. അങ്ങനെ അതൊരു സംഭവമാക്കി.

    @ കൊലുസ്) : ഇന്നും സുരയ്യ എന്ന് കേട്ടാല്‍ അവളൊന്നു ഞെട്ടും.

    @കുമാരന്‍ | kumaran : വരവിനും വായനക്കും നന്ദി.

    ReplyDelete
  52. @ Kalavallabhan : പാരയാണല്ലേ. ഒരു സ്ത്രീവാധി! നിങ്ങളും അനുഭവിക്കും നോക്കിക്കോ.

    @Jishad Cronic™ : വരവിനും വായനക്കും കമന്റിനും എല്ലാത്തിനും കൂടി നന്ദി.

    @ maithreyi : നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില പ്രയോഗങ്ങലുണ്ടല്ലോ നാട്ടില്‍. അതുപോലെ ഒരു പ്രയോഗമാണ് കല്ലിവല്ലി. എന്തിനെയും നിസ്സാരമാക്കാന്‍ അറബികള്‍ "കല്ലിവല്ലി" ഉപയോഗിക്കുന്നു. ഈ 'കല്ലിവല്ലി' സ്വഭാവം ഒരുപാട് പ്രയാസങ്ങള്‍ എനിക്ക് ഉണ്ടാക്കി. ഇപ്പോഴും ഈ പ്രയോഗം ശീലമാണ്.

    @ നൗഷാദ് അകമ്പാടം : സംശയത്തിനു പ്രസക്തിയില്ല. അല്ലെങ്കിലും നൗഷാദ്‌ ഭായി ഒരു പാരയാണ്. (ആദ്യ പോസ്റ്റിനു തെങ്ങ ഉടച്ചു എന്നെ തെങ്ങില്‍ കയറ്റിയില്ലേ നിങ്ങള്‍!)

    @ എ പി അബൂബക്കര്‍ : കല്ലിവല്ലി കൈവിടില്ല. ഈ പ്രയോഗം എന്നെ പോലീസ് സ്റ്റെഷെന്‍ വരെ എത്തിച്ചതാ.

    ReplyDelete
  53. കണ്ണൂരാന്‍ പറഞ്ഞു "കല്ലിവല്ലി കൈവിടില്ല. ഈ പ്രയോഗം എന്നെ പോലീസ് സ്റ്റെഷെന്‍ വരെ എത്തിച്ചതാ"
    മോളെ തല്ലിയതിന്‌ കാതര്‍കുട്ടി സാഹിബ്‌ പിടിച്ച്‌ അകത്താക്കിക്കാണും. :)

    ReplyDelete
  54. കണ്ണൂരാനെ, വെറുതെ ഒന്നും കൂടെ വന്നു. ആ ചിരി ഇപ്പോഴും മാറിയിട്ടില്ല കേട്ടോ.
    ചിരിക്കണമെന്ന് തോന്നുമ്പോഴൊക്കെ ഇനിയും വരാം.

    ReplyDelete
  55. ഓ,കല്ലീ വല്ലീ... കഥ കസറി..

    ReplyDelete
  56. നന്നായിട്ടുണ്ട് :) ചിരിപ്പിച്ചു.

    ReplyDelete
  57. നന്നായി. ആദ്യയിട്ടാ ഈട.
    അല്ലപ്പാ , എല്ലാരും പറഞ്ഞ പോലെ ഇങ്ങക്ക് ആ പോട്ടോയ്ക്ക് പകരം തലയിലൊരു കെട്ടും ഒരു മുറിബീഡീം ഒക്കെയുള്ള ഒരു പോട്ടം ഇട്. അല്ലാണ്ട്
    ഈ സായിപ്പിന്റെ നെറോം , കാജ ബീഡിക്കു പകരം മാല്‍ബരോയും ..

    ReplyDelete
  58. ഹ ഹാ
    ഹു ഹൂ..!
    പെണ്ണായാലിങ്ങനെ വേണം...
    കല്ലി വല്ലി!

    അല്ലാ,
    കണ്ണൂരാനേ
    താങ്ങള്‍ ദിനേശ്
    ബീഡിയുടെ പരസ്യ മോഡലാണോ..
    ഈ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ തോന്നിയാട്ടോ..

    എഴുത്തുകള്‍ നല്ലത്, ബ്ലോഗും!

    ReplyDelete
  59. കണ്ണൂരാനേ അടിപൊളി...! രസിച്ചു വായിച്ചു.

    ReplyDelete
  60. ഹ ഹ ഹ ഹ
    കണ്ണൂരാനെ ഓളെ അങ്ങനെ പൊട്ടത്തിയാക്കണ്ട. സുരയ്യയെ അറിയില്ലായിരിക്കും പക്ഷെ ഓള്‍ക്ക് ചിരവ അറിയാം, ഒലക്ക അറിയാം, അമ്മിക്കല്ല് അറിയാം, അതൊക്കെ പ്രയോഗിക്കാനും അറിയാം. ജാഗ്രതൈ.

    ReplyDelete
  61. എടോ നാട്ടുകാര....ഒരുപാടിഷ്ടമായി. നല്ലോഴുക്ക്.രസകരം..രസതരം....സസ്നേഹം

    ReplyDelete
  62. കണ്ണൂരാനെ,
    രസകരമായി തന്നെ കഥ അവതരിപ്പിച്ചു.ഇഷ്ട്ടപ്പെട്ടു.എന്നാല്‍ കല്യാണത്തിന്റെ നാലാം ദിവസം തന്നെ ഭാര്യയെ തല്ലിയ ഏക ഭര്‍ത്താവ് കണ്ണൂരാന്‍ മാത്രമായിരിക്കും.എന്‍റെ കല്യാണം കഴിഞ്ഞു നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പ്രാവശ്യം ദേഷ്യത്തില്‍ ഭാര്യയെ തല്ലാന്‍ കൈ പോക്കിയതാ, ആ സമയത്ത് പടച്ച തമ്പുരാന്‍ എവിടെന്നോ എന്നില്‍ ക്ഷമ കൊണ്ടിട്ടു.കൈ പിന്‍വലിച്ചു. ഇന്നും അവള്‍ 'എന്നാലും നിങ്ങള്‍ എന്നെ തല്ലാന്‍ കൈ പോക്കിയില്ലേ ' എന്ന് പറഞ്ഞു എന്നെ തളര്‍ത്തും.കണ്ണൂരാന്‍ എങ്ങിനെ പിടിച്ചു നില്‍ക്കുന്നു?
    my blog:
    www.badruism.blogspot.com

    ReplyDelete
  63. വണ്ടര്‍ഫുള്‍.... ഐ റിയലി എന്‍ജോയ്ഡ്‌

    ReplyDelete
  64. വീണ്ടും ഈ വഴി ഒന്നു വന്നതാ കാതര്‍കുട്ടി സാഹിബിന്‍റെ മോളെ കൈ കൊണ്ട് ഒരു ചായ കിട്ടിയാലോ എന്ന് കരുതി. ....

    ReplyDelete
  65. അവസാനം പൊട്ടിയ ആ ലഡുവിലാണ് ..............അതിലാണ് അതിരസം

    ReplyDelete
  66. നീര്‍മാതളം പൂത്തു കഴിഞ്ഞോ?
    എന്നാലും ഓടെ കാര്യം...പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ഓളോട് ഇങ്ങടെ ആ ചോദ്യമുണ്ടല്ലോ,അതിച്ചിരി കടുപ്പമായ് പോയ്‌ എന്റെ ശുജായി...
    നല്ല ശൈലി,തുടരുക ആശംസകള്‍

    ReplyDelete
  67. ഒറ്റ ‘അടിക്ക്‘ എല്ലാം മനസ്സിലായെന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല....!!
    പക്ഷെ, പുതുപ്പെണ്ണിന്റെ അവസാനത്തെ ഉത്തരം വായിച്ചപ്പോഴാണ് വിശ്വാസമായത്...!!

    ആശംസകൾ....

    ReplyDelete
  68. നല്ല കഥ..
    എന്നാലും അവിടെ ‘അടി’യുടെ ആവശ്യം ഇല്ലായിരുന്നു...!!
    അതിത്തിരി കടന്ന കയ്യായിപ്പോയി...

    ആശംസകൾ.....

    ReplyDelete
  69. അടി ചോദിച്ചു വാങ്ങുന്ന ഒരാളെ ഞാന്‍ ആദ്യായി കാണുകയ ....
    വടിവാള്‍ പ്രതീക്ഷിച്ചിടത്ത് വെറും അടിയന്‍ ആയിപ്പോയെന്ന് ആരൊക്കെയോ പിറുപിറുക്കുന്നുണ്ടല്ലോ ..
    .എന്നാലും ചൂടിനൊരു ,അല്ല ചൂടന്‍ ഒരു കല്ലിവല്ലി.കൊള്ളാട്ടോ.
    എന്തായാലും പുതുനാരിയെ എനിക്കിഷ്ടായി....

    ReplyDelete
  70. ഞങ്ങള് വായിച്ചിട്ട് കുറെ തലകുത്തി ചിരിച്ചു...

    പക്ഷെ ഇതുപോലെ മോപസാങ് ,ടോള്‍സ്റ്റോയ്,ചെക്കവ്, വേര്‍ഡ്സ് വര്‍ത് ,കാഫ്ക്കയ ,കീറ്റ്സ, ഷെല്ലിബൈറനേയ, സിഡ്നി ഷെല്‍ഡനേയ, ഖലീല്‍ ജിബ്ബ്രാൻ, ദാസ്തയോവസ്ക്കി പൌലോ കൊയ്-ലോയെ ...ഇങ്ങനെ കൊറേ കടിച്ചാ പൊട്ടാത്ത വാക്കുകളെന്തിനാ ചേർത്തേന്ന് എന്തിനാന്ന് മനസ്സിലായില്ലാട്ടാ...

    ശരിക്കൊരു കല്ലിവല്ലി വല്ലഭൻ തന്നെ...

    ReplyDelete
  71. ഇപ്പോഴാണ് കല്ലിവല്ലിയുടെ അര്‍ഥം മനസ്സിലാകുന്നത്, ഗള്‍ഫ്‌ പോയാലും ബാംഗ്ലൂരില്‍ ഒരു പിടുത്തം ഉണ്ടല്ലേ

    ReplyDelete
  72. @ shebishemi: ഇഷ്ട്ടായീ എന്നറിയുന്നതില്‍ സന്തോഷം.

    @ ഉമ്മുഅമ്മാർ: ഇപ്പം ശ്രീമതിക്ക് അവരെയൊക്കെ അറിയാം. എന്റൊപ്പമല്ലേ വാസം. ചന്ദനം ചാരിയാല്‍....

    @ shahir chennamangallur: വേല മനസ്സിലിരിക്കട്ടെ ഭായീ. സാഹിബിനെ കണ്ടു എന്റെ ബ്ലോഗ്‌ കാണിക്കാനല്ലേ. അത് വേണ്ടാട്ടോ.

    @jayarajmurukkumpuzha: നന്ദി.

    @ഒഴാക്കന്‍: നന്ദി മാഷേ.

    @(റെഫി: ReffY): അതെ. വലിയവല്യ ആള്‍ക്കാരാ എന്റെ കൂട്ടുകാര്‍.

    @ഹരിതം: താങ്ക്സ്.

    ReplyDelete
  73. കണ്ണൂരാൻ..രസമയമായ രചന..ചിരിപ്പിച്ചു..എല്ലാം പഠിപ്പിച്ചതിനു ശേഷം ഈ ബ്ലോഗ്ഗ്‌ ഓളെ കാട്ടിയ മതി..എന്ത്യെ...ആശംസകൾ

    ReplyDelete
  74. @Vayady : സത്യമായും അല്ല. ആരെയും കുടുക്കുന്നതാണ് 'കല്ലിവല്ലി' എന്ന ഈ ഹലാക്കിന്റെ പ്രയോഗം. സംഭവം പിന്നീട് പോസ്റ്റാക്കാം.

    @the man to walk with: ഈ രണ്ടു കുത്ത് ഇടാനാ ഇങ്ങള് കഷ്ട്ടപ്പെട്ട് വന്നെ?

    @SULFI: ഇനിയും വരണം. മായം ചേര്‍ക്കാത്ത വിവരണങ്ങള്‍ ഇവിടെ കിട്ടും. നന്ദി.

    @rafeeQ: വന്നല്ലോ വായിച്ചല്ലോ. നന്ദി.

    @nunachi sundari: നന്ദി.

    @ഹേമാംബിക: ദിനേശ്‌ ബീഡി മടുത്തു. അതുകൊണ്ടാ..

    ReplyDelete
  75. @»¦മുഖ്‌താര്‍¦udarampoyil¦«: ദിനേശ്‌ ബീഡി, കണ്ണൂരിന്റെ സ്വന്തം.. കണ്ണൂരാന്റെ സ്വന്തം..

    @A.FAISAL: വന്നല്ലോ..വായിച്ചല്ലോ.. നന്ദി ഫൈസല്‍ക്ക.

    @Akbar: അത് സത്യം. അമ്മിക്കല്ല് എടുത്തു എന്റെ നേര്‍ക്കിട്ടാല്‍! പടച്ചോനെ, ഓര്‍ക്കുമ്പോഴേ പേടിയാകുന്നു.

    @ഒരു യാത്രികന്‍: നാട്ടുകാരാ, നന്ദി.

    @ബദര്‍ badar: അന്നത്തെ സംഭവമാ ഞങ്ങളുടെ ദാമ്പത്യവിജയ രഹസ്യം! അന്ന് ഞാന്‍ മൌനം പാലിച്ചുവെന്കില്‍ ഈ നിമിഷം വരെ അത്തരം നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി വഴക്കിടെണ്ടി വരുമായിരുന്നു.

    ReplyDelete
  76. ഹഹഹ !
    നന്നായിരിക്കുന്നു.

    ReplyDelete
  77. പിന്നെ, മറ്റോളുമാര്‍ക്കു ഇപ്പോഴും കത്തെഴുതാറുണ്ടൊ? എങ്കില്‍ അതൊക്കെ കൂടി പബ്ലിഷ് ചെയ്യെന്നേ, വായിക്കാമല്ലൊ ഞങ്ങള്‍ക്കു കൂടി...
    നല്ല എഴുത്ത്... ആദ്യമായിട്ടാ ഇവിടെ വരുന്നത്.

    ReplyDelete
  78. "കണ്ണൂരിലെ കല്യാണങ്ങള്‍ക്ക് അതാത് വീട്ടിലെ കാരണവന്‍മാരാണ് കാര്യങ്ങളൊരുക്കുക. പെണ്ണി‍ന്‍റെയും ചെറുക്കന്‍റെയും തന്തമാര്‍ നിശബ്ദ്ധ സാന്നിദ്ധ്യം മാത്രമായിരിക്കും..."

    ഇക്കാര്യങ്ങളൊക്കെ, ഇനി ഒരവസരത്തില്‍ ഒന്ന് വിശദീകരിക്കുന്നത് നന്നായിരിക്കും കണ്ണൂരാനേ..
    കാരണം മറ്റു ദേശങ്ങളില്‍ ഇതൊരു പുതുമ യായിരിക്കും.ഗള്‍ഫില്‍ വന്നപ്പോള്‍, കുറച്ചു കണ്ണൂരു കാരുമായി ഇടപഴകിയപ്പോള്‍ 'അറ' യും, കാര്‍ന്നോന്മാരുടെ ഭരണവും ഒക്കെ അറിഞ്ഞിരുന്നു....!!

    ReplyDelete
  79. വൃത്തികെട്ടവന്‍ കമല സുരയ്യ എന്ന് പേര് വച്ച ആളെ പറ്റിക്കുന്നോ?

    ഒത്തിരി രസിച്ചിഷ്ടാ.

    ReplyDelete
  80. ഹ..ഹ...ഹ
    കലക്കൻ..
    എന്നാലും പെമ്പ്രന്നോത്തിയെ അടിച്ചത് വല്ല വനിതാകമ്മീഷൻ കാരൊന്നും അറിയണ്ട, പണികിട്ടും...
    കൊള്ളാട്ടോ...

    ReplyDelete
  81. എന്നാലും അവളെ തല്ലി.അല്ലേ.ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ? ഓ..കൊടുത്തതേ പറഞ്ഞുള്ളൂ.കൊണ്ടത്‌ പറഞ്ഞില്ല.കണക്കിന് കിട്ടിക്കാണുമെന്ന ശുഭപ്രതീക്ഷയോടെ...പിന്നെയ് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നല്ലോ...എവിടെ?എങ്ങിനെ പറയണം?അറിയിക്കുക.

    ReplyDelete
  82. @
    ശാന്ത കാവുമ്പായി

    ടീച്ചറെ,
    എന്താണ് പറയാനുള്ളതെന്ന് എനിക്കറിയാം. ടീച്ചറിന്റെ ആദ്യ കവിതാസമാഹാരം പുസ്തക രൂപത്തില്‍ ആഗസ്റ്റ്‌ 15നു 4മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ പ്രകാശനം ചെയ്യുന്നു. ഇതല്ലേ സ്വകാര്യം?(എങ്ങനെ അറിഞ്ഞു എന്നാരിക്കും. ഞാനാരാ കണ്ണൂരാന്‍!)

    അറിയട്ടെ ടീച്ചറെ, ബൂലോകവും ഭൂലോകവും അറിയട്ടെ. ടീച്ചര് കണ്ണൂരിന്റെ മുത്താ മുത്ത്.
    എല്ലാവിധ ആശംസകളും നേരുന്നു, ഞാനും എന്റെ ശ്രീമതിയും.

    ReplyDelete
  83. @jassygift: വായിച്ചതില്‍, കമന്ടിയതില്‍ നന്ദി.

    @ഉമേഷ്‌ പിലിക്കൊട്: രണ്ടു കുത്തിനു രണ്ടായിരം നന്ദി!

    @ഹംസ: ചായ കിട്ടും.ഇവള്ക്കാകെ അറിയാവുന്നത് ചായ ഉണ്ടാക്കാനാ.(ഗ്ലാസില്‍ ചൂടുവെള്ളം ഒഴിച്ച് ലിപ്ടോന്‍ ടീബാഗ് ഇട്ടു പന്ചാരയടിച്ചാല്‍ ഗള്‍ഫില്‍ ചായ ആയല്ലോ. പടച്ചോന്‍ കാത്തു!)

    @പാവപ്പെട്ടവന്‍: കുറച്ചു കൊല്ലമായി ലഡു മാത്രേ പൊട്ടുന്നുള്ളൂ..!

    @junaith: പെണ്ണ് കാണല്‍ ചടങ്ങിനു അലസമായിട്ടാ വസ്ത്രം ധരിച്ചത്. അതിലേറെ അലമ്പുള്ള ചോദ്യവും! കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയപ്പോള്‍ പുറത്തുള്ളവര്‍ കരുതിക്കാണും 'ഇവനെന്തോ പെണ്ണിനെ ചെയ്തെന്നു!

    @sravan: നമ്മള്‍ പറയുന്നിടത്ത് പെണ്ണ് (ഭാര്യ) നില്‍ക്കണം. അല്ലാണ്ട്!

    ReplyDelete
  84. @വീ കെ said...
    നല്ല കഥ..
    എന്നാലും അവിടെ ‘അടി’യുടെ ആവശ്യം ഇല്ലായിരുന്നു...!!
    അതിത്തിരി കടന്ന കയ്യായിപ്പോയി...
    -----------
    അടി-തടവ്‌ ഇല്ലാതെ പിന്നെന്തു കണ്ണൂരാന്‍!

    @leelamchandra: പുതുനാരിയെ ഇഷ്ട്ടായി അല്ലെ? അപ്പൊ എന്നെ ഇഷ്ട്ടായില്ലാണ്. മനസ്സിലായി, വര്ഗ്ഗസ്നേഹം.

    @ബിലാത്തിപട്ടണം / BILATTHIPATTANAM: എന്റെ മുരളിയേട്ടാ, കള്ളുകുടി ഞമ്മക്ക് ഹറാമല്ലേ. അപ്പൊ ഒരു ധൈര്യത്തിന് അത്തരം ചിലരെ കൂട്ടിനു കൂട്ടിയതാ. അവര്‍ ഉള്ളതുകൊണ്ടാ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ശ്രീമതി എന്നെ കൊന്നത് തന്നെ.

    ഭാനു കളരിക്കല്‍ said...
    vayadiyute comment kalakki

    (അപ്പൊ ഞമ്മളെ പോസ്റ്റ്‌ ഇഷ്ട്ടായില്ല അല്ലെ?)

    ReplyDelete
  85. ആ കത്തിലുടെ ഇങ്ങളുടെ കള്ളി വെളിച്ചത്തായി ല്ലേ :)....പക്ഷെ ഓളെ അടിച്ച ആ അടി കല്ലി വല്ലി....:P

    ReplyDelete
  86. @Sapna Anu B.George: വായിച്ചതിനും കമന്റിയതിനും നന്ദി.

    @തെച്ചിക്കോടന്‍: പിടിക്കുന്നേല്‍ പുളിന്കൊമ്പ് പിടിക്കണം. അതാ കണ്ണൂരാന്‍!

    @ManzoorAluvila: ചിലതൊക്കെ അവള്‍ പഠിച്ചു വെച്ചിട്ടുണ്ട്. സാഹിബിന്റെ മോളല്ലേ..!

    @lekshmi. lachu: വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
    (പെണ്പുലികള്‍ വായിച്ചു കമന്ടുമ്പോള്‍ വല്ലാത്ത സന്തോഷം..!)

    @സ്മിത മീനാക്ഷി: എന്റമ്മോ, ആ കത്ത് ഉണ്ടാക്കിയ പുലിവാല് ഓര്‍ക്കാനേ വയ്യ. എന്റെ ശരിക്കുള്ള കത്തുകള്‍ കണ്ടാല്‍ അവളും സാഹിബും കൂടി എന്നെ കൊന്നേനെ.

    @gramasree: കണ്ണൂര്‍ എന്നത് ആചാരങ്ങളുടെ ലോകമാണ്. മുസ്ലിങ്ങല്‍ക്കിടയിലുള്ള മാമൂലുകള്‍ കേട്ടാല്‍ മൂക്കത്തല്ല ആകാശത്ത് കൈ വെച്ച് പോകും. സമയം പോലെ എഴുതിവിടാം.

    ReplyDelete
  87. @വഷളന്‍ | Vashalan: സത്യമായും ആ കത്ത് കമലാ സുരയ്യയ്ക്ക് ഉള്ളതായിരുന്നു. പക്ഷെ പെണ്ണ് തെറ്റിദ്ധരിച്ചു. അല്ലേലും ഒരു പെണ്ണിന്റെ മൂക്ക് ചുവക്കാന്‍ എന്തെല്ലാം കാരണങ്ങള്‍! വഷളാ, എന്നെ തെറ്റിദ്ധരിക്കല്ലേ.

    @കമ്പർ: പെണ്ണെന്നാല്‍ തീക്കൊള്ളിയാ. സമ്മതിച്ചു.. വനിതാ കമ്മീഷന്‍ കല്ലിവല്ലി!

    @ശാന്ത കാവുമ്പായി: ടീച്ചറെ, കൊണ്ടും കൊടുത്തും ശീലിച്ചവരല്ലേ നമ്മുടെ കണ്ണൂര്‍ക്കാര്‍! അവള്‍ ചോദിച്ചു വാങ്ങിച്ചതാ.

    @ആദില: ആദില വന്നിട്ടേ പുതിയ പോസ്ടിടൂ എന്നാ തീരുമാനിച്ചത്. ഇനിയിടാലോ.(ഹും.. എല്ലായിടത്തും പോയി ആദ്യം കമന്ടിടുന്ന ആദില ലാസ്റ്റാ കമന്റിയത്.. കണ്ടോളാം.!)

    ReplyDelete
  88. ഇങ്ങളിവിടെ കത്തെയുതി കളിക്കാരുന്നു ല്ലേ ...
    പോസ്റ്റ്‌ എവിടെ പോസ്റ്റ്‌ എവിടുന്ന് ചോയ്ച്ചിട്ട്
    ഇപ്പൊ ആളെ കാണുന്നില്ലല്ലോ ...
    കാദ്ര്ക്കന്റെ മോള്‍ കല്ലി ..വല്ലി...
    ആ അല്ല പിന്നെ ....!!
    കണ്ണൂരാന്‍ കലക്കി ...
    ആശംസകള്‍ ....

    ReplyDelete
  89. ഞാൻ സെഞ്ച്വറിയടിക്കുന്നു!

    ReplyDelete
  90. ആദ്യം നൂറിന്റെ മേല്‍ ഒന്നിരിക്കട്ടെ എന്നിട്ടു പറയാം .....
    കലക്കി ..കണ്ണൂരാന്‍ ...കലക്കി.കോഴിക്കടയില്‍ കടക്കാരന്‍ പാവം കോഴിയെ ജീവെനോടെ പപ്പും തൂവലും പറിക്കുന്നതുപോലെ കണ്ണൂരാനെ കാദര്‍ക്കാന്റെ മോള്‍ ആ മിടുക്കിപ്പെണ്ണ്'കഴുത്ത് പിരിച്ച് ജീവനെടുത്ത് പഞ്ചാരേം ചേര്‍ത്ത് വായനക്കാര്‍ക്ക് തിന്നാന്‍ കൊടുത്തത് ആരും കണ്ടില്ലാന്നാ വിചാരം
    അടിപൊളി.

    ReplyDelete
  91. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഞാനിവിടെ ഒരു കമന്റ് ഇട്ടതാണല്ലോ.മാഞ്ഞുപോയതാണോ,മായ്ച്ചതോ?

    ReplyDelete
  92. സംഭവം കൊള്ളാമല്ലോ, വികെഎൻ (ഓനെ അറിയില്ലേ, തിരുവില്ലാമലയിലെ ഒരു വെറ്റിലക്കച്ചവടക്കാരൻ) പറഞ്ഞപോലെ കൃത്യം മൂന്നേമുക്കാൽ നാഴിക ചിരിച്ചു. ഇനിയും കാണാം!

    ReplyDelete
  93. ഒരൊറ്റ തല്ലിന് എല്ലാം ശരിയാക്കുന്ന വിദ്യ കണ്ണൂരുകാര്‍ക്ക് മാത്രമേ അറിയൂ എന്ന് തോന്നുന്നു.

    ReplyDelete
  94. ങ്ങി ങ്ങി ങ്ങി ....അയ്യോ കണ്ണൂരാനെ പുലിയാണെന്ന് കരുതി സ്വയം ഗര്‍ജിച്ചു നോക്കിയതാ ഇങ്ങനെയാ വന്നത് , അപ്പോള്‍ പുലിയല്ല എന്ന് മനസ്സിലായില്ലേ :)
    പിന്നെ പോസ്റ്റ്‌ അടിപൊളി , നാം ആ നര്‍മ്മം ശേരിയ്കങ്ങട് ആസ്വധിച്ചിരിയ്കുന്നു...ഇനിയും പോരട്ടെ ട്ടോ !!

    ReplyDelete
  95. പഹയാ! ഇത്ര പ്രതീക്ഷിച്ചില്ല!!!

    ReplyDelete
  96. കൊള്ളാലോ പരിപാടി ,
    ഇനി പ്രേമിയ്കാന്‍ വലിയ എഴുത്തുകാരികളുടെ പേരുള്ളവരെ കണ്ടു പിടിയ്കാം...
    പോസ്റ്റ്‌ ഇഷ്ടമായി കേട്ടോ

    ReplyDelete
  97. പുതിയ വല്ല കല്ലി വല്ലിയും ഉണ്ടോന്നു നോക്കാന്‍വന്നതാ ..!

    ReplyDelete
  98. വായിച്ചു .രസിച്ചു.അപ്പഴെ ആരാ ഈ നിയുക്ത ഭാര്യ, അതും കല്ല്യാണം കഴിഞു നാലുദിവസം കഴിഞു? എന്റെ കണ്‍ഫ്യൂഷ്യസ് മാറ്റണമെ!

    ReplyDelete
  99. വീണ്ടും വന്നു വായിച്ചു .... ഇനിയും ഞാന്‍ ഇവിടെ വരും മുന്‍പ് പോസ്റ്റ് മാറ്റിയില്ലങ്കില്‍ ഹാ...... അപ്പോള്‍ കാണാം


    ( അപ്പോള്‍ വീണ്ടും വായിക്കും ഞാന്‍ ഹല്ല പിന്നെ )

    ReplyDelete
  100. അയ്യോ..ചിരിച്ചു.. ചിരിച്ചു..വയറു വേദനിച്ചു പോയി..
    ഇത്രയും ഹ്യുമര്‍ ഉള്ള ഒരു പോസ്റ്റ്‌ ഞാന്‍ ആദ്യമായാണ് വായിക്കുന്നത്.
    നമ്മളൊക്കെ ഒരേ ജില്ലക്കാരാണ് കേട്ടോ..
    ഇത്രയും നാള്‍ ഈ ബ്ലോഗ്‌ വായിക്കാത്തത് കഷ്ടമായി.
    കണ്ണൂര്‍ക്കാര്‍ അമ്മാവന്‍മാര്‍ക്ക് നല്ലൊരു കിഴുക്കു കൊടുത്തിട്ടുണ്ടല്ലോ.
    വീണ്ടും വരും.ആശംസകളോടെ..

    ReplyDelete
  101. @( O M R ): ആലങ്കാരികമായി "തല്ലി". (ചുമ്മാ സാറേ)

    @ഷാഹിന വടകര: മിടുക്കീ,മൊന്ജത്തീ, ഞാനവിടെ വന്നു. വായിച്ചു. കമന്റി. ഈ വഴി ഇനിയും വരണേ പൊന്നെ.

    @അലി: ഒരു നൂറു നന്ദി ചുമ്മാ ഇരിക്കട്ടെ.

    @Abdulkader kodungallur: ഉഗ്ഗ്രന്‍ കമന്റു. കണ്ണൂരാന്‍ ഞെട്ടി സാറേ. സത്യം.

    @ശാന്ത കാവുമ്പായി: ടീച്ചറുടെ കമന്റു ഉണ്ടല്ലോ.

    @ശ്രീനാഥന്‍: സാറേ, പെരുത്ത്‌ നന്ദി. ഈ വഴി മറക്കരുത് കേട്ടോ.

    ReplyDelete
  102. കണ്ണൂരാനേ..
    ഈ കാത്തിരിപ്പിനൊക്കെ ഒരതിരുണ്ട് കെട്ടോ....
    വേഗം പുതിയ പോസ്റ്റ് ഇടാന്‍ നോക്ക്!

    ങാഹ പറഞ്ഞില്ലെന്ന് വേണ്ട!

    ReplyDelete
  103. Great man!
    അസ്സലായി ചിരിപ്പിച്ചു.
    എന്നാലും,ഇതില് ഇത്തിരി 'കൂട്ടി' അടിച്ചില്ലേ?
    ഇത് വായിച്ചിട്ട് ബീവി വീണ്ടും കണ്ണും,മൂക്കും ചുവപ്പിച്ചോ?

    ReplyDelete
  104. 1."M T സാറിനെ അറിയാമോ?"

    "ഇല്ല P T സാറിനെ അറിയാം. ഒരു മൊയന്തനാ. അടിക്കും..."


    2."പറയൂ, ആരാണ് കമലാസുരയ്യ..?"

    ചോദ്യവേഗത്തില്‍ തന്നെ അവളുടെ ഉത്തരവും വന്നു.

    "ഇങ്ങളെ മറ്റോള്.. ആ കത്തെഴുതി വെച്ചില്ലേ.. ഓള് തന്നെ. ഇനി അങ്ങന്‍ത്തെ കത്തൊന്നും എഴുതണ്ട കേട്ടോ. ഇങ്ങക്ക് ഞാനില്ലേ..."


    എന്റമ്മോ....എനിക്ക് വയ്യ..... പൊളപ്പന്‍....പൊളപൊളപ്പന്‍ ......കിടു....കിടുകിടിലന്‍....

    ReplyDelete
  105. ഒരു അനോണിക്കമന്റുണ്ടല്ലോ മുകളില്‍..
    അതങ്ങു ഡെലിറ്റിയേരേ കണ്ണൂരാനേ..
    ജീവനില്ലാത്ത ആ കമന്റ് അവിടെ കിടന്നങ്ങനെ നാറുന്നു...!!!

    ReplyDelete
  106. @നൗഷാദ് അകമ്പാടം:
    അനുസരിക്കുന്നു.

    (അലി ഭായിന്റെ പോസ്റ്റില്‍ കമന്റിട്ടതിന് ഒരു യതീംകുട്ടി അയച്ച ഗിഫ്റ്റാ അത്)

    ReplyDelete
  107. നൌഷാദ് ഭായി,
    ഇതു മുഴുവൻ എന്റെ ബ്ലോഗിൽ കമന്റിട്ടവരോടുള്ള പ്രതികാരമാണ്. ഇപ്പോ കണ്ണൂരാനു കിട്ടി. ബാക്കിയുള്ളോർക്കും കിട്ടുമായിരിക്കും!

    എന്റെ ബ്ലോഗിൽ തന്നെ ആവശ്യത്തിലധികം AKCPBA യുടെ മെമ്പർമാർ യതീം കുട്ടികളായി കമന്റിട്ടിരിക്കുന്നു. ആരുമേതുമില്ലാത്ത നിങ്ങൾക്കായി കമന്റിടാനായി തന്നെ ഒരു പോസ്റ്റ് തന്നെ നീക്കിവെച്ചപ്പോൾ ഇവിടെയും നിങ്ങളുടെ സംസ്കാരം കാണിക്കേണ്ടാ‍യിരുന്നു AKCPBA ക്കാരേ!

    ReplyDelete
  108. താങ്കളുടെ ബ്ളോഗ്ഗ്‌ ബഷീറിണ്റ്റെ പൂവന്‍പഴം ഓര്‍മിപ്പിക്കുന്നു. എണ്റ്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  109. വിവാഹം കഴിഞ്ഞു നാലാം നാള്‍ അവള്‍ക്കിട്ടു പൊട്ടിച്ചില്ലെ...? ഇനിയും പൊട്ടിയ്ക്കുക അല്ല എഴുതുക
    എല്ലാ വിധ ഭാവുകങ്ങളും...

    ReplyDelete
  110. കാദര്‍ ഇക്കാന്റെ മോളെ ഇനീ വിഷമിപ്പിക്കരുത് , പ്ലീസ്‌...
    കണ്ണൂരാന്‍ കലക്കീട്ടോ ...

    ReplyDelete
  111. വായിച്ചു......
    അവസാനം വളരെ ഇഷ്ട്ടപ്പെട്ടു

    ReplyDelete
  112. കണ്ണൂരാനേ കൊള്ളാം , സാഹിത്യം പ്രയോഗിച്ചു നെഞ്ചകം പോട്ടിയതല്ലാതെ നടുപ്പൊറാം കടപ്പൊറമായ വല്ല കഥകളുമുണ്ടോ ????????

    ReplyDelete
  113. കണ്ണൂരാനെ... എല്ലാ ബ്ലോഗും ഒറ്റയടിക്ക് വായിച്ച് തീര്‍ക്കാന്‍ ഇരിക്കുവാ ഞാന്‍.. പക്ഷെ അപ്പോള്‍ പറ്റിയ പറ്റു എന്താന്ന് വെച്ചാല്‍ പന്ത്രണ്ടു മണിക്ക് മുന്നേ പോസ്റ്റ്‌ ചെയ്യേണ്ട എന്‍റെ reports ഞാന്‍ മറന്നു പോയി.... ന്നാലും ഈ കിടിലന്‍ ബ്ലോഗ്‌ വായിച്ചല്ലോ... എന്‍റെ ജോലി പോയാല്‍ ഈ ബ്ലോഗിടത്തില്‍ എവിടേലും ഒരു ജോലി തന്ന് സഹായിക്കണേ കണ്ണൂരാനെ... അങ്കോം കാണാം താളീം ഓടിക്കാം...(പ്രധാനം ബ്ലോഗ്‌ വായിക്കാലോ എന്ന് തന്നെയാ..പിന്നെ അതു തന്നെ ഒരു ജോലിയും ആക്കാമല്ലോ... )

    ReplyDelete
  114. എന്റമ്മച്ചീ...നിങ്ങള്‍ പുലിയല്ല, സിംഹമാ സിംഹം....
    ഒരു രക്ഷയുമില്ലാത്ത എഴുത്ത്...ഇന്ന എല്ലാ പോസ്റ്റും വായിച്ചേ...
    പിന്നെ പ്രൊഫൈല്‍ ഫോട്ടോയിലെ മൂടുപടം നീക്കി പുറത്തു വരാന്‍ സമയമായി...
    ഫോളോവര്‍ ആയിട്ടുണ്ട്‌ കേട്ടോ...

    ReplyDelete
  115. എല്ലാ രചനയും വായിച്ചിട്ട് കംമെന്റിക്കാന്നു കരുതിയതാ... എന്നാലും ഇതിനു തനിച്ചു എഴുതി ഇല്ലേല്‍ അത് വല്യ കുറവാകും...
    അതെ സംഭവം നടന്നതല്ലെങ്കിലും അവതരണം കലക്കി...
    ഭാര്യ ഇത്രേം മണ്ടി ആണെന്ന് ഞാന്‍ വിശ്വസിക്കില്ലാട്ടോ...
    കമല സുരയ്യയെ അറിയാത്ത മലയാളികള്‍ ചുരുക്കം....
    ലളിതമായ ഹാസ്യം.ഒത്തിരി ഇഷ്ടമായിട്ടോ....

    ReplyDelete
  116. രസകരം. അധിരസകരം. അല്ലാ.. ഒന്നു ചോദിക്കട്ടെ. ഈ "കല്ലി വല്ലി" അതെന്താ? എനിക്കു മാത്രം മനസ്സിലായില്ല.

    ReplyDelete
  117. അറബിയിലെ ഖല്ലി..വല്ലി.. ആണോ?

    ReplyDelete
  118. ലാസ്റ്റ്‌ പറഞ്ഞ "ഇങ്ങക്ക് ഞാനില്ലേ..." ഹോ...ഭയങ്കര റൊമാന്റിക്‌ ആയിപോയി !!!

    നല്ല പോസ്റ്റ്‌ !

    ReplyDelete
  119. കല്ലി വല്ലി നേരത്തെ കണ്ടിരുന്നെങ്കിലും ആള് പുതിയ മുഖമാണെന്ന് മനസ്സിലായത് ജിഷദിന്റെ പോസ്റ്റില്‍ നിന്നും ആണ് . എന്നാ പിന്നെ മൊത്തം അങ്ങ് വായിചെക്കാമെന്ന് കരുതി . വായിച്ചതെല്ലാം ! ഒരുപാടു ചിരിക്കാന്‍ പാടില്ല എങ്കില്‍ കൂടി ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്ന് വെള്ളം വന്നു , മൂക്കും ചുവന്നു . ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഒരു സംഭവം ആയില്ലേ . നമസ്കരിച്ചു .

    ReplyDelete
  120. ഒടുവില്‍ തട്ടി തടഞ്ഞു ഞാനും ഇങ്ങടെത്തി.
    വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം പറയണം എന്ന് തോന്നി.
    ചില പെണ്ണുങ്ങളൊക്കെ ഇങ്ങനെ തന്നെ.
    കല്ലിവല്ലി

    ReplyDelete
  121. ഹ ഹ കലക്കി..ഒരു കുഞ്ഞിപ്പാത്തുമ്മാ സ്റ്റൈലുണ്ടായിരുന്നു പെമ്പ്രന്നോളുടെ വറ്ത്തമാനങ്ങള്‍ക്ക്..

    ReplyDelete
  122. ഞൻ എവിടെ എത്താൻ തമസിച്ചോ എന്നു സംശയം..ഹ ഹെ ഹി..

    ReplyDelete
  123. വളരെ വയ്കി(എന്റെ മോങ്ങം വഴി) ഇവിടെയെത്തിയ എനിക്ക് നിരാശനാകേണ്ടി വന്നില്ല. തുടരുക, ഇതിലും നന്നായില്ലെങ്കിലും ഇതുപോലെയൊക്കെ തുടരുക. എല്ലാ ആശംസകളും.

    ReplyDelete
  124. കണ്ണൂരാന്റെ ഈ പോസ്റ്റ് ഞാന്‍ വിട്ടുപോയിരുന്നു. ചിരിച്ചൊരു വയിക്കായപ്പാ...

    ReplyDelete
  125. ം സംഗതി കേമായിട്ടൊ...ഹല്ല ഇത് കണ്ണൂരാന്റെ സ്വന്തം അനുഭവമോ? അതൊ കെട്ട്യോളെ അനുഭവമോ? ഹപ്പൊ സുരയ്യയുമായിട്ടായിരുന്നല്ലേ ബന്ധം? ഡക..ഡകാ..

    ReplyDelete
  126. എനിക്കിഷ്ടായി. എഴുതാനൊന്നും അറിയില്ല, പക്ഷെ വയിക്കുന്ന അസുഖമുണ്ട്‌, എന്നെക്കൂടെ കൂട്ടത്തില്‍ കൂട്ടമോ?

    ReplyDelete
  127. അമേരിക്കന്‍ പ്രസിടന്റിനു മുന്‍പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നില്‍ക്കും പോലുള്ള എന്‍റെ നില്‍പ്പു കണ്ട് അവള്‍ കലിതുള്ളി.....
    "എടീ, നിനക്ക് മോപസാങ്ങിനെയും ടോള്‍സ്റ്റോയിയേയും ചെക്കൊവിനെയും വേര്‍ഡ്സ് വര്‍ത്തിനെയും കാഫ്ക്കയെയും കീറ്റ്സിനെയും ഷെല്ലിയേയും ബൈറനേയും സിഡ്നി ഷെല്‍ഡനേയും ഖലീല്‍ ജിബ്ബ്രാനെയും ദസ്തയോവസ്ക്കിയെയും പൌലോ കൊയ്-ലോയെയും അറിയാമോ?"

    അറിയില്ലെന്നവള്‍ തലയാട്ടി. എന്നിട്ട് നിഷ്കളങ്കമായി ചോദിച്ചു.

    "ഓരൊക്കെ ഇങ്ങളെ ദുബായിലെ ചങ്ങായിമാരാ?..............
    കല്ലിവല്ലി !

    ReplyDelete
  128. OH MY GOD ! KADIRKUTTY SAHIBINTE MOLDE BRAIN ..... APAARAM THANE.SHE IS VERY INNOCENT.

    ReplyDelete
  129. thakarppan...........kannoran.......

    ReplyDelete
  130. "പറയൂ, ആരാണ് കമലാസുരയ്യ..?"

    ചോദ്യവേഗത്തില്‍ തന്നെ അവളുടെ ഉത്തരവും വന്നു.

    "ഇങ്ങളെ മറ്റോള്.. ആ കത്തെഴുതി വെച്ചില്ലേ.. ഓള് തന്നെ. ഇനി അങ്ങന്‍ത്തെ കത്തൊന്നും എഴുതണ്ട കേട്ടോ. ഇങ്ങക്ക് ഞാനില്ലേ..."

    Porichu ishtaa...

    ReplyDelete
  131. കണ്ണൂരാനേ അടിപൊളി..

    ReplyDelete
  132. ബാബു ഭരദ്വാജിന്‍റെ പ്രവാസിയുടെ കുറിപ്പുകളില്‍ ഒരു സംഭവം പറയുന്നുണ്ടദ്ദേഹം. സഊദിയിലെ ഒരു ചെറു പട്ടണത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ അദ്ദേഹം ഒരു ലബനാനിയുമായി പരിചയപ്പെട്ടു, പരിചയം വളര്‍ന്ന് സൌഹൃദമായി. ആ സൌഹൃദത്തില്‍ അദ്ദേഹത്തെ അയാള്‍ വീട്ടിലേക്കു ക്ഷണിച്ചു. അവിടെ അയാളുടെ ഭാര്യം മക്കളും അദ്ദേഹത്തെ വിരുന്നൂട്ടി. സംസാരിച്ചു ആരെയും കുപ്പിയിലാക്കാന്‍ അസാമാന്യ കഴിവുള്ള ബാബു ലബനാനീ കുടുംബത്തേ കയ്യിലെടുക്കാന്‍ ഒരു തുറുപ്പെടുത്തു പുറത്തിട്ടു, ലബനായിയായ ഖലീല്‍ ജബ്രാന്‍റെ കവിതകള്‍ ഓരോന്നോരോന്നായി ചൊല്ലിത്തുടങ്ങി. ആതിഥേയന്‍റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും പരസ്പരം നോക്കാന്‍ തുടങ്ങി. ബാബു ആവേശത്തിലായി, ഇന്ത്യക്കാരന്‍റെ കഴിവുകള്‍ അവര്‍ മനസ്സിലാക്കട്ടെ,, കുറെ കവിതകള്‍, പിന്നെയും കുറെ.... അവരുടെ അത്ഭുതം ചിരിയായി മാറി.. പന്തിയില്ലെന്നു തോന്നിയ ബാബു അവരോടു ചോദിച്ചു, എന്തേ കവിത ഇങ്ങനെത്തന്നെയല്ലേ? അവര്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങളീ പറയുന്ന അതെ പേരിലുള്ള ഒരു പ്രതിമ ബെയ്റൂത്തിലെ ഒരു തെരുവിലുണ്ട്.. അതെ ഖലീല്‍ ജബ്രാന്‍റെ പ്രതിമ.
    ഖല്ലിവല്ലി വായിച്ചപ്പോള്‍ ആ കഥ ഒരുത് പോയി.

    ReplyDelete
  133. എന്താപ്പോ ഇത് കണ്ണൂരാനെ
    വീട്ടീന്നുള്ള ചോറും കറിയും മടുത്തോ?
    ഹോട്ടലീന്നു കഴിക്കേണ്ടി വരും ട്ടോ
    പറഞ്ഞേക്കാം

    ReplyDelete
  134. കണ്ണൂരാനെ അസ്സലായി സ്വര്‍ഗത്തിലൊരു സുരയ്യ....

    ReplyDelete
  135. കണ്ണൂരാനെ... ഞാന്‍ മുന്‍പ് ഇവിടെ വന്നപ്പോള്‍ ഈ സംഭവം കണ്ടില്ലല്ലോ . ഇപ്പോള്‍ ഗ്രൂപ്പില്‍ പോസ്റ്റ്‌ കണ്ടു വന്നതാ ...
    കൊള്ളാം... നല്ല ബെബെരള്ള ഭാര്യ ...... ഭാര്യമാരായാല്‍ ഇങ്ങിനെ വേണം

    ReplyDelete
  136. അത്ഭുതപ്പെടുത്തുന്നു കണ്ണൂരാന്‍,
    സരസം! ഗംഭീരം!

    ReplyDelete
  137. ഇങ്ങളെന്റെ വീടുകാരെ കൊണ്ട് എന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുപ്പിക്കുംനു തോന്നുന്നു... ഇങ്ങടെ പോസ്റ്റ്‌ വായിച്ചു ഞാന്‍ ഇരുന്നു ചിരിക്കുമ്പോ... ഏതോ കാമുകനുമായി ഞാന്‍ സല്ലപിക്കുവയിരിക്കും എന്നാണ് എന്റെ അമ്മ ചിന്തിക്കുന്നതെന്ന് തോന്നുന്നു... ഇടയ്ക്കിടയ്ക്ക് എന്റെ മേല്‍ ഒരു കണ്ണുണ്ട്

    ReplyDelete
  138. കണ്ണൂരാനേ...നിങ്ങ...കലക്കി കടുകു വറുത്തു...
    ഒരുപാട് ചിരിപ്പിച്ചു... കേട്ടോ...

    ReplyDelete
  139. (വലിയ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയില്ല, എന്‍റെ നെഞ്ചിനകത്തൊരു വെടി പൊട്ടിയതായിരുന്നുവല്ലോ അത്)
    :D
    മൊത്തത്തില്‍ രസിപ്പിച്ചു

    ReplyDelete
  140. അമേരിക്കന്‍ പ്രസിടന്റിനു മുന്‍പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നില്‍ക്കും പോലുള്ള എന്‍റെ നില്‍പ്പു കണ്ട് അവള്‍ കലിതുള്ളി.

    ReplyDelete
  141. നല്ല പോസ്റ്റ്‌. നന്നായി ചിരിപ്പിച്ചു. എന്നാലും.ഷെമ്മൂനെ ഇത്രയും വിവരം ഇല്ലാത്തവളായി പറഞ്ഞത് കഷ്ടായി..:)

    ReplyDelete
  142. ഹ... ഹ.. സുപ്പെര്‍...,,

    ReplyDelete
  143. "ഓരൊക്കെ ഇങ്ങളെ ദുബായിലെ ചങ്ങായിമാരാ? Hahaha hahahahaha :)

    ReplyDelete
  144. ചിരിച്ചിട്ട് കണ്ണുനിറഞ്ഞു ...

    ReplyDelete
  145. ആഹാ...കൊള്ളാല്ലോ........

    ReplyDelete
  146. ഡിയര്‍ കണ്ണൂരാന്‍ ,
    ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ !
    നിറയെ കേട്ടിരിക്കെ..പാക്കലേക്ക് ഇപ്പന്താം ടൈം കേടച്ചാച് !

    വളരെ രസകരമായ വായന തന്നതിന് പെരുത്ത് നന്ദി...
    ഒരു സിനിമാ കാണുന്ന പോലെ വായിച്ചു !.
    ആശംസകള്‍
    അസ്രുസ്
    ....
    ...
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld

    ReplyDelete
  147. ന്നാലും ഇങ്ങള് ഓരെ ചതിക്കണ്ടായിരുന്നു...
    സത്യത്തില്‍ ഇങ്ങളെ ആരാ ഈ കമലസുരയ്യ :)

    ReplyDelete
  148. 1983 സിനിമേലെ ഫസ്റ്റ്നൈറ്റ് കണ്ടപോലെയായി. ഇങ്ങളു പയങ്കര ചൂടനാണല്ലോ.. ഇനി കമന്റടിച്ചൂന്നു പറഞ്ഞും അടി കിട്ടുവോ?

    ReplyDelete
  149. ഇനിയെങ്കിലും സത്യം പറയ്‌...ആ ലെറ്റർ ആർക്കുള്ളതായിരുന്നു ?? ;)

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)