Pages

Subscribe:

Ads 468x60px

Showing posts with label നര്‍മ്മാനുഭവം. Show all posts
Showing posts with label നര്‍മ്മാനുഭവം. Show all posts

Thursday, November 15, 2012

വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും


കഥ ഇതുവരെ: 
മാനം മര്യാദയ്ക്ക് ഭൂലോകത്ത് ജീവിക്കുന്നതിനിടയില്‍ ബൂലോകത്തേക്ക് വഴിതെറ്റിവന്നൊരു അനോണിയാണ് ഈ കുരുത്തംകെട്ട അവിലവലാതി. പേര് കണ്ണൂരാനാണെന്നും നാട് കണ്ണൂരിലാണെന്നും വീമ്പിളക്കുന്ന ഒരഹങ്കാരി. സ്വാനുഭവങ്ങളുടെ തീക്ഷ്ണതകള്‍ വരച്ചുകാട്ടി ബ്ലോഗില്‍ പേരെടുക്കാന്‍ പോര് നടത്തുന്ന ഒരു ദുബായിക്കാരന്‍ പ്രവാസി. ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്. എന്നാലും ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് SMS വഴിയും നേരില്‍ വന്നു അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ക്ക്  നേരിട്ടുവരാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി ദയവായി കമന്റ് ഫോളോ ചെയ്യേണ്ടതാണ്. ഇതേവരെ പുകഴ്ത്തുകയും ഇകഴ്ത്തുകയും പ്രശംസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. സ്നേഹപൂര്‍വ്വം കണ്ണൂരാന്‍ / കല്ലിവല്ലി.

തുടര്‍ന്ന് വായിക്കുക.


സുന്ദരിയും സുമുഖിയും സുശീലയും സുഷ്മിതാസെന്നുമാണ് നെല്ലിക്കണ്ടി മൊയ്തുഹാജിയുടെ രണ്ടാമത്തെ മകളും തൈവളപ്പില്‍ ഹംസയുടെ ഭാര്യയുമായ മറിയംബി. അതീവ സുന്ദരി. വീട്ടിലെ പൂച്ചയേക്കാള്‍ മൊഞ്ചത്തി. പ്രായം മധുരപ്പതിനേഴ് പിന്നിട്ട് കഷ്ടിച്ച് അമ്പതു വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും. ഈ പ്രായത്തിലും ഇത്രേം മൊഞ്ചുണ്ടെങ്കില്‍ ചെറുപ്പത്തില്‍ എന്തോരം സുന്ദരിയായിരിക്കുമെന്ന് കളിയാക്കിയാല്‍ ആ മുഖത്ത് ശോണിമ പരക്കും.. കണ്ണുകളില്‍ നാണം വിരിയും... മൂക്കില്‍ പൂക്കള്‍ വിടരും.. ചെവിക്കുമേല്‍ പൂമ്പാറ്റ പറക്കും... ഹമ്പടി മറിയേ കള്ളീ. ദില്‍വാലേ ദുല്‍ഹനിയാ ലേജായേന്‍ഗേ.. പെണ്ണിന്റെയൊരു നാണം കണ്ടില്ലേ..!

എന്റെ കരളും കരളിന്റെ കരളുമാണ് ഈ മറിയംബി. മറിയംബിയുടെ ഒരേയൊരു മകള്‍ ആയിഷയുടെ ഒരേയൊരു മകനാണ് ഞാനെന്നയീ പോക്കിരിയും പീക്കിരിയും. ഉപ്പാപ്പ ശുജായി ആയിരുന്നുവെങ്കില്‍ ഉമ്മാമ ബഡായിയാണ്. "ന്റെ മൊഞ്ച് കണ്ടിട്ട് പിറകെ വന്നതാ നിന്റെ ഉപ്പാപ്പ.." എന്നൊക്കെ കാച്ചും. പോരാത്തതിന് "ന്റെ മക്കളും മക്കളുടെ മക്കളും ചെമന്നു തുടുത്തിരിക്കുന്നത് ഇന്റെ മൊഞ്ച്  കാരണാ"ന്നാ മൂപ്പത്തീടെ അവകാശവാദം.

പതിമൂന്നാം വയസിലായിരുന്നുവത്രേ ഉമ്മാമയുടെ കല്യാണം. 15 വയസു മുതല്‍ 33 വയസു വരെ   പുട്ടുംകുറ്റിയില്‍ നിന്നും പുട്ട് വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടു. ഇരട്ടകള്‍ രണ്ടെണ്ണം പരട്ടലോകത്തോട്‌  വഴിയിക്കുവെച്ചേ ഗുഡ്ബൈ പറഞ്ഞു പരലോകം പൂകി.
ബാക്കിയുള്ളത് ഒരു പെണ്ണും അഞ്ച് ധീരശൂര മഹാ സാധുക്കളായ മൊശകോടന്‍മാരുമാണ്. എന്റെ അങ്കിള്‍സായ ഈ കോന്തന്മാര്‍ കാരണം അന്നും ഇന്നും നല്ലൊരു കുരുത്തംകെട്ടവനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

മൂന്നാല് കൊലപാതകം, നാലഞ്ചു ബലാല്‍സംഗം, അഞ്ചാറ് ബോംബേറ്, ആറേഴ് പിടിച്ചുപറി, ഏഴെട്ട് കത്തിക്കുത്ത്....  കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു അതൊക്കെ. എല്ലാം ഈ തുപ്പാക്കികള്‍ നശിപ്പിച്ചു. എന്നിലെരിയേണ്ടിയിരുന്ന വിപ്ലവത്തിന്റെ തീജ്ജ്വാലകളെ അവര്‍ തല്ലിക്കെടുത്തി. പകരം ചെറിയ ചെറിയ അടിപിടിക്കേസുകളില്‍ എനിക്കൊതുങ്ങേണ്ടി വന്നു.
കാര്യമായിട്ടെന്തേലും പണിയൊപ്പിച്ചെന്നറിഞ്ഞാല്‍ പഞ്ച പാണ്ഡവ മണ്ടശിരോമണികള്‍ ചാടിവീഴും. എന്നിട്ടൊരു വിചാരണയാണ്. കല്‍പ്പനകള്‍ .., ഉപദേശങ്ങള്‍ ...

"തൈവളപ്പില്‍ ഹംസയുടെ മക്കള്‍ കളിക്കാത്ത കുരുത്തക്കേടൊന്നും മുട്ടേന്നു വിരിയാത്ത നീ കളിക്കണ്ട.. മനസിലായോഡാ..?"

മനസിലായി!
മേല്‍പറഞ്ഞ വീരകൃത്യങ്ങളില്‍ ഒന്നിന്റെപോലും രുചിയറിയാന്‍ ഈ ജന്മത്തിലെനിക്ക് ഭാഗ്യമുണ്ടാവില്ലെന്നു മനസിലായി. എന്റെ അമ്മാവന്മാര്‍ അന്ന് മസില് പിടിച്ചതിന്റെ   ദുരന്തഫലമാണ്‌ കണ്ണൂര്‍ ജില്ലക്ക് - കേരള സ്റ്റേറ്റിന് - ഇന്ത്യാ മഹാരാജ്യത്തിന് എന്നെപ്പോലൊരു തറവാട്ടിലും തന്തക്കും പിറന്നൊരു കൊലപാതകിയെ, ബലാല്‍സംഗ സഖാവിനെ, പിടിച്ചുപറിക്കാരനെ, കത്തിക്കുത്ത് വീരനെ നഷ്ടമായത്. എന്നിലെ ബഹുമുഖ പ്രതിഭയെ നശിപ്പിച്ച കശ്മലന്മാരേ, കാലം നിങ്ങളോട് പൊറുക്കില്ല..!

ഒരൊന്നൊന്നര രണ്ടര മൂന്നു മൂന്നേ-മുക്കാല്‍ മൊതലാണ് ഉമ്മാമ്മ. ഇഷ്ടം പോലെ ഭൂസ്വൊത്തുക്കള്‍ - ബാങ്ക് ബാലന്‍സ്‌, മത്സരിച്ചു നോക്കുന്ന മക്കള്‍ -
പതിനാലുവര്‍ഷം മുന്‍പ് ഉപ്പാപ്പ മരിച്ചു. തറവാട്ടില്‍ ഉമ്മാമ്മയെ സഹായിക്കാനും കൂടെ നില്‍ക്കാനും റംലത്ത എന്നൊരു സ്ത്രീയുണ്ട്. ഇടയ്ക്കു മക്കളും മരുമക്കളും വന്നു താമസിക്കും. വല്ലാത്തൊരു സ്നേഹവാത്സല്യമാണ് ഉമ്മാമ്മാക്ക്.  എല്ലാവരും എല്ലാ ദിവസവും പോവുകയോ വിളിക്കുകയോ ചെയ്തിരിക്കണം. അല്ലെങ്കില്‍ ദേഷ്യപ്പെടും. പരിഭവിക്കും.. ഉമ്മാമ്മ ടോട്ടലീ ദില്‍തോ പാഗലാവും..!

അങ്ങനെ പോവാതിരുന്ന രണ്ടു നാളുകള്‍ക്കു ശേഷമുള്ള ഒരു ദിവസം. ഇക്കഴിഞ്ഞ നോമ്പ് ഇരുപത്തിമൂന്നിന്റന്നു രാത്രി ഭക്ഷണവും കഴിച്ച്, അടുത്ത കുട്ടി മൂന്നു മാസത്തിനകം വേണോ അതോ മൂന്നരവര്‍ഷം കഴിഞ്ഞു മതിയോ എന്ന് സാഹിബിന്റെ മോള്‍ ശംഖിനി മങ്കയുമൊത്ത് കൂലംങ്കഷമായി ആശങ്ക പങ്കിടുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ചങ്കുപൊട്ടിക്കരഞ്ഞത്. 


ശരീരത്തിലെ രേഷ്മാണുക്കളും ആമസോണ്‍ ക്രോമസോമുകളും അക്ഷാംശരേഖയും ദക്ഷിണദ്രുവമാകെയും ലാവപോല്‍ തിളച്ചുമറിയുന്ന ഈ അസമയത്ത് വിളിക്കുന്നവന്റെ തലസ്ഥാനം നോക്കിയും സംസ്ഥാനം നോക്കിയും എട്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യത്തോടെ മങ്കയെ അടര്‍ത്തിമാറ്റി അഴിഞ്ഞലുങ്കി അങ്കച്ചുരികയാക്കി ഫോണെടുത്ത് ഞാന്‍ ഹലോ പറഞ്ഞു.

"നീ ഒറങ്ങീട്ടില്ലെങ്കി ഈടമ്പരെ ബാ. അണ്ക്കിപ്പം നിന്നെ കാണണം..."


അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ്‌ കണ്ടു ഞെട്ടിയ സനോണി ബ്ലോഗറെപ്പോലെ ഞാന്‍ കുന്തിച്ചിരുന്നു. ഉമ്മാമ്മയാണ്. എന്താണാവോ ഈ അര്‍ദ്ധരാത്രി..!


"ഞാനിപ്പം തന്നെ പുറപ്പെടാം.. ഓളീം കുട്ട്യോളേം കൂട്ടണോ..?


"ബേണ്ട.. പിന്നെ ഞാനീ ബിള്‍ച്ചതും ബെരാമ്പര്‍ഞ്ഞതും മറ്റാരോടും പറയണ്ട. കേട്ട്ണാ.."


പറയില്ലെന്നു സമ്മതിച്ച് ഫോണ്‍വെച്ച് ഷെമ്മൂനോട് കാര്യം പറഞ്ഞ്‌ കുളിച്ചു കുട്ടപ്പനായി വണ്ടിയുമെടുത്തോടി.    എന്തിനായിരിക്കും ഉമ്മാമ്മ ഇപ്പത്തന്നെ കാണണമെന്ന് പറഞ്ഞത്! രണ്ടീസം കാണാത്തത് കൊണ്ട് ചെവിക്കു പിടിക്കാനായിരിക്കുമോ? അതോ, പണ്ട് പൊട്ടിച്ച ചട്ടീം കലത്തിന്റെ കണക്കു പറയാനാണോ? അല്ലെങ്കില്‍ നിന്റെകൂടെ ദുബായിലേക്ക് ഞാനും വരുന്നെന്നു പറയാനായിരിക്കുമോ? എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടുന്നില്ല. ഇനി ആ വീടും വീടിരിക്കുന്ന സ്ഥലവും എന്റെ പേരില്‍ എഴുതിത്തരാന്‍ വേണ്ടിയാണോ?


ആയിരിക്കും.

ഈയിടെയായി ഉമ്മാമ്മ അത് പറയാറുണ്ടെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. നോമ്പ് തുടക്കത്തില്‍ ഞങ്ങളുടെ വീടായ റോസ് ഗാര്‍ഡനില്‍ ആയിരുന്നു ഉമ്മാമ. അന്നും  ഉമ്മയോട് പറഞ്ഞിരുന്നു പോലും "തൈവളപ്പില്‍ പുരയും ആ സ്ഥലവും നിന്റെ മോനുള്ളതാ.." എന്ന്. 

വാപ്പ എതിര്‍ക്കുമോന്നാ ഉമ്മാമ്മാന്റെ പേടി. എല്ലാവര്‍ക്കും അവകാശപ്പെട്ടത് ഒരു പേരക്കുട്ടിക്ക്‌ മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന് വാപ്പ ഭയപ്പെടുന്നു. അതാണ്‌ അഹമദാജി.  ഉമ്മാമയുടെ സ്വത്തുക്കള്‍ വീതംവെക്കുമ്പോള്‍ ഉമ്മാക്ക് കിട്ടാനുള്ള അവകാശം സ്നേഹപൂര്‍വ്വം നിരസിച്ചയളാണ് വാപ്പ. 'ആവശ്യത്തിനു പടച്ചോന്‍ നമുക്ക് തന്നിട്ടുണ്ടെന്നും ഉമ്മാമ്മയുടെ സ്വത്തുക്കള്‍ ആണ്‍മക്കള്‍ക്ക്‌ തന്നെ കൊടുത്തോട്ടെ' എന്നായിരുന്നുവത്രേ വാപ്പാന്റെ നിലപാട്.  ആ ഒരു വിഷമം ഉമ്മാമ്മാക്കുണ്ട്. അതിന്റെ പ്രതിവിധിയായിട്ടാണ് വീടും സ്ഥലവും എനിക്ക് തരാന്‍ അവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഉമ്മ പറയുന്നത്.


വീടും വീടിരിക്കുന്ന ഇരുപത്തിമൂന്ന് സെന്റും എന്റെ പേരിലാക്കാനായിരിക്കും ഉമ്മാമ്മ വിളിക്കുന്നത്.   നേരം വെളുത്താല്‍ വാപ്പ അറിയും. അറിഞ്ഞാല്‍ കുളമാവും. അങ്ങനെയെങ്കില്‍ ഈ പാതിരാത്രി തന്നെ മാറ്റണം. ടൌണില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയാണ് തറവാട്. സെന്റിന് ഏഴു ലക്ഷം മതിപ്പുണ്ടാവും.എന്റെപേരിലായാലുടന്‍ അടിയന്തിരമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാലോചിച്ചു. ആ ഓപറേഷന് 'ആക്ഷന്‍ ഓഫ് ഉമ്മാമ്മാസ് പ്രോപ്പര്‍ട്ടീസ് ഇന്‍ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് കണ്ണൂര്‍ എന്നൊരു പേര് മനസ്സില്‍ കുറിച്ചിട്ടു. ഇനി വേണ്ടത് പ്ലാനിങ്ങാണ്.


ആ മാളികവീടും സ്ഥലവും ഇടിച്ചു നിരപ്പാക്കി അവിടെയൊരു എയര്‍പോര്‍ട്ട് പണിയണം. എന്നിട്ട് സ്വന്തം ഫ്ലൈറ്റില്‍ പറന്നിറങ്ങി കണ്ണൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കണം. നാട്ടുകാര്‍ കാണട്ടെ.. വാപ്പ ഞെട്ടട്ടെ.. ദുബായില്‍ പോയി നശിക്കെടാ എന്ന് പരിഹസിച്ച മൂത്താപ്പാന്റെ നെഞ്ച് പൊട്ടട്ടെ..


ഓര്‍ത്തപ്പോള്‍ എന്റെ അഡ്രിനാലിന്‍ ഉയര്‍ന്നു. എവിടെയൊക്കെയൊ ഒരു കുച്ച്കുച്ച് ഹോത്താഹേ.. ഇപ്പോള്‍ തന്നെ വിജയ്‌ മല്യയെ വിളിച്ചു രണ്ടു ഫ്ലൈറ്റിനു ബുക്ക് ചെയ്താലോ എന്നാലോചിച്ചെങ്കിലും വിമാനക്കച്ചോടം പൊട്ടി ആപ്പീസ് പൂട്ടിപ്പോയ  ആ  പുള്ളയിപ്പോള്‍ കള്ളടിച്ച് പള്ള വീര്‍പ്പിച്ച് തൊള്ള തുറന്നുറങ്ങുകയാവും എന്ന ചിന്തയില്‍  വിളി  നാളത്തേക്ക് മാറ്റി ആക്സിലറേറ്റില്‍ ആഞ്ഞു ചവിട്ടി.


അത്യാഹ്ലാദത്തോടെ, അതിലേറെ ആവേശത്തോടെ തറവാട്ടിലെത്തുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.മുറ്റംനിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്.

ആധാരമെഴുത്തുകാരും രജിസ്ട്രാപ്പീസറും ആയിരിക്കും. ഹൌ! ഈ ഉമ്മാമ്മാന്റെയൊരു ബുദ്ധി!

പക്ഷെ ഗേറ്റിനു പുറത്ത് വണ്ടിനിര്‍ത്തി മുറ്റത്തെത്തിയപ്പോള്‍ അസാധാരണമായൊരു ഉള്‍ഭയം എന്നെപ്പൊതിയാന്‍ തുടങ്ങി.സ്വന്തം ശരീരത്തില്‍നിന്നും തൊലിയും മാംസവും ചീന്തിയെറിയപ്പെടുന്ന ഒരവസ്ഥ. ഒരു മഹാവിപത്തിന്റെ സൂചനപോല്‍ ചീവീടുകള്‍ ചിറകിട്ടടിക്കുന്നു. തെങ്ങിന്‍തോപ്പുകള്‍ക്കപ്പുറത്തു നിന്നും രാവിന്റെ ഇടനെഞ്ച് പിളര്‍ത്തി ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി. ഹൃദയം പിളരുന്നൊരു വേദന എനിക്കുള്ളില്‍ ആഴ്ന്നിറങ്ങി. അബോധത്തിന്റെ വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു... കാഴ്ച മങ്ങി... ബോധം മറഞ്ഞു.... അറ്റുപോയ ഓര്‍മ്മയില്‍ നിന്ന് ഒരൊറ്റ വാക്കുപോലും എന്റെ നാവിന്‍ തുമ്പിലെത്തുന്നില്ല. ഒരു വാക്ക്... ഒരക്ഷരം... ശബ്ദത്തിന്റെ ഒരു ചെറുതരി..!


വേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..!

ഉമ്മാമ്മ മരിച്ചിരിക്കുന്നു!  "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...  !!!!.!!

വെളിച്ചത്തിന്റെ തരികള്‍ ഇറ്റിറ്റ് വീഴുന്ന പഴുതുകള്‍ ആരോ അടച്ചിരിക്കുന്നു. വാക്കുകള്‍ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ട കണ്ണാടികളായി എനിക്ക് മുന്‍പില്‍ പൊട്ടിച്ചിതറി.


"ഉമ്മാമാ...."ന്നു നീട്ടിവിളിച്ചുകൊണ്ട്, സിറ്റൌട്ടിലുണ്ടായിരുന്ന വാപ്പയെ ഞാന്‍ കെട്ടിപ്പിടിച്ചു. പേരക്കുട്ടികള്‍ക്ക്‌ ആര്‍ക്കുമില്ലാത്ത ഒരടുപ്പം ഉമ്മാമ്മയുമായി എനിക്കുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനൊരു കാരണം കുട്ടിക്കാലത്ത് ഉമ്മാമ്മയെ ഞാന്‍ അത്രയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവരുടെ അടുക്കളത്തോട്ടം നശിപ്പിച്ചിട്ടുണ്ട്... ചെമ്പുപാത്രങ്ങള്‍ കിണറ്റിലിട്ടിട്ടുണ്ട്... വിറകുപുരക്കു തീയിട്ടുണ്ട്...
പക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍  ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ. 

ആ ഉമ്മാമ്മയാണിപ്പോള്‍ ....!!

എന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിയിട്ട്, 'അകത്തു പോയി കണ്ടേച്ചു വാ' എന്ന് വാപ്പ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി. അകത്തുചെന്ന് ഉമ്മാമ്മയുടെ കട്ടിലിനരികില്‍ ഞാനിരുന്നു. അവിശ്വസനീയമായിരുന്നു ആ കിടത്തം. കാലങ്ങളായി എന്നെത്തഴുകിയ ആ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു. കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്റെ ഓര്‍മ്മക്കഷണങ്ങള്‍ ഇടറിപ്പോകുന്നു. ഭൂമിയോളം തണുപ്പ്...  ജലത്തിന്റെ ആഴത്തോളം കുളിര്... കാറ്റിനോളം സുതാര്യം.. എന്താണ് സംഭവിച്ചതെന്നര്‍ത്ഥത്തില്‍  റംലത്തയെ ഞാന്‍ നോക്കി. ശബ്ദമില്ലാതെ അവര്‍ പറഞ്ഞു. 

"അസര്‍ നിസ്ക്കാത്തിന് വുളൂ എട്ക്കാന്‍ കുളിമുറീല്‍ പോയപ്പോ ആടെ ഒന്ന് വയ്തി വീണിനി. അന്നേരം ബേദനോന്നും ഉണ്ടായിട്ടില്ല. രാത്രി ആയപ്പോളാ ബേദന കൂടിയത്. അപ്പത്തന്നെ ആസ്യാന്റെടുത്ത് പോയി കൊട്ടഞ്ചുക്കാതി എണ്ണ കൊണ്ടുബന്ന് നന്നായി തടീക്കൊടുത്ത്ണ്.."

തിരിച്ചു ഞാന്‍ ഉമ്മാമ്മയെ നോക്കി. എന്നിട്ട് മുഖം താഴ്ത്തി പതിയെ ചോദിച്ചു. 

"ഈ നട്ടപ്പാതിരാക്ക് എല്ലാത്തിനേം വിളിച്ചു വരുത്തീട്ട് കിടന്നു ചിരിക്കുന്നോ ഉണ്ടക്കണ്ണി മറിയെ? ആകെ പേടിപ്പിച്ചല്ലോ കുതിരേ..?" 

"അതില്ലേടാ., പെട്ടെന്നൊരു തോന്നല്. ഞാനങ്ങ് മരിക്കാമ്പോവ്വാന്ന്. ബേദന കൂട്യപ്പോ തോന്നിയതാ. അതാ എല്ലാരേം ബിളിച്ച് ബെരുത്തിയെ.." 

"ഒലക്ക! എന്റുമ്മാമാ, ഈലോകത്തും പരലോകത്തും ഇന്നേവരെ ഒരു പൂച്ച പോലും കാലിന്റെ കൊഴ തെറ്റീട്ടു മരിച്ചിട്ടില്ല. പിന്നാ തൈവളപ്പില്‍ തറവാട്ടിലെ നരിയായ ഉമ്മാമ്മ.. "

"എടാ, ഉമ്മാമ്മാക്ക് വയസും പ്രായോം ആയില്ലേ. കാലിലെ ബേദന മരിപ്പിന്റെ ബേദനയായിട്ടാ  തോന്നിയെ. അപ്പൊപ്പിന്നെ എല്ലാരീം കണ്ടിട്ട് മരിക്കണോന്ന് പൂതിയായി. ഇതാപ്പോ ഞാഞ്ചെയ്ത തെറ്റ്.? 

പാതിരാക്ക്‌  വിളിച്ചുവരുത്തിയിട്ട് പേടിപ്പിച്ചതിലുള്ള രോഷമുണ്ട് എല്ലാരുടെയും മുഖത്ത്. നീയിവിടെ നില്ലെന്നും പറഞ്ഞു എന്നെയവിടെ ആക്കിയിട്ട് ഓരോരുത്തരായി സ്ഥലം കാലിയാക്കി. ഓരോരുത്തരെയും ഫോണില്‍ വിളിച്ചത് "നിന്നോട് വരാന്‍ പറഞ്ഞത് മറ്റാരും അറിയണ്ടാ" എന്ന മുന്നറിയിപ്പോടെയായിരുന്നു. തറവാട്ടില്‍വെച്ച് കാണുമ്പോള്‍ എല്ലാവരും പരസ്പരം സ്വാഹ! ഉമ്മാമ്മാന്റെ കുരുത്തക്കേടിനു കൂട്ടുനിന്ന റംലത്താത്താക്കും കിട്ടി അമ്മാവന്മാരുടെ വക നവരസ പഞ്ചാമൃത ശ്ലോകങ്ങള്‍ !

പിറ്റേന്ന് രാവിലെ ഉമ്മാമ്മയെ കുരിക്കളുടെ അടുക്കലേക്കു കൊണ്ടുപോയി.കാലുപിടിച്ചു പരിശോധിക്കാനൊരുങ്ങിയ യുവകോമള കുരിക്കളോട് ഉമ്മാമ്മാന്റെ ഡയലോഗ്.. 

"നീയെന്‍റെ കാല് പിടിക്ക്വോന്നും ബേണ്ട. എന്തേലും തൈലം തന്നാല് ഇബന്‍ തേച്ചു തടവിത്തരും. ഉളുക്കിനൊക്കെ തടവാന്‍ ഇബന്‍ ഉഷാറാ.."

കുരിക്കള്‍ സംശയത്തോടെ എന്നെ നോക്കി. 
'പിന്നെന്താ...  ദുബായില് എനിക്ക് തടവലാ പ്രധാന പണി'യെന്ന മട്ടില്‍ ഞാന്‍ വളിച്ചൊരു ചിരി പാസാക്കിയിട്ട് നിസാഹയതയോടെ ഉമ്മാമ്മയെ നോക്കി. അതൊന്നും ശ്രദ്ധിക്കാതെ ഉമ്മാമ്മ ഫുള്‍ ഷൈനിങ്ങിലാണ്. 
കുരിക്കള്‍ നല്‍കിയ തൈലക്കുപ്പികളും ഉമ്മാമ്മയുടെ ഉളുക്കിയ കാലുമായി ഒരാഴ്ചയോളം ഞാന്‍ മല്ലിട്ടു. വേദന പാടേ മാറി. പെരുന്നാള്‍ കഴിഞ്ഞ് ദുബായിലേക്ക് തിരിക്കുമ്പോള്‍ യാത്രചോദിക്കാന്‍ ചെന്ന എന്നോട് ഉമ്മാമ്മയുടെ വക ഉപദേശം.

"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും  ഉളുക്കിനു തടവ്ന്ന മര്‍മ്മാണി   കുരിക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.." 

ഡിം! 
ഞാന്‍ ഞെട്ടിയില്ല.  ഞെട്ടാനായി എന്റെ ശരീരത്തില്‍ ഇനിയൊന്നും ബാക്കിയില്ലല്ലോ!


Thursday, March 22, 2012

ഏമണ്ടി ചെപ്പണ്ടി പോടാ തെണ്ടി..


വൈകിട്ട് ശുകൂര്‍ഭായ്‌ ഡ്യൂട്ടി കഴിഞ്ഞെത്തിയത് ഞെട്ടിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു! കേട്ടവര്‍ കേട്ടവര്‍ മൂക്കില്‍ വിരലിട്ടു. കേള്‍ക്കാത്തവര്‍ കേട്ടവരുടെ കാതുകള്‍ കടംവാങ്ങി. രാത്രിയിലേക്കുള്ള ചിക്കന്‍കറിയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടി അധികമിട്ട് ഞാനും ഞെട്ടി! അത്താഴത്തിനു ശേഷമുണ്ടാകാറുള്ള പതിവ് വെടിപറച്ചിലില്‍ ആ വാര്‍ത്ത‍യായിരുന്നു മുഖ്യ വിഷയം. ഞെട്ടിഞെട്ടി ആ ഫ്ലാറ്റ് മൊത്തം പൊട്ടിവീഴുമോ എന്ന് ഭയപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വന്‍ദുരന്തം ഉണ്ടായില്ല!

ഷാര്‍ജയിലുള്ള ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ ഷോറൂമില്‍ അക്കൗണ്ടന്റാണ്‌ ശുക്കൂര്‍ഭായി. അവിടെ പര്‍ച്ചേസിനു വരാറുള്ള ഒരു എഞ്ചിനീയര്‍ക്ക് വിശ്വസ്തനായ ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്നും യാച്ചൂന്റെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഓക്കേ പറഞ്ഞിട്ടുണ്ടെന്നുമുള്ള വാര്‍ത്തയാണ് ഇത്രേം നേരം എല്ലാറ്റിനേം ഞെട്ടിച്ചത്. ഏതോ ഒരു വലിയ കമ്പനിയുടെ ആളാണ്‌ പുള്ളിയെന്നും നല്ലൊരു മനുഷ്യനാണെന്നും മൂപ്പര് പറഞ്ഞതുകേട്ടപ്പോള്‍ എങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ടെന്ന് സലാംക്കയും അഭിപ്രായപ്പെട്ടു. ഒരു വസന്തത്തിന്റെ സുഗന്ധം എനിക്കുചുറ്റും പരക്കുന്നതായി അനുഭവപ്പെട്ടെങ്കിലും ഗ്യാസ്‌ട്രബ്ള്‍ ഉള്ള ശരീഫിക്കാന്റെ ഫ്രീസോണിലൂടെ പ്രവഹിച്ച വളിയുടെ ദുര്‍ഗന്ധമായിരുന്നു അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു..!

പിറ്റേന്ന്, എല്ലാവരും ഡ്യൂട്ടിക്ക് പോയശേഷം ശുക്കൂര്‍ഭായ്‌ തന്ന നമ്പറില്‍ വിളിച്ചു കാര്യം പറഞ്ഞു. ഒരു ജ്യേഷ്ടന്റെ കരുതലോടെയാണ് എഞ്ചിനിയര്‍ സംസാരിച്ചത്. പേര്ചോദിച്ചു. വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചു. "പുതിയ കമ്പനിയാണ്. വര്‍ക്കുകള്‍ കിട്ടിത്തുടങ്ങുന്നതേയുള്ളൂ. കാലത്ത് കുറച്ചുപേരെ ജബല്‍അലിയിലുള്ള സൈറ്റില്‍ കൊണ്ടുവിടണം. വൈകിട്ട് അവരെ തിരിച്ചു കൊണ്ടുവരണം. അതിനിടയില്‍ തനിക്ക് പണിയൊന്നുമുണ്ടാവില്ല. വിശ്രമിക്കാം. ശമ്പളമായി മൂവായിരം ദിര്‍ഹംസ് തരും. റൂമുണ്ട്. ഫ്രൈഡേ വര്‍ക്കുണ്ടെങ്കില്‍ ഓവര്‍ ടൈം അലവന്‍സ് കിട്ടും." ഇത്രയും വിശദീകരിച്ചശേഷം വൈകിട്ട് അഞ്ചുമണിക്ക് ദുബായ് ദേരയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ശുക്കൂര്‍ഭായ്‌ പറഞ്ഞതുപോലെ ഇയാളൊരു മാന്യനല്ല,മമ്മാന്യനാണ്. യാതൊരു മുന്‍പരിചയവുമില്ലാത്തവനോട് ഹൃദ്യമായി സംസാരിക്കുക.! പകല്‍ സമയം ചുമ്മാതിരിക്കുന്നവന് മൂവായിരം ദിര്‍ഹംസ് ശമ്പളം കൊടുക്കുക! വെള്ളി ദിവസങ്ങളില്‍ ആളേം വിട്ടു വന്നാല്‍ പിന്നേം കാശ്! ഇതേതു ദുന്യാവ് റബ്ബേ! ഇനി ഇതായിരിക്കുമോ മൂത്താപ്പ പറഞ്ഞ ദുബായി.! എന്തായാലും ജീവിതം പൂച്ച നക്കാനുള്ള സര്‍വ്വ സാധ്യതകളും തെളിയുന്നുണ്ട്..

ഉച്ചഭക്ഷണം തയ്യാറാക്കി. ഉച്ചക്ക് ശേഷം രാത്രിയേക്കുള്ള ഭക്ഷണവുമുണ്ടാക്കി. മൂന്നരമാസായിട്ട് എന്റെ പുന്നാര മക്കളാണ് സലാംക്കയും കൂട്ടരും. ഷുഗര്‍രോഗിയായ ഹംസക്കാക്ക് രാത്രിയിലെ ഗുളിക എടുത്തുകൊടുക്കുന്നത് ഞാനാണ്. മൊയ്‌ദുക്കാന്റെ മുട്ടുവേദനയ്ക്ക് കുഴമ്പ് തേച്ചുപിടിപ്പിക്കുന്നത് ഞാനാണ്. അസീസ്ക്കാന്റെ കഷണ്ടിത്തലയിലെ ശേഷിക്കുന്ന മുടിവെട്ടിക്കൊടുക്കുന്നതും ഈ ഞാനാണ്. അവരെയൊക്കെ വിട്ടുപോകണമല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. നാലുമണിക്ക് പുറപ്പെടുമ്പോള്‍ സലാംക്ക അടുത്ത റൂമിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി കീശയില്‍നിന്നും ഏതാനും നോട്ടുകളെടുത്തെന്റെ കയ്യില്‍പ്പിടിപ്പിച്ചു. അമ്പരപ്പോടെ നോക്കുമ്പോള്‍ ആയിരത്തി ഇരുനൂറു ദിര്‍ഹംസ്! അതെന്തിനുള്ള കാശാണെന്ന് ചോദിക്കുംമുന്‍പേ അദ്ദേഹമെന്നെ ചേര്‍ത്തുനിര്‍ത്തി കണ്ണുതുടച്ചു.

"മോന് വേണ്ടി ഞങ്ങള്‍ കരുതിയ പൈസയാണിത്. എവിടെ പോയാലും മോന് നല്ലതേ വരൂ..."

എത്ര നിര്‍ബന്ധിച്ചിട്ടും ആ കാശ് ഞാന്‍ വാങ്ങിയില്ല. സലാംക്ക ബഹളം വെച്ചു. അതുകേട്ട് മറ്റുള്ളവരും അങ്ങോട്ട്‌ വന്നു. അവരുടെ സന്തോഷത്തിനു വേണ്ടി അതു വാങ്ങണമെന്നായി. ഒടുവില്‍ അതില്‍ നിന്നും ഇരുനൂറു ദിര്‍ഹംസെടുത്ത്‌ ഞാനിറങ്ങി. സത്യത്തില്‍ എന്റെ കയ്യില്‍ ഇരുപതോ മുപ്പതോ ദിര്‍ഹംസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അവര്‍ക്കിടയിലെ മൂന്നര മാസത്തെ അനുഭവങ്ങള്‍ക്ക് ഞാനല്ലേ ദക്ഷിണ കൊടുക്കേണ്ടത്..! എന്നെ സംബന്ധിച്ച് മൂന്നരമാസം എന്നത് മൂന്നുവര്‍ഷത്തെ പാഠങ്ങളായിരുന്നു. യുദ്ധഭൂമിയുടെ നടുവില്‍ ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ടവനെപ്പോലെ ഞാനവിടെ നിന്നും ദുബായിലേക്ക് തിരിച്ചു.

സുന്ദരനും സുമുഖനുമായ എഞ്ചിനിയര്‍ ജോര്‍ജ്ജ്സാര്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. നാളെമുതല്‍ ഞാനോടിക്കേണ്ട വണ്ടിയുടെ താക്കോല്‍ കയ്യില്‍ തന്നു. കഴിഞ്ഞ ദിവസം വരെ ജോലിയിലുണ്ടായിരുന്ന ഗോപാല്‍ എന്ന ആലപ്പുഴക്കാരനെ അയാളുടെ കമ്പനി തിരിച്ചുവിളിച്ചത്രേ. ആ ഒഴിവിലേക്കാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. എഞ്ചിനിയര്‍ എന്നെയുംകൂട്ടി അവരുടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി. നാളെ കാലത്ത് അഞ്ചുമണിക്ക് ജോലിക്കാരെയും കൂട്ടി ജബല്‍ അലിക്ക് അടുത്തുള്ള ദുബായ് മറീന എന്ന സ്ഥലത്തെത്തണം. സ്ഥലം ഇവര്‍ കാണിച്ചുതരുമെന്നും കുറച്ചുദിവസം കഴിഞ്ഞാല്‍ മറ്റൊരു നല്ല റൂം ശരിയാക്കാമെന്നും പറഞ്ഞ് സാറ് പോയി.

പത്തോ പന്ത്രണ്ടോ മുറികളുള്ള വലിയൊരു പഴഞ്ചന്‍ ഇരുനില വീടാണ്‌ നൂറോളം തൊഴിലാളികള്‍ കഴിയുന്ന ക്യാമ്പാക്കി മാറ്റിയിരിക്കുന്നത്. പ്രവേശിക്കുമ്പോള്‍ വലതുവശത്തുള്ള ഒരിടുങ്ങിയ മുറിയിലാണ് ഞാന്‍ താമസിക്കേണ്ടത്. രൂക്ഷമായൊരു ദുര്‍ഗന്ധം നിറഞ്ഞിരുന്ന ആ റൂമില്‍ ആന്ധ്ര സ്വദേശികളായ മൂന്നുപേരും ഒരു ബംഗാളിയുമാണ് താമസിക്കുന്നത്. ഡബിള്‍ തട്ടുള്ള മൂന്നു കട്ടിലയും ബെഡ്ഡുമുള്ള അതില്‍ ഞാനൊരു അഞ്ചാമനോമനക്കുഞ്ചുവായി. ഒരരികില്‍ ബാഗ് വെച്ച് പുറത്തിറങ്ങി വില്ലയ്ക്ക് ചുറ്റും മണ്ടിനടന്നു.

ഒരുഭാഗത്ത്‌ നിരനിരയായി കക്കൂസുകളും കുളിമുറികളും. മറുഭാഗത്ത്‌ പ്ലൈവുഡ്‌ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ കിച്ചനുകള്‍ , ഓരോ മുറികള്‍ക്ക് മുന്‍പിലും അനേകം ചെരുപ്പുകളും ലേബേഴ്സ് ഷൂസുകളും. മതിലില്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴില്‍ ഡ്രസ്സുകള്‍ , വായും കണ്ണും മൂക്കും പൊത്തിയിട്ടു വേണം കക്കൂസിലിരിക്കാന്‍.. , രോമാലംകൃതമായ ഷേവിംഗ് സെറ്റുകള്‍ ബാത്ത്റൂമില്‍ തുരുമ്പ് പിടിച്ചു കിടപ്പുണ്ട്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളായിരുന്നു അതൊക്കെ. സ്വന്തം ബോഡിവെയിസ്റ്റ്‌ പോലും കളയാത്ത രോമ-ഗുമാരന്മാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനവിടം മൂത്രാഭിഷേകം നടത്തി.

നാളെമുതല്‍ ഇതാണെന്റെ പരലോകം. ഇവിടെ തൂറാ-നിവിടെ മൂത്രിക്കാ-നിവിടെയുറങ്ങാനാശിപ്പതേ സുഖ'മെന്ന പാട്ടും പാടി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു. പള്ളിയില്‍ ചെന്ന് നിസ്ക്കരിച്ചു. തിരിച്ചു റൂമിലെത്തുമ്പോള്‍ ആന്ധ്രക്കാര്‍ മൂന്നുപേരും നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ നാലാമന്‍ ബംഗാളി വന്നു. അവനെക്കണ്ടതും എന്റെ തൊണ്ടവരണ്ടതും ഒരുമിച്ചായിരുന്നു. കാഴ്ചയില്‍ ഒരു ബംഗാളിയുടെ യാതൊരു ലുക്കുമില്ലാത്ത അവനെ ഞാന്‍ സൂക്ഷിച്ചു നോക്കി. അവനെന്നെയും നോക്കുന്നുണ്ട്. ഇതെന്തതിശയം. അതേ മൂക്ക്.. അതേ കണ്ണുകള്‍ .. അതേ രൂപം.. എനിക്കും അവനും ഒരേ മുഖച്ഛായ! പടച്ചോനേ ചതിച്ചോ...! 1980 മുതല്‍ 2002 വരെ വാപ്പ സിംഗപ്പൂരിലായിരുന്നു. അതിനിടയില്‍ മൂപ്പര് ബംഗ്ലാദേശില്‍ പോയോ?

ഹേയ്. അഹമദാജി ആ ടൈപ്പല്ല. എന്നാലും നാളത്തന്നെ ഉമ്മയെവിളിച്ചു വാപ്പാന്റെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ പറയണം. സംഗതി നേരാണെങ്കില്‍ എനിക്കൊരുമ്മ ബംഗാളിലുണ്ട്. ആലം ഹുസൈന്‍ എന്ന ഈ പയ്യനിതാ ഇന്നുമുതല്‍ എന്റെ അനുജനാണ്. ഈ ബന്ധംവെച്ച് വേണേല്‍ എനിക്കവിടെ നിന്നും കല്യാണം കഴിക്കാം. അങ്ങനെയെങ്കില്‍ അഹമദാജിയുടെ മോന്‍ ബംഗ്ലാദേശിന്റെ മരുമോനാകാന്‍ അധികകാലം വേണ്ടിവരില്ല.
ഒരൊഴിഞ്ഞ കട്ടില അവന്‍ എനിക്കായി ഒരുക്കിത്തന്നു. എന്തോ ഒരു മുന്‍ജന്മസ്നേഹം നിഴലിക്കുന്നതായിരുന്നു അവന്റെ പെരുമാറ്റം.

കാലങ്ങളായി ഏതൊക്കെയോ കാലമാടന്മാര്‍ ഗ്യാലന്‍ കണക്കിന് ശുദ്ധജലം ഒഴുക്കിവിട്ട് പഴകിപ്പതിഞ്ഞു മുഷിഞ്ഞുനാറിയ ബെഡ്ഢിനുമീതെ ലുങ്കിവിരിച്ച് ഉടുത്തലുങ്കി തലവഴി മൂടി ജീവിതത്തിലാദ്യമായി അത്രയും നേരത്തെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ ഈ നാലുപേരെയും സൈറ്റില്‍ വിട്ടുകഴിഞ്ഞാല്‍ പിന്നെ വൈകിട്ടുവരെ വിശ്രമമാണ്. അതിനിടയില്‍ ദുബായ്‌ മൊത്തം ചുറ്റിക്കാണണം. മാസാവസാനം മൂവായിരം ദിര്‍ഹംസ് കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടതെന്നൊക്കെ ആലോചിച്ചുകൂട്ടി. നല്ലൊരു ക്യാമറ വാങ്ങണം. അല്ലെങ്കിലൊരു ലാപ്ടോപ്.. കുറെ അടിപൊളി ഡ്രസ്സുകള്‍ ...,. പെര്ഫ്യൂംസ്.. കിടിലന്‍ ഷൂ..!

പിറ്റേന്ന് പുലര്‍ച്ചെ നാലര മണിക്ക് ആലം ഹുസൈന്‍ എന്നെ വിളിച്ചുണര്‍ത്തി. കുളിച്ചു കുട്ടപ്പനായി കൂട്ടത്തില്‍ നല്ല ഡ്രസ്സണിഞ്ഞു വണ്ടിയുടെ കീയുമെടുത്ത് അവനോടൊപ്പം ഞാന്‍ പുറത്തേക്കിറങ്ങി. അവരുടെ കൈകളില്‍ ഉച്ചക്ക് കഴിക്കാനുള്ള ടിഫിന്‍ ഉണ്ടായിരുന്നു. ആ കെട്ടിടം അവസാനിക്കുന്ന ഭാഗത്തെ ഒരൊഴിഞ്ഞ ഏരിയയിലേക്കാണ്‌ അവരെന്നെ കൊണ്ടുപോയത്. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വലിയ ബസിനടുത്ത് കുറേപേര്‍ ഉറക്കച്ചടവോടെ നില്‍പ്പുണ്ട്. അതിനപ്പുറത്തുള്ള കാറിനരികിലേക്ക് നീങ്ങുകയായിരുന്ന എന്നെ ആലം ഹുസൈന്‍ പിടിച്ചുനിര്‍ത്തി. എന്നിട്ട്, 'ഈ ബസിന്റെ ഡോര്‍ തുറക്കു' എന്ന് ആംഗ്യം കാട്ടി. ഒന്നും മനസിലാവത്തവനെപ്പോലെ ഞാന്‍ പുരികമുയര്‍ത്തി അവനെ രൂക്ഷമായി നോക്കി.

ഓടിക്കേണ്ടത് കാറല്ല,ബസ്സാണെന്ന സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തില്‍ ദൂരയാത്രയ്ക്കല്ലാതെ ബസില്‍ കയറിയിട്ടില്ലാത്ത ഞാനെങ്ങനെ ഈ എടുത്താല്‍ പൊങ്ങാത്ത ബസ്സോടിക്കും! ഇവിടുത്തെ ലൈസന്‍സെടുത്ത ശേഷം മര്യാദയ്ക്ക് കാറോടിച്ചിട്ടില്ല. ഇങ്ങനെയൊരു ബസ്സിനടുത്ത് നില്‍ക്കുന്നതുതന്നെ ഇതാദ്യമായിട്ടാണ്. ഓര്‍ത്തപ്പോള്‍ അടിവയറ്റിലൊരു ഉല്‍പ്രേക്ഷ! എന്റെ പെന്റുലമിളകി. ഒറ്റയിരിപ്പില്‍ ഒന്നും രണ്ടുമല്ല, മൂന്നും പോയേക്കുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്!

ഒരു താടിക്കാരന്‍ സര്‍ദാര്‍ജി ബിദ്രന്‍വാല മുന്നോട്ടു വന്ന് 'ഹരേ ഭായ്‌, ജല്ധീ കോലോ..' എന്ന് മുരണ്ടു. അതുകേട്ടപ്പോള്‍ ആ കൊശവന്റെ താടിക്ക് തീയിടാനാണ് തോന്നിയത്. പിന്നെ തല്ലുവാങ്ങിക്കൂട്ടാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു. ഇത് വിധിയാണ്. ഇവിടെ തോല്‍ക്കുക എന്നാല്‍ ദൈവം ജയിച്ചു എന്നാണര്‍ഥം! അങ്ങനെ പടച്ചോന്‍ ജയിക്കണ്ട. വേണ്ടിവന്നാല്‍ പ്ലൈന്‍പോലും ഓടിക്കുമെന്ന കരളുറപ്പോടെ ഡോര്‍തുറന്നു അകത്തുകയറി. സത്യത്തില്‍ അതിന്റെ ഗിയര്‍സിസ്റ്റം എങ്ങനെയെന്നു പോലും എനിക്കറിയില്ല. എത്ര മീറ്റര്‍ കണക്കാക്കിയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കേണ്ടതെന്നും അറിയില്ല. ഒന്നുകില്‍ ഇതെവിടെങ്കിലും ചെന്നിടിക്കും. മുപ്പതോളം ശവങ്ങള്‍ റോഡില്‍ ചിതറും. ദുബായ്‌ ഞെട്ടും. പോലീസുകാര്‍ ഞൊട്ടും. വാര്‍ത്ത കേട്ട് ഉമ്മ പൊട്ടും. വാപ്പയെ ഉമ്മ തട്ടും. ബദരീങ്ങളേ കാത്തോളണേ..!

ഏതായാലും വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് റോഡിലിറക്കി. 34സീറ്റുള്ള, മിസ്തുബിഷിയുടെ മിനി ബസ്സാണത്. നാലുപേരല്ല ഇരുപത്തിയേഴ് തൊഴിലാളികളെയാണ്‌ അതില്‍ സൈറ്റിലേക്ക് കൊണ്ടുപോകേണ്ടത്. മണിക്കൂറുകള്‍ക്കകം എല്ലാവരുമായി സൌഹൃദത്തിലായി. ബസ്സുമായി നന്നേ ഇണങ്ങി. എന്നും രാവിലെ അവരെ സൈറ്റിലിറക്കിയിട്ട് പിറകിലെ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങും. ഉച്ചക്ക്പോയി ചോറ് തിന്നിട്ടു വരും. വൈകിട്ട് ആറുമണിയാകുമ്പോള്‍ തിരിച്ചു റൂമിലെത്തും. നാലഞ്ചു പഞ്ചാബികളും അഞ്ചാറ് മലയാളികളും എട്ടുപത്ത് ബംഗാളികളും ബാക്കിയുള്ളവര്‍ ആന്ധ്രക്കാരുമാണ് ജോര്‍ജ്‌ സാറിന്റെ കീഴിലുള്ളത്.

ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ വൃത്തികെട്ട സാഹചര്യത്തില്‍ ജീവിക്കുന്നവരാണെന്ന ധാരണ ഞാന്‍ മാറ്റിയെടുത്തു. പൊരിയുന്ന വെയിലത്തും കൊടുംതണുപ്പിലും ജോലിചെയ്യുന്ന ഈ പാവങ്ങളെ സമ്മതിക്കണം. നേരെചൊവ്വേ കുളിക്കാനോ പല്ലുതേക്കാനോ അവര്‍ക്ക് കഴിയില്ല. കാലത്ത് നാലരമുതല്‍ വൈകിട്ട് ആറരവരെ വിശ്രമമില്ലാതെ ജോലിചെയ്തു തളര്‍ന്നുവരുന്ന അവര്‍ക്ക് എന്‍ജോയ്മെന്റ്റ്‌ എന്ന് പറയാന്‍ ഒന്നുമില്ല. ബംഗാളികള്‍ 'ഷ' ചേര്‍ത്ത് പറയുമ്പോള്‍ ആന്ധ്രക്കാര്‍ 'ണ്ടി' കൊണ്ടാണ് കളി. മിക്ക വാക്കുകള്‍ക്കൊപ്പവും 'ണ്ടി' ചേര്‍ത്തുള്ള അവരുടെ സംസാരം കേട്ട് ഞാനെന്ന കുണ്ടന്‍ അണ്ടിപോയ അണ്ണാനെപ്പോലെ മിഴിച്ചുനിന്നു. ഏമണ്ടിയും ചെപ്പണ്ടിയും കേള്‍ക്കുമ്പോഴോക്കെ 'പോടാ തെണ്ടീ'ന്നു പറഞ്ഞ് ഞാനൊരു പക്കാ മലയാളിയായി.

ടൈല്‍സിന്റെ പണിയാണവര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും അവരിലൊരാളായി. ഉറക്കം ഒഴിവാക്കി അവരോടൊപ്പം സഹായിയായി. സിമന്റ് കുഴച്ചും ടൈല്‍സ് മുറിച്ച് ചുവരിലൊട്ടിച്ചും ഉല്‍സാഹഭരിതമായ ജീവിതം...
കൂറ്റന്‍ ബില്‍ഡിംങ്ങിന്റെ നാല്‍പ്പതോ അറുപതോ ഫ്ലോറില്‍ നിന്നു ജോലിചെയ്യുന്നതിനിടയിലായിരിക്കും നാട്ടിന്ന് ഉമ്മ വിളിക്കുന്നത്,. 'നിനക്കവിടെ സുഖമല്ലേ'ന്ന് ചോദിക്കുമ്പോള്‍ കണ്ണു നിറയാതിരിക്കാന്‍ പാടുപെട്ടു.

ഉമ്മാ, എനിക്ക് സുഖമാണ്. ഉമ്മാന്റെ മോനിപ്പോള്‍ എത്രയോ ഉയരത്തിലെത്തിയിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഫുഡ്ഡാണ്‌ കഴിക്കുന്നത്‌, വഴുതിനിങ്ങയില്‍ വേവിച്ചെടുക്കുന്ന, ആന്ധ്രക്കാരുടെ കറി., ഉപ്പും മുളകും ഇണചേരാത്ത ബംഗാളിക്കറി. രാത്രി പട്ടാണിയുടെ ഹോട്ടലിലെ തന്തൂരിറൊട്ടി., ഉച്ചക്ക് ചിലപ്പോള്‍ കെയ്ക്കും പെപ്സിയും. എന്നാലും ഉമ്മയുടെ മുളകിട്ട മീന്‍കറികൂട്ടി ചോറ് തിന്നിട്ട് കാലമെത്രയായി.! എന്റെ കൈപ്പിടിയിലൊതുങ്ങാത്ത ബസ്സുമായി ദുബായിയുടെ കറുത്ത ഞരമ്പിലൂടെ ചീറിപ്പായുമ്പൊഴൊക്കെ ഞാന്‍ പ്രാര്‍ഥിച്ചത് എന്നെ അറിയുന്ന ആരെയും, എന്റെ വാപ്പയുടെയൊ ഉമ്മയുടെയോ പരിചയത്തിലോ ബന്ധത്തിലോ പെട്ട ആരെയും കാണരുതേ എന്നായിരുന്നു.

എന്റെ പിറകിലിരിക്കുന്ന 27പേരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ എനിക്കുള്ളിലെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കാരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന ഒരലമ്പന്‍ ബ്ലോഗറുമാകും..!
______________________________________________________________

2004ല്‍ എന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ, എന്റെ കരങ്ങളാല്‍ ടൈല്‍സ് പതിഞ്ഞ ദുബായ് മറീന എന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ജുമൈറ ലേക്‌ ടവേഴ്സിലൊന്നില്‍ 42th ഫ്ലോറില്‍ ഇന്ന്, 2012ല്‍ ജീവിതത്തെ നോക്കിക്കാണാന്‍ എനിക്ക് കഴിയുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ്. മറ്റൊരത്ഭുതം ആലം ഹുസൈന്റെ കാര്യത്തില്‍ സംഭവിച്ചതാണ്.

ജോലിക്കിടയില്‍ അവനു അപകടം പറ്റി. ലീവെടുക്കാന്‍ സമ്മതിക്കാതെ ജോര്‍ജ് എന്ന കാട്ടാളന്‍ അവനെക്കൊണ്ട് ജോലി ചെയ്യിച്ചു. അത് ചോദ്യം ചെയ്ത് അയാളുമായി എനിക്ക് വഴക്കിടെണ്ടി വന്നു. രണ്ടു മാസത്തിനു ശേഷം ഞാനവിടം വിട്ടു. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന ആലം ഹുസൈന്‍ എന്ന പയ്യനിപ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ ഡ്രൈവറാണ്. ആദ്യ കാഴ്ചയില്‍ 'എന്റെ അനുജനോ' എന്ന് സംശയിച്ചെങ്കില്‍ ഇന്നവന്‍ ശരിക്കുമൊരനുജനെപ്പോലെ എന്റെ കൂടെയുള്ളതും ദൈവത്തിന്റെ കരവിരുതല്ലേ!

Monday, December 19, 2011

പാതിരിയും പിന്നെയൊരു പൂതനയും..

നട്ടപ്പാതിരാത്രിയിലവളെന്നെ തൊട്ടുവിളിച്ചപ്പോള്‍ പെട്ടെന്നു ഞാന്‍ ഞെട്ടിയുണര്‍ന്നതും എന്താണ് കാര്യമെന്ന് ചിന്തിക്കും മുന്‍പേ അവളെഴുന്നേറ്റു ബെഡ്ഢിലിരുന്ന് വിവശയതയോടെ എന്നെനോക്കിയതും ഒരേ സമയത്തായിരുന്നു! ബെഡ്ന്റെ ഓരംപറ്റിയുറങ്ങുന്ന ഹംദൂനെ നന്നായി പുതപ്പിച്ചശേഷം എന്ത്പറ്റിയെന്നര്‍ത്ഥത്തില്‍ ഞാനവള്‍ക്കു നേരെ പുരികമുയര്‍ത്തി.

"യാചൂ, എനിക്ക് വയ്യ. എന്താന്നറിയില്ല ഉറക്കം കിട്ടുന്നില്ല.."

അത്രയും പറഞ്ഞിട്ടവള്‍ ബെഡ്ഢില്‍നിന്നുമിറങ്ങി ഹാളിലേക്ക് നടന്നു.

സത്യം പറഞ്ഞാല്‍ എന്റെയുറക്കം നഷ്ട്ടപ്പെട്ടിട്ടും കുറച്ചായി. അല്ലെങ്കിലും വഴുവഴുപ്പില്ലാത്ത രാവുകളില്‍ ഉറക്കത്തിലേക്ക് വഴുതിവീഴുക അസാധ്യമാണ്. പക്ഷെ, ഇവളിപ്പോള്‍ പറഞ്ഞത് അത്തരമൊരു ഇഴയടുപ്പത്തിന്റെ രഹസ്യമല്ല. പിന്നെന്താണ്.! ആ വാക്കുകള്‍ക്കു പിറകിലൊരു ദുസ്സൂചനയുണ്ടോ.?

ഉണ്ട്!

ശാരീരികമായി അസ്വസ്ഥതകളൊന്നുമില്ലെങ്കിലും ഇത് മൂന്നാം മാസമാണ്. കാര്യമായിട്ടൊന്നും അവളെക്കൊണ്ട് ചെയ്യിക്കാറില്ല. എന്നാലും ഹംദൂന്റെ പിന്നാലെയുള്ള ഓട്ടം മതി ആകെമൊത്തം കലങ്ങിത്തെളിയാന്‍!! അവനാണെങ്കില്‍ 'ഇന്ക്കിപ്പം രണ്ട്വയസായീന്നും പറഞ്ഞ് കുരുത്തക്കേടിന്റെ അളവും കൂട്ടിയിട്ടുണ്ട്.

സോഫയില്‍ അവള്‍ക്കഭിമുഖമായി ഞാനിരുന്നു. 'കുടിക്കാനെന്തെങ്കിലും എടുക്കട്ടേ..' 'ചായ ഉണ്ടാക്കട്ടേ..' എന്നൊക്കെ ചോദിച്ചെങ്കിലും വേണ്ടെന്നവള്‍ തലയാട്ടി. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവമാണാ മുഖത്ത്. സമയം മൂന്നര കഴിഞ്ഞിരിക്കുന്നു. ആദ്യമായിട്ടാണ് എനിക്ക് വയ്യെന്നും ഉറക്കംകിട്ടുന്നില്ലെന്നും പറയുന്നത്. ഗുരുതരമായിട്ടെന്തോ അവളെ അസ്വസ്ഥയാക്കുന്നുണ്ട്. എഴുന്നേറ്റ് ഡ്രെസ് മാറ്റൂ, നമുക്ക് ഹോസ്പ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞെങ്കിലും കണ്ണുകള്‍ കൊണ്ടവള്‍ വേണ്ടെന്നു പറഞ്ഞു.

ഇരുമ്പ് ഉരുകിയൊലിച്ച അന്തരീക്ഷത്തില്‍നിന്നും ഉഷ്ണത്തിന്റെ തന്മാത്രകള്‍ രോമകൂപങ്ങളിലേക്ക് ഇരച്ചുകയറുന്നതായി എനിക്കുതോന്നി. നിശബ്ദതയുടെ ആഴക്കടലില്‍ ഗതികിട്ടാതലയുന്ന രണ്ടുതോണികളായി ഞാനും ഷെമ്മുവും. അവളുടെ നോട്ടത്തിന്റെ വൈരുദ്ധ്യദിശകള്‍ ചൂണ്ടുന്ന ലക്ഷ്യമറിയാതെ ഞാന്‍ നട്ടംതിരിഞ്ഞു. ഒരു ലാവാപ്രവാഹം അവളെ വലയംചെയ്യുന്നുണ്ട്. എന്താണത്! ഇനി ഇവളുടെയീ അസ്വസ്ഥത ബ്ലീഡിങ്ങിന്റെ ലക്ഷണമാണോ! അറിയില്ല; എനിക്കൊന്നുമറിയില്ല. ഞാന്‍ കുറേക്കൂടി അവള്‍ക്കരികിലേക്കിരുന്നു. എനിക്കൊരു നിശ്ചയവുമില്ലല്ലോ റബ്ബേ.!

പെട്ടെന്ന് ആരെയെങ്കിലും വിളിക്കണം. ഒരു ഫോണ്‍കോളിനപ്പുറത്ത് സൌഹൃദത്തിന്റെ വിശാലലോകമുണ്ട്. ആരെ വിളിച്ചാലും അവര്‍ സമാശ്വാസത്തിന്റെ ഒരു പര്‍വ്വതവും ചുമന്നെത്തും. പക്ഷെ ഇത് ചോരക്കളിയാണ്. വിദഗ്ദ്ധമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടമാകും. അതിനു ആണിനേക്കാള്‍ ബെറ്റര്‍ പെണ്ണുങ്ങളാണ്. ഇവളുടെ ഫ്രെണ്ടിനെ വിളിക്കുന്നതാവും ഉചിതം. അങ്ങനെയെങ്കില്‍ ഇവള്‍ക്കേറ്റവും പ്രിയപ്പെട്ട മെഹ്രിന്‍ത്തയെ വിളിക്കാം. അവരാകുമ്പോള്‍ ഇവള്‍ക്കൊരാശ്വാസവും എനിക്കൊരു ധൈര്യവുമാകും.

വിളിക്കണോ.?
ആലോചിച്ചപ്പോള്‍ വേണ്ടെന്നു മനസ് വിലക്കി. ഒന്നിനേം വിളിക്കേണ്ട. ഒന്നിച്ചു പഠിച്ചു കളിച്ചു വളര്‍ന്ന ഫ്രെണ്ട്സെല്ലാം മൊശകോടന്മാരാന്. അസൂയാലുക്കള്‍ ! മിക്കതിന്റെയും കല്യാണം കഴിഞ്ഞത് ഈയിടെയാണ്. ഞാനൊരു തലതെറിച്ചവനായത്കൊണ്ട് എന്റെ കല്യാണം നേരത്തേ കഴിഞ്ഞു. അവരുടെ തല തെറിക്കാതിരുന്നത് എന്റെ തെറ്റല്ല. അവരുടെ തന്തമാരുടെ കുറ്റമാണ്. +2പാസായശേഷം കോളേജില്‍പൊയ്ക്കൊണ്ടിരുന്ന എട്ടുംപൊട്ടുംതിരിയാത്ത ഒരു പതിനെട്ടുകാരിയെ കെട്ടിയതിന് അന്നുംകിട്ടിയിരുന്നു ഇവന്മാരുടെവക ആവശ്യത്തിലധികം കളിയാക്കലുകള്‍ !

എന്നെപ്പറയണ്ട; വാപ്പയെ പറഞ്ഞാമതി. അഞ്ചാംവയസില്‍ തുടങ്ങിയ കുരുത്തക്കേട്മാറിക്കിട്ടാന്‍ ഇരുപത്തിയഞ്ചാംവയസില്‍പിടിച്ചു പെണ്ണുകെട്ടിക്കുമ്പോള്‍ ഈ ഇളംനെഞ്ചിലെ കുഞ്ചിരോമങ്ങള്‍ കഞ്ചുകമണിഞ്ഞെങ്കിലും അഹമദാജി നിസ്ക്കാരത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല; കെട്ടുകഴിഞ്ഞു മൂന്നാംമാസം ചെക്കനവളെ പ്രഗ്നന്റാക്കുമെന്നും പതിമൂന്നാം മാസം തന്തയാവുമെന്നും! പോരാത്തതിന് ഹംദൂനു രണ്ടുവയസു പൂര്‍ത്തിയാകുംമുന്‍പേ കെട്ടിയോള്‍ക്ക് കെര്‍പ്പാക്കിയ ദുഷ്ട്ടനാണ് ഞാനിപ്പോള്‍ ! പോകാമ്പറ.. ആണ്‍കുട്ടികളാവുമ്പോ കല്യാണം കഴിച്ചെന്നിരിക്കും. കെട്ട്യോള്‍ക്ക് ഗര്‍ഭാക്കീന്നും വരും. പെണ്ണ് രണ്ടോ നാലോ പെറ്റെന്നും വരും. അതിനൊക്കെ കണക്കും കാര്യോം അന്വേഷിച്ചുനടക്കുന്ന പറട്ടകളോട് പോയിത്തൂറാമ്പറ! ഞാന്‍ പുച്ഛത്തോടെ ചിറി കൊട്ടി.

അപ്പൊഴും ഒന്നും മിണ്ടാതെ, ഇമവെട്ടാതെ നിര്‍വ്വികാരയായി അവളെന്നെയും നോക്കിയിരിപ്പാണ്‌... . .. ആ കണ്ണുകള്‍ ഹിസ്റ്റീരിയബാധിച്ച ഒരാളുടെ കൃഷ്ണമണികള്‍പോലെ പിടഞ്ഞുകൊണ്ടിരുന്നു. കളിയും ചിരിയും ബഹളവുമായി പൊട്ടിത്തെറിച്ചിരുന്ന ഈ ഫ്ലാറ്റിനകത്ത് ഒരു നേര്‍ത്ത വാക്കിനുവേണ്ടി ഞാന്‍ കൊതിയോടെ യാചിച്ചുനിന്നു. എന്നുമൊരു മൂളിപ്പാട്ട് തങ്ങിനില്‍ക്കാറുള്ള അവളുടെ ചുണ്ടുകള്‍ വറ്റിവരണ്ടിരിക്കുന്നു. ഘനീഭവിച്ചുനിന്ന ഹൃദയത്തില്‍നിന്നും ഒരു തേങ്ങല്‍ പുറത്തേക്കു വന്നുവോ! ഞാന്‍ കരയുകയാണോ! അല്ല. എങ്കിലുമെന്റെ കണ്ണുകള്‍ നിറഞ്ഞിടുണ്ട്!

"എന്നെയിങ്ങനെ തീ തീറ്റിക്കാതെ നീ എന്തെങ്കിലുമൊന്നു പറയൂ.. പ്ലീസ്..!"

എന്റെ പരവേശം കണ്ടിട്ടാവാം, ദീര്‍ഘനേരത്തെ മൌനം ഭേദിച്ച്കൊണ്ടവള്‍ ചുണ്ടുകളനക്കി.

"ഇന്‍ക്ക് അവസാനെന്നോണം എന്തൊക്കെയോ ഇങ്ങളോട് പറയണോന്ന്ണ്ട്. മുയ്മനും കേള്‍ക്ക്വോ..?"

അവസാനമായി പറയാനുണ്ടെന്ന്! അതിനര്‍ത്ഥം ഇവള്‍ ജീവിതത്തോട് വിടപറയുന്നു എന്നല്ലേ! എനിക്കുള്ളിലൂടെ ആരോ ഈര്‍ച്ചവാളിട്ടു വലിക്കുന്നതായി അനുഭവപ്പെട്ടു. മരിക്കുംമുന്‍പ് ഒസ്യത്ത് പറയുന്ന ചിലരുടെ സിക്സ്ത് സെന്സിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇനി അങ്ങനെയെന്തെങ്കിലും..! നിന്ന നില്‍പ്പില്‍ ഈ ഫ്ലാറ്റ് മൊത്തം ഭൂമിക്കടിയിലേക്ക് പതിച്ചെങ്കിലെന്നാഗ്രഹിച്ചുപോയി. ഇവളെന്നെയും വിട്ടു പോവുകയാണെന്ന്...!! ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.

ഇനിയൊരു നിമിഷംപോലും വൈകരുത്. ആംബുലന്‍സ് വിളിക്കാം. ബ്ലീഡിങ്ങല്ല തലപോയാലും ബാക്കി അവര്‍ നോക്കിക്കൊള്ളും. നാണക്കേടില്ല. കളിയാക്കലില്ല. 'നീ പോയി ഡ്രസ്സ്‌ മാറി വാ'ന്നും പറഞ്ഞ് 999ലേക്ക് വിളിക്കാനായ്‌ ഫോണെടുക്കാന്‍ തുനിഞ്ഞ എന്നോടവള്‍ ആരേം വിളിക്കേണ്ടെന്നും നീ എന്റെ അരികിലിരുന്നാല്‍ മതിയെന്നും ആംഗ്യംകാട്ടി. സ്വതേ മൃദുസ്വഭാവിയായ അവളുടെമുഖത്ത് ശാന്തതയല്ല ഭയപ്പെടുത്തുന്ന മറ്റെന്തോ ആയിരുന്നു! എന്റെനേര്‍ക്ക് ക്രൂരമായൊരു നോട്ടമെറിഞ്ഞുകൊണ്ടവള്‍ ചോദിച്ചു.

"ഇങ്ങള് കരയേം നിലോളിക്കേം വേണ്ട.. ആരാ പാതിരി? അത് പറ..?"

പാതിരാക്ക് വിളിച്ചുണര്‍ത്തിയിട്ട് പാതിരി ആരെന്നു ചോദിക്കുന്നോ! അപ്പം ബ്ലീഡിംഗ്, ആമ്പുലന്‍സ്, ഒസ്യത്ത്.. ഇവക്കെന്താ വട്ടായോ എന്നാലോചിച്ചുനില്‍ക്കേ അവളെന്റെ മുഖത്തേക്ക് അടുത്ത ചോദ്യവും വലിച്ചെറിഞ്ഞു.

"ആരാ അമ്മു..?"

അമ്മുവോ! ഏതമ്മു? അങ്ങനെയൊരാളെ എനിക്കറിയുകപോലുമില്ലെന്ന മട്ടില്‍ മേല്പ്പോട്ട് നോക്കി. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

"ഓ അമ്മു! അത് നമ്മടെ കല്യാണിയേചീടെ പശുക്കുട്ടിയാ. നമ്മള്‍ കഴിഞ്ഞതവണ പോയപ്പോഴല്ലേ അതിനെ പ്രസവിച്ചത്. നിനക്കൊര്‍മ്മയില്ലേ അതിനെ.?"

"ഈ പശുക്കള്‍ക്കൊക്കെ ഈമെയിലുണ്ടോ? ആ കിടാവാണോ ഇങ്ങക്ക് മെയിലയച്ച അമ്മു.?"

എന്റെ തൊണ്ടവരണ്ടു. തലമണ്ടയിലൊരു ഗുണ്ട് പൊട്ടി. കുണ്ടിക്ക് വെടിയുണ്ട കൊണ്ട തെണ്ടിയുടെ അവസ്ഥയിലായി ഞാന്‍ ഇവളെന്റെ അണ്ടിപ്പരിപ്പ് മാത്രല്ല, വെണ്ടക്കുരുവരെ എടുക്കാനുള്ള ഒരുക്കത്തിലാണ്. ചാണ്ടിച്ചാ, കാത്തോളണേ..!

"ഷെമ്മൂ, എന്നെ വിശ്വസിക്കണം. നീ കരുതുംപോലെയൊന്നുമില്ല. ഉണ്ടായിരുന്നേല്‍ ആ ലാസ്റ്റ്‌പോസ്റ്റ്‌ ഞാനിടുമായിരുന്നോ.?"
എന്ത് പറഞ്ഞാണ് ഇവളെ മനസിലാക്കേണ്ടതെന്നറിയാതെ ഞാന്‍ കണ്ണുകളിറുകെപ്പൂട്ടി.

"ഇങ്ങളെ ഞാന്‍ വിശ്വസിക്കാം. പക്ഷെ നിന്റെ അരക്കെട്ടിലെ വീര്യമെനിക്ക് വേണം. നിന്നിലെനിക്ക് സ്വതന്ത്രമായി അലിയണം എന്നൊക്കെ മെയിലില്‍ ഉണ്ടല്ലോ..?"

"അയ്യോ, അതൊക്കെ ആലങ്കാരിക പദങ്ങളല്ലേ.. അരക്കെട്ടിലെ വീര്യം എന്നല്ല. അണക്കെട്ടിലെ വെള്ളം എന്നല്ലേ. അതായത് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം നമ്മള്‍ മലയാളികള്‍ കുടിച്ചുവറ്റിക്കണം. എന്നിട്ട് മുപ്പതുലക്ഷം പേരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കണം. അത്രേ അവളുദ്ദേശിച്ചിട്ടുണ്ടാവൂ..."

"ഇങ്ങളെന്നെ മന്ദബുദ്ധിയാക്കിയതൊക്കെ മതി. ഹലാക്കിന്റെ ഈ ബ്ലോഗ്‌ലെ കളി കുടുംബം നശിപ്പിക്കൂന്ന് അന്നേ ഞാമ്പറഞ്ഞതാ. കേട്ടില്ല. എന്നേം മോനേം നാട്ടിലയച്ചിട്ട് ഇങ്ങളെന്തു വേണേലും ആയിക്കോ. അല്ലെങ്കിലും നിങ്ങക്ക് ദുബായിയോടുള്ളത്ര സ്നേഹോന്നും എന്നോടില്ല. ഒക്കെനിക്കറിയാം.." അവളുടെ മൂക്ക് ചുവക്കുന്നു. കണ്ണുകളെരിയുന്നു. ഇതൊരു വെടിക്ക് തീരുന്ന ലക്ഷണമില്ലാ!

"അത് പിന്നെ..... നിനക്കറിയാലോ. ഇരുപതാമത്തെ വയസില്‍ എന്റെ ഓര്‍മ്മയുറച്ച നാള്‍മുതല്‍ ഞാനീ ദുബായിലുണ്ട്. എനിക്ക് മെന്‍സസായത് പോലും ഇവിടെവെച്ചാണ്. ആ ഒരു കടപ്പാട് എനിക്കീ മണ്ണിനോടുണ്ട്. എന്നുകരുതി നിന്നോടെനിക്ക് സ്നേഹമില്ലാന്നു പറഞ്ഞ് എന്റെ ചങ്ക് പൊളിക്കരുത്..."

"ഇങ്ങക്ക് ബ്ലോഗിലെ പിരാന്ത് പോരാഞ്ഞിട്ടല്ലേ ഫേസ്‌ബുക്കില്‍ പോയി സ്വന്തായി ഗ്രൂപ്പ് തുടങ്ങി തല്ലുകൂടുന്നത്. വല്ല ബിസിനസൊ മറ്റോ ആണെങ്കില്‍ സമാധാനിക്കായിരുന്നു.."

"എടീ, നീ വേണേല്‍ എന്നേം എന്റെ വല്യുപ്പാനേം നാല് പറഞ്ഞോ. സാരല്യ. പക്ഷെ ബ്ലോഗിനെപ്പറ്റി പറഞ്ഞാ എന്റെ നെഞ്ച്പൊട്ടിപ്പോകും. ലീലേച്ചി കൊടുത്തയച്ച ഉണ്ണിയപ്പം തിന്നുമ്പോ നിനക്കീ പുച്ഛമുണ്ടായിരുന്നില്ലല്ലോ. ബ്ലോഗിലും ഗ്രൂപ്പിലും ഞാന്‍ ഗുരുവാണ്. ഗുരു! എനിക്കെത്ര ശിഷ്യകളുണ്ടെന്നറിയോ? ആശ്രമത്തിലെ പൂജകളെക്കുറിച്ച് നിനക്ക് വല്ലോം അറിയോ? ഞാനിപ്പോ ഈലോകാശ്രമത്തിന്റെ മുതലാളിയാ. പരലോകത്ത് പുണ്യം കിട്ടണമെങ്കില്‍ E-ലോകത്ത് പലതും ചെയ്യാനുണ്ട്. വെറുതെ എന്നെ കുറ്റപ്പെടുത്താനാണോ ഇപ്പാതിരാക്ക് നീയെന്റെ ഉറക്കം കളയുന്നത്..?"

"അവിടേം ഇവ്ടെം ഇങ്ങളെ ചാറ്റിങ്ങും വേണ്ടാത്തരോം ഞാനും കാണുന്നുണ്ട്. പെണ്ണുങ്ങളെ പിറകെ ഒലിപ്പിച്ചുനടക്കുന്നതാ ഇങ്ങള് പറീന്ന ആശ്രമം? ചന്തിക്ക് ആല് മുളക്കുന്ന ഇങ്ങളെപ്പോലുള്ളവര് ഗുരുവല്ല, പടച്ചോന്തന്നെയാകും. എന്തൊക്കെ വൃത്തികേടുകളാ ഇങ്ങളവരോട് കാണിക്കുന്നേ. ഇങ്ങളോട് പടച്ചോന്‍ പൊറുക്കില്ല. നോക്കിക്കോ.."

ഒരു കുറ്റസമ്മതത്തിന്റെ രൂപത്തില്‍ ഈ തര്‍ക്കം എത്തിച്ചില്ലെങ്കില്‍ നാളെ നേരംപുലരുന്ന കാര്യം സംശയമാണ്. ഇവളുടെ ധാരണകള്‍ തീരണം. എന്നിട്ട് മതി ബാക്കിയൊക്കെ. ഓട്ടവീണ ജെട്ടിയും പാസ്‌വേര്‍ഡും മറ്റുള്ളവരെ കാണിക്കരുത്. രണ്ടും നമ്മുടെ അന്തസും ആഭിജാത്യവും നശിപ്പിക്കും. കണ്ടില്ലേ ഞാനീ പാതിരാത്രിയില്‍ അനുഭവിക്കുന്നത്..!

"സമ്മതിച്ചു. ഞാനൊരു റൊമാന്റിക്കാണെന്ന് നിനക്കറിയില്ലേ. ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല പോരെ..?"

"ഇങ്ങളാര് സല്മാങ്കാനാ? ഇങ്ങക്ക് കമ്പിക്കടി കൊള്ളാഞ്ഞിട്ടാ ഈ സൂക്കേട്. ഇനി ഗുരുവാണ് അതാണ്‌ ഇതാണ് എന്നൊക്കെ പറഞ്ഞ് കുരുത്തക്കേട് കളിച്ചാ നാട്ടിലറീക്കും. പറഞ്ഞില്ലാന്നു വേണ്ട. കേട്ടല്ലോ.."

കേട്ടെന്നും അനുസരിക്കാമെന്നും തലയാട്ടിക്കൊണ്ട് ഞാനവളെ ആശ്വസിപ്പിച്ചു. ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്നും ഞാനെന്നും നിന്റെമാത്രം യാച്ചുവായിരിക്കുമെന്നും പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ വെളിച്ചംനിറഞ്ഞു. അവളെയും കൂട്ടി ഞാന്‍ കടല്‍ക്കരയിലെത്തി. രണ്ടുമാസത്തിനു ശേഷമാണ് അവളെ ഞാന്‍ കടല്‍ കാണിക്കുന്നത്. ഇത്തവണ ഇടതുവശത്തേക്ക് ചെരിച്ചുകിടത്തിയില്ല. എന്റെ കൈത്തണ്ടയില്‍ തലവെച്ച് വലതുകരംകൊണ്ട് കെട്ടിപ്പിടിച്ച് എനിക്കഭിമുഖമായി കിടത്തിയപ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ക്ക് പുതുമഴയുടെ സുഗന്ധമുണ്ടായിരുന്നു.

ഇപ്പോള്‍ എനിക്കും അവള്‍ക്കുമിടയില്‍ കടലിന്റെ നേര്‍ത്ത ഇരമ്പം മാത്രം. നനഞ്ഞമണലില്‍ ചവിട്ടിനിന്ന് ചുറ്റുംനോക്കി. പതുക്കെ ഞങ്ങള്‍ തിരയിലേക്കിറങ്ങിറങ്ങിച്ചെന്നു. ഉദിക്കുംമുന്‍പേ സൂര്യനെറിഞ്ഞ രശ്മികളേറ്റ് ഒന്നുരണ്ട് മേഘത്തുള്ളികള്‍ ഒഴുകിയിറങ്ങി. കടലിന്റെ ഗഹനനീല ഞരമ്പുകളെ ത്രസിപ്പിച്ചു. ആകാശത്തിന്റെ നീലിമ ഹൃദയങ്ങളെ തണുപ്പിച്ചു. ഉപ്പുകാറ്റിന്റെ സ്പര്‍ശനങ്ങള്‍ ഉന്മാദത്തിലേക്കാനയിച്ചു. ആപാദചൂടം ഉഴിയുന്ന ജലക്കൈകള്‍ ഞങ്ങളെ തലോടി. ഓരോ തിരയും പുതിയൊരുണര്‍വ്വായി അനുഭവപ്പെട്ടു. മെല്ലെമെല്ലെ ശബ്ദവും വേദനയും അലിഞ്ഞലിഞ്ഞില്ലാതായി. നോക്കിനോക്കിയിരിക്കേ തിരകളോരോന്നും കടലിലേക്കുതന്നെ തിരികെപ്പോയി....
____________________________________________________________





സര്‍വ്വശ്രീ കണ്ണൂരാനന്ദ ആസാമികളുടെ ഈ പോസ്റ്റില്‍ ബൂലോക സദാചാര സന്തതികള്‍ അഫിപ്രായം പറയരുത്!

Thursday, September 29, 2011

അങ്ങനെ ഞാനൊരു പണ്ടാരിയായി..

കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു. അവിടെയുള്ള കഫറ്റീരിയയില്‍നിന്നും ചായയും സാന്‍റ്-വിച്ചും കഴിച്ച് സന്തതസഹചാരിയായ ബാഗും കെട്ടിപ്പിടിച്ച് സിമന്റ്ബെഞ്ചിലമര്‍ന്നിരുന്ന് ഒരു സിഗരറ്റ്കൊണ്ട് തലച്ചോറിനുള്ളിലെ ചിന്തകളെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.

റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ്സ്സ്ഥാപനങ്ങളുള്ള അമ്മാവനോട് ദുബായിലൊരോഫീസില്‍ ജോലി ശെരിയായെന്ന കള്ളവും പറഞ്ഞാണ് ഉസ്മാനിക്കയെ സഹായിക്കാന്‍ തള്ളയുടെ വീട്ടിലെത്തിയത്. അതുകൊണ്ടുതന്നെ തിരിച്ചങ്ങോട്ട് പോകുന്നത് നാണക്കേടാണ്. ദുബായിലും അബുദാബിയിലുമുള്ള പരിചയക്കാര്‍ക്കിടയിലേക്ക് പോകാനും മൈന്‍ഡനുവദിക്കുന്നില്ല.

'ഇനിയെന്ത്' എന്ന വലിയൊരു ചോദ്യം എനിക്കുള്ളില്‍ ചിതറിത്തെറിക്കാന്‍ തുടങ്ങി. സിഗരെറ്റുകള്‍ ഒന്നിനുപിറകെ മറ്റൊന്നായി തലയ്ക്കകത്ത് കത്തികൊണ്ടിരുന്നു. ഒന്നുകില്‍ ആത്മഹത്യ! അല്ലെങ്കില്‍ ജീവിതത്തോട് പൊരുതുക. എന്തുവേണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്ക്മാത്രമാണ്. ജീവിതത്തിലാദ്യമായി സ്വന്തമായൊരു തീരുമാനമെടുക്കാനവസരം തന്ന My God, ഇരിക്കട്ടെ നിനക്കൊരു Thanks!

എന്നിട്ട് ഞാനിരുന്ന് ചിന്തിക്കാന്‍ തുടങ്ങി. ഗാഡമായും ഗൂഡമായും ചിന്തിച്ചു. ആകാശം നോക്കിയും ഭൂമിയിലൂടെ നടന്നും ചിന്തിച്ചു! ചിരിച്ചും ചുമച്ചും ചിന്തിച്ചു. ഒടുവില്‍ , 'ആണത്തമുണ്ടെങ്കില്‍ പോയിച്ചാവടാ..' എന്നാരോ തലയുടെ ഇടതുഭാഗത്തുനിന്നും വിളിച്ചു പറയുന്നതായി എനിക്ക് തോന്നി. ഇനി വൈകരുത്. മരിക്കുക തന്നെ.! പക്ഷെ എങ്ങനെ.?

എനിക്ക് ചാടിച്ചാകാന്‍ പറ്റിയ കെട്ടിടങ്ങളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്‌! സമാധാനത്തോടെ ഒന്നാത്മഹത്യ ചെയ്യാന്‍പോലും സൌകര്യമില്ലാത്ത ഇന്നാട്ടിലേക്കാണോ ആത്മഹത്യ ഒരാഘോഷമായികൊണ്ടാടുന്ന ബ്ലഡി ഇന്ത്യന്‍സ് ഒഴുകിയെത്തുന്നത്! കത്തിത്തീര്‍ന്ന ഒരു സിഗരറ്റ്കുറ്റി നിലത്തിട്ട് ചവിട്ടിയരച്ചിട്ടും എനിക്കരിശം തീര്‍ന്നില്ല.

ഇനിയുള്ളത് ജീവിതത്തോട് പൊരുതുക എന്ന സെക്കന്റ്‌തിയറിയാണ്. അതിനാവശ്യമായ ചേരുവകള്‍ മനസിലിട്ട് കൂട്ടിയുംകുറച്ചും ഹരിച്ചുംഗുണിച്ചും വീണ്ടും പുകപടലങ്ങള്‍ മസ്തിഷ്ക്കത്തിലേക്ക് Export ചെയ്തു. ആദ്യം വേണ്ടത് ഡിഗ്രിഹോള്‍ഡറാണെന്ന ചിന്ത ഒഴിവാക്കുകയാണ്. അനുവദനീയമായ ഏതുജോലിയും ചെയ്യുമെന്ന ഒരുറച്ചതീരുമാനവും സ്വീകരിക്കണം. നാട്ടുകാരെയും ബന്ധുക്കളെയും ആശ്രയിക്കരുത്. ഒരുകാരണവശാലും മാതാപിതാ-ഗുരുനാഥന്‍ന്മാരെ പറയിപ്പിക്കരുത്. എങ്കിലീ ലോകത്തെന്നല്ല, പരലോകത്തുപോലും തൂങ്ങേണ്ടി വരില്ല.

"ഡേയ്, താനൊന്നു ശ്രമിച്ചു നോക്കഡോ.."

ഒരശരീരി എന്നെത്തഴുകി-ക്കടന്നുപോയി. ഞാനൊരുങ്ങി. മനസാ വാചാ പൂജാ ലക്ഷ്മണാ എഗ്രീഡ്.! ദുഷ്ചിന്തകള്‍ക്ക് കൂട്ടുനിന്ന സിഗരറ്റും ലൈറ്ററും വലിച്ചെറിഞ്ഞു. ഇന്ന്മുതല്‍ എന്റെവഴിയില്‍ കല്ലുകളില്ല. മുള്ളുകളില്ല. മുരിക്കും മുരിങ്ങക്കോലുമില്ല. ഉള്ളത് നന്മയുടെ നേര്‍വഴികളാണ്. ബദ്രീങ്ങളെ കാത്തോളണേ.!

ഏറെക്കഴിയുംമുന്‍പേ ഒരു മദ്ധ്യവയസ്ക്കന്‍ ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. എന്നെക്കണ്ടിട്ട് ഇവനേതോ ബംഗാളിയെന്നു തോന്നിയതുകൊണ്ടാകാം അയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഞാന്‍ മലയാളത്തില്‍ മറുപടി പറയുകയും ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. മടിച്ചു മടിച്ചാണെങ്കിലും വലിയൊരു രഹസ്യം ചോദിക്കും പോലെ അയാളെന്നോട് ചോദിച്ചു.

"മോന്‍ ജയിലിന്നാ വരുന്നേ..?"

കുറ്റിത്താടി-മുടി-മീശയുള്ള എലുമ്പന്മാരൊക്കെ ജയില്‍വാസികളായിരിക്കണമെന്ന് ശഠിക്കുന്ന ഇയാളെപ്പോലുള്ളവരുടെ ചെപ്പട്ടക്കുറ്റി നോക്കി എട്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്. എന്റെ കൈകള്‍ തരിച്ചു. ഞാന്‍ വിറച്ചു. എന്നിട്ടും ക്ഷമിച്ചു! നാലഞ്ചു മിനിട്ടുകള്‍ക്കുമുന്‍പ് എനിക്ക് മനസ്താപമുണ്ടായത് അയാളുടെ ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ആ കൊശവന്റെ നെഞ്ചുകീറി സഞ്ചിയിലാക്കിയേനെ..!

തികട്ടിവന്നരോഷം അടക്കിവെച്ച് ഞാനയാളെ ദയനീയമായി നോക്കി. എന്റെവരവ് ജയിലില്‍ നിന്നാണെന്ന് ഉറപ്പിച്ചതുപോലെ അയാളെന്നെ ആശ്വസിപ്പിച്ചു.

"ഇന്നാട്ടില്‍ ഞമ്മളൊക്കെ അന്യരല്ലേ കുട്ട്യേ. ആരാന്റെ നാട്ടിലെത്തിയാല് അബ്ടത്തെ നിയമോം കാര്യോം നോക്കീം കണ്ടും നിന്നോളണം. ബല്ല കുരുത്തക്കേടും കളിച്ചാ ഞമ്മളെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല്യ. നാട്ടില് പണി ഇല്ലാത്തോണ്ടല്ലേ ഞമ്മളിബിടെ ബന്നത്. മോന്റെ ബീട്ടിലെ പട്ടിണി ആയിരിക്കൂലോ ഇത്ര ചെറുപ്പത്തിലേ മോനെ ഇബിടെത്തിച്ചത്. സാരല്ല്യ. മോന്റെ റൂമെവിടാ..? എങ്ങോട്ടാ പൊന്നേ..?"

കാര്‍ന്നോരുടെ കോണോത്തിലെ ഉപദേശംകേട്ട് ഓക്കാനംവന്നെങ്കിലും ആ നിഷ്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു. ഇന്നുമുതല്‍ എനിക്ക് റൂമില്ലെന്നും പോകാനിടമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെന്നെ റൂമിലേക്ക്‌ ക്ഷണിച്ചു. ആ സമയം ഏതാഫ്രിക്കക്കാരന്‍ വിളിച്ചാലും കൂടെപ്പോകാന്‍ വെമ്പിനില്‍ക്കുന്ന എന്റെ ആത്മാവ് അബ്ദുസ്സലാമെന്ന ആ മലപ്പുറം സ്വദേശിയോടൊപ്പം ഇറങ്ങിനടന്നു.
ഇതാ, യുദ്ധകാണ്ഡം തുടങ്ങുകയായി..! ഞാന്‍ പല്ലിറുമ്മി. തല്ലിനൊരുങ്ങി. വില്ലുകുലച്ചു. എല്ല് പൊടിച്ചു. നെഞ്ചുവിരിച്ചു.. വെല്ലു വിളിച്ചു.. പുല്ലന്മാരേ.., കല്ലി~വല്ലി.!

ഒരു പഴഞ്ചന്‍ കെട്ടിടത്തിലെ മൂന്നാമത്തെ ഫ്ലോറിലാണ് സലാംക്കാന്റെ സങ്കേതം. ലീവിനുപോയ ഒരാളുടെ ബെഡ്ഢില്‍ എന്നെ അഡ്മിറ്റാക്കി. രാത്രിയായപ്പോള്‍ മുഴുവന്‍പേരെയും ജീവനോടെ പരിചയപ്പെട്ടു. 2ബെഡ്-റൂം ഹാള്‍ ഫ്ലാറ്റില്‍ മൊത്തം 11പേര്‍ . കോഴിക്കോട്‌ വയനാട് മലപ്പുറം പാലക്കാട്‌ തൃശൂര്‍ സ്വദേശികളായ മദ്ധ്യവയസ്ക്കര്‍ . രണ്ടും മൂന്നും തവണ പ്രായപൂര്‍ത്തി എത്തിയവര്‍ ! അവരില്‍ ചിലരുടെ നോട്ടം അത്ര പന്തിയല്ലെന്നെനിക്ക് തോന്നി. പാണ്ടിലോറിക്കിടയില്‍ പെട്ട ഓട്ടോയുടെ അവസ്ഥയിലായിരുന്നു ഞാന്‍. കിടന്നെങ്കിലും ഉറക്കം പോയിട്ട് മയക്കം പോലും വന്നില്ല.

എന്നെക്കാള്‍ ഇരട്ടിവയസുള്ള ഈ പരട്ടകള്‍ക്കൊപ്പം എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും.! മധുരപ്പതിനേഴ് കഴിഞ്ഞ് കേവലം നാലുവര്‍ഷംപോലുമായിട്ടില്ലാത്ത എന്നെയീ തടിമാടന്മാര്‍ മാനഭംഗപ്പെടുത്തില്ലെന്നാര് കണ്ടു.! ഒരു പോറലുമേല്‍ക്കാതെ ഇത്രേംകാലം സംരക്ഷിച്ചുപോരുന്ന എന്റെ ചാരിത്ര്യം ഇവര്‍ ചരിത്രത്തിലേക്ക് വലിച്ചെറിയുമോ.! ഓര്‍ക്കുംതോറും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ബാഗിലൊരു കത്തിയെങ്കിലും കരുതാമായിരുന്നു. എന്നെപ്പോലുള്ള Handsome Boysനു ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ പറ്റാത്ത കാലമാണിത്. ഉടുത്തലുങ്കിയുടെ മറുഭാഗം തുടയ്ക്കിടയിലൂടെയിട്ട് മുറുക്കിയൊരു കെട്ടുംകെട്ടി കണ്ണുകളിറുകെപ്പൂട്ടി ഞാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിച്ചു.
'പടച്ചോനെ, എന്റെ കന്യകാത്വം നീ കാത്തോളണേ..'!

പിറ്റേന്ന് പകല്‍ !

ശരീരം നുറുങ്ങുന്ന വേദനയുമായിട്ടാണ് ഉണര്‍ന്നത്. അടിവയറ്റിലും നടുപ്പുറത്തും ശക്തമായ വേദന! മൂത്രമൊഴിക്കുമ്പോള്‍ അണ്ഡകടാഹം നടുങ്ങി. മാത്രനേരംകൊണ്ട് വിലപ്പെട്ട പലതും എനിക്ക് നഷ്ട്ടപ്പെട്ടോ..! എന്നെയവര്‍ പീഡിപ്പിച്ചോ..!

പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ സത്യമെനിക്ക് മനസിലായത്. കൂട്ടബലാല്‍സംഗത്തിന് ഞാന്‍ ഇരയായിട്ടില്ല. ഇരുമ്പു കട്ടിലിനു മീതെ പലക ഇടാതെയാണ് ബെഡ് ഇട്ടിരിക്കുന്നത്. അതാണീ വേദന. അടിവയറ്റില്‍ നിന്നുയരുന്നത് വിശപ്പിന്റെ കാഠിന്യമാണ്. സമയം 12മണി കഴിഞ്ഞിരിക്കുന്നു! 'ചെക്കനുറങ്ങിക്കോട്ടെ..' എന്ന് കരുതി ആരുമെന്നെ ഉണര്‍ത്തിയിരുന്നില്ല.

കുളികഴിഞ്ഞ് വസ്ത്രം മാറുമ്പോഴാണ് എന്റെ നഗ്നത മറക്കാനുള്ള മാറ്റച്ചുരികയില്ലെന്ന നഗ്നസത്യം എന്നെ ഞെട്ടിച്ചത്.! ഇന്നലെവരെ ഇട്ടിരുന്നത് അല്പംമുന്‍പ് കുളിക്കുമ്പോള്‍ കഴുകിയിട്ടു. തള്ളയുടെ വീട്ടില്‍നിന്നുള്ള മരണപ്പാച്ചിലിനിടയില്‍ അവിടെ കഴുകിയിട്ടിരുന്നവ എടുക്കാന്‍ വിട്ടുപോയിരിക്കുന്നു.!അവിടെച്ചെന്ന് അതൊക്കെ കൊണ്ടുവരിക അത്ര എളുപ്പവുമല്ല. എന്റെ സൈസ് തള്ളക്ക് പാകമാവാത്തതു കൊണ്ടു അതൊക്കെയെടുത്ത് വലിച്ചെറിയാനാണ് സാധ്യത. പാകമാവാത്ത ജെട്ടിയും കയ്യില്‍പിടിച്ച് എന്നെ പ്രാകുന്ന തള്ളയെ ഓര്‍ത്തപ്പോള്‍ എനിക്ക് നാണം തോന്നി. പാവം തള്ള!

എന്താണൊരു വഴിയെന്ന് ആലോചിച്ച് ടെറസില്‍ ചെന്നപ്പോള്‍ ദാ തൂങ്ങുന്നു അയലില്‍ നിറയെ പല സൈസിലുള്ള കിണ്ണംതൂക്കികള്‍ ! നല്ലൊരെണ്ണമെടുത്ത് റൂമില്‍വന്ന് കൊടിയേറ്റം നടത്തി. അല്പം ലൂസുണ്ടോന്നൊരു സംശയം. എന്നാലും കട്ടെടുത്തജെട്ടിയിട്ട് സാമാനംഭേദപ്പെട്ട നിലയില്‍ പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചുവന്നു.

രണ്ടുമൂന്നു ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് ബോറടിച്ചു തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ ഉറങ്ങിയും ടീവി കണ്ടും പഴയപത്രങ്ങള്‍ വായിച്ചും മടുത്തിരിക്കുന്നു. ഒരു രാത്രി സലാംക്ക വന്നപ്പോള്‍ ജോലിക്കാര്യം ഓര്‍മ്മിപ്പിച്ചു. റൂമിന്റെ വാടകയും വട്ടച്ചെലവിനുള്ള കാശും കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍ ആ വലിയ മനുഷ്യന്‍ എന്റെ ചുമലില്‍ കൈ വെച്ചു.

"അനക്കൊരു ജോലിക്ക് വേണ്ടി ഞങ്ങളെല്ലാവരും ശ്രമിക്കുന്നുണ്ട്. നല്ലത് കിട്ടീറ്റു മാത്രം നിന്നാ മതി. അതു വരെ മോനിവിടെ നിന്നോ. ആരും കുട്ട്യോട് വാടക ചോദിക്കൂല. എന്തേലും കാശു വേണേല്‍ ഇബ്ടെ ആരോട് വേണേലും ചോദിക്കാം. എന്താ പോരെ.?"

എന്റെ കണ്ണ് നിറഞ്ഞു. അപരിചിതനായ എനിക്കഭയം നല്‍കിയ സലാംക്കയും മറ്റുള്ളവരും സ്നേഹ വാത്സല്യങ്ങള്‍ കൊണ്ട് എനിക്കുള്ളില്‍ ആശ്ചര്യചിഹ്നം പണിയുകയായിരുന്നു. ഒരിക്കല്‍പോലും മുഖം കറുപ്പിച്ചു സംസാരിക്കുകയോ 'നീ പയ്യന്‍; ഞങ്ങള്‍ മുതിര്‍ന്നവര്‍ ' എന്ന രീതിയില്‍ പെരുമാറുകയോ ചെയ്തില്ല.

മനുഷ്യജീവിതത്തിലെ രസകരമായൊരു കാലഘട്ടമാണ് ഗള്‍ഫിലെ ബാച്ച്ലേഴ്സ് ലൈഫ്‌. പത്തും പന്ത്രണ്ടും പേരുടെ ഒരു കൂട്ടായ്മയാണത്. ഒറ്റപ്പെടലിന്റെ ദുരൂഹതകള്‍മറന്നു പൊട്ടിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരവാച്യലോകം! അതിരുകളില്ലാത്ത സ്വതന്ത്രത്തിന്റെ അനുഭൂതിയുണ്ടതിന്. ഒരേസമയം ചിരിക്കാനും കരയാനും പ്രവാസിക്ക് കഴിയുന്നത് ആ കൊച്ചുലോകത്തിന്റെ മാസ്മരികത കൊണ്ടാണ്. അവന്റെ കണ്ണുനീരൊപ്പാനുള്ള കഴിവുണ്ട് കൂടെക്കഴിയുന്നവരുടെ സാമിപ്യത്തിന്.

അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ . ഉച്ചഭക്ഷണത്തിന് വന്നു വിശ്രമിച്ച് വൈകിട്ട് വീണ്ടും പോകുന്നവര്‍ . രാവിലെപോയിട്ട് രാത്രി തിരിച്ചെത്തുന്നവര്‍ . ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ..!

ജോലി ലഭിക്കുംവരെ വാടക തരണ്ടാ എന്ന് നിര്‍ബന്ധം പിടിച്ച അവര്‍ക്ക് മുന്‍പില്‍ ഞാനൊരുപാധി വെച്ചു. "കുക്കിങ്ങും ക്ലീനിങ്ങും ഞാന്‍ ചെയ്തോളാം.."

"അതിനു തനിക്ക് ഭക്ഷണമുണ്ടാക്കാനറിയോ..?" ന്യായമായ സംശയം.

"ഇല്ല. രണ്ടുമൂന്നു ദിവസം ആരെങ്കിലും കാണിച്ചു തന്നാല്‍ മതി."

ഹോട്ടലില്‍നിന്നും തിന്നുമടുത്ത് കുടല്‍മാല കടല്‍ പോലെയായ ആ പാവങ്ങള്‍ പാതിമനസോടെ സമ്മതിച്ചു.
ഇതാ യുദ്ധം മുറുകുകയാണ്. കടുക്മുതല്‍ കത്തിവരെ സുസജ്ജമാക്കി. തുരുമ്പെടുത്ത ഫ്രിഡ്ജ് വൃത്തിയാക്കി. ധാന്യപ്പൊടികള്‍ ദൈന്യതയോടെ എന്നെനോക്കി പരിഹസിച്ചു. എന്റെ ഉരുളിപരമ്പര ദൈവങ്ങളേ അനുഗ്രഹിക്കൂ..!

അഴുക്ക്പുരണ്ട കിച്ചന്‍ കഴുകിത്തുടച്ചു. കരിപുരണ്ട പാത്രങ്ങള്‍ നക്കിത്തുടച്ചു. തൂറിപ്പൊളിഞ്ഞ കക്കൂസില്‍ സോപ് പൊടിയും ക്ലോറക്സും ഡെറ്റോളുമിട്ട് നീന്തിത്തുടിച്ചു. കീറിപ്പറിഞ്ഞ കര്‍ട്ടനുകള്‍ അലക്കി വെളുപ്പിച്ചു. ആകെമൊത്തം സംഗതി ക്ലീനായതില്‍ അവര്‍ അതിയായി സന്തോഷിച്ചു.

45നും 60നുമിടയില്‍ പ്രായമുള്ള അവരെല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരായിരുന്നു. ജീവിതം ഉത്സവമാക്കാത്തവര്‍ . യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ദൈവഭയമുള്ളവര്‍ . സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ പത്തുപേര്‍ക്കുള്ള ചായ ഉണ്ടാക്കും. കഴിക്കാന്‍ ബ്രെഡ്‌ ടോസ്സ്റ്റോ ഉപ്മാവോ ബിസ്ക്കറ്റോ കൊടുക്കും. എട്ടുമണിക്ക് ലാസ്റ്റ്‌ പേഴ്സണും പോയിക്കഴിഞ്ഞാല്‍ ഓരോ മുറികളും തൂത്തുവാരി തുടക്കും. അതിനിടയില്‍ ചോറിനുള്ള അരിയിടും. പിന്നെ കറിവെക്കും. വൈകിട്ട് ആറു കഴിഞ്ഞാല്‍ രാത്രിഭക്ഷണത്തിനുള്ള പണിയിലേക്കിറങ്ങും.

ആനുകാലികങ്ങളില്‍ വരുന്ന പാചകകുറിപ്പുകളൊക്കെ ഞാനവരില്‍ പരീക്ഷിച്ചു നോക്കി. എണ്ണ ചൂടാക്കി ഉള്ളി വാട്ടി ഉലുവയിട്ടുണ്ടാക്കുന്ന മീന്‍കറിയും മല്ലിച്ചപ്പും തേങ്ങയും മിക്സിയിലരച്ചുണ്ടാക്കുന്ന മട്ടന്‍കറിയും കഴിച്ച് അവര്‍ ഏമ്പക്കം വിട്ടു. ഓരോ സവാള അരിയുമ്പൊഴും ഒരായിരം കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങിയത് പുതിയൊരനുഭവമായിരുന്നു. ഒരേ കറിക്കുതന്നെ ഒന്നിലേറെ രുചികളുണ്ടായതിന്റെ പൊരുളെന്തെന്ന് ആരുമറിഞ്ഞില്ല. ഇന്ന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തില്‍ അരിഞ്ഞിട്ടാല്‍ അടുത്ത ദിവസം അത് മൂന്നുംകൂടി മിക്സിയില്‍ അരച്ചെടുക്കും. സവാളയും തക്കാളിയും ഇതുപോലെ അരച്ചെടുത്ത് കറിവെച്ചു തീറ്റിച്ചിട്ടുണ്ട് നല്ലവരായ ആ പഹയന്മാരെ..!

ആദ്യമൊക്കെ കറികളില്‍ ആവശ്യത്തിലധികം വെള്ളം കൂടിയിരുന്നു. അത്തരം കറികള്‍ മുറുകാന്‍വേണ്ടി ബ്രെഡിന്റെ കഷ്ണങ്ങളോ റവപ്പൊടിയോ ഇടും. ചിലപ്പോള്‍ മുളകുപൊടി കൂടുതല്‍ . മറ്റുചിലപ്പോള്‍ മല്ലിപ്പൊടിയുടെ ചവര്‍പ്പ്. എരിവ് കൊണ്ട് കണ്ണുതുടച്ച്‌ ചിലര്‍ കക്കൂസിലേക്കോടും. മറ്റുചിലര്‍ മൂലംപൊള്ളിയ നാണക്കേട് പുറത്തുപറയാതെ എല്ലാം സഹിച്ചു.!

പക്ഷെ ഒരുമാസം പിന്നിട്ടപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാനൊരു മികച്ച പണ്ടാരിയായി. പലതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിച്ചു. നല്ല രുചി. നല്ല കൈപുണ്യം.
2003ല്‍ ഞാന്‍ കാണിച്ച ആ സാഹസം ഒരു അനുഗ്രഹം തന്നെയായിരുന്നു. അവര്‍ക്കിടയിലെ മൂന്നരമാസത്തെ ജീവിതം എനിക്ക് നല്‍കിയത് ഭക്ഷണമുണ്ടാക്കാനുള്ള അറിവും കഴിവും മാത്രമായിരുന്നില്ല. നല്ല മനസുകളിലെ നല്ല കാഴ്ചപ്പാടുകളായിരുന്നു... സഹജീവി സ്നേഹമായിരുന്നു... എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!

**

Wednesday, June 22, 2011

പാതിരാത്രിയിലൊരു മൂത്രശങ്ക..!

ഇടതുകാല്‍ നീട്ടിവച്ച്, വലതുകരംകൊണ്ട് ഗിയറിന്‍മേല്‍ താളംപിടിച്ച് ഇടങ്കയ്യാല്‍ സ്റ്റിയറിങ്ങ് നിയന്ത്രിച്ച്, വലതുകാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തിച്ചവിട്ടി ചീറിപ്പായുന്നതിനിടയിലാണ് ഒരുത്തന്‍ പിറകില്‍നിന്നും ലൈറ്റടിച്ച് വഴിമാറിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത്. ഞാനത് മൈന്‍ഡ് ചെയ്തില്ല. ഫാസ്റ്റ്ട്രാക്കിലൂടെയുള്ള മരണപ്പാച്ചിലാണ് എനിക്കിഷ്ട്ടം. വേണമെങ്കിലവന്‍ ആകാശത്തൂടെ പൊയ്കോട്ടെ. റോഡ്‌ അവന്റെതല്ല. ഇത്രേംവലിയ റോഡില്‍ അവനുള്ള അതേ അവകാശം എനിക്കുമുണ്ട്.

തനിക്കെന്താ വേണ്ടതെന്ന ഭാവത്തില്‍ ഗ്ലാസിലൂടെ പിറകിലേക്ക് നോക്കി ഞാന്‍ കണ്ണുരുട്ടി.

ഡേയ് കൊശവാ, ഓവര്‍ടേക്ക് ചെയ്തോ. സൈഡ് തരാന്‍ എനിക്ക് മനസ്സില്ല..!

പിന്നേംപിന്നേം ലൈറ്റടിച്ചു തിരക്ക് കൂട്ടികൊണ്ടിരിക്കുകയാണവന്‍. ഇപ്പോള്‍ ഇടിക്കും നിന്റെ പരിപ്പെടുക്കും എന്ന മട്ടില്‍ ഒരിഞ്ചു വ്യത്യാസത്തിലാണവന്‍ പിറകിലുള്ളത്.

വീട്ടിലെത്തി പാകംചെയ്തു കഴിക്കാനുള്ള മീനോ ഇറച്ചിയോ കാറിലുണ്ടാവും.. അല്ലെങ്കില്‍ ഓടിച്ചെന്നു കെട്ട്യോള്‍ക്കൊരുമ്മ കൊടുക്കാനുള്ള ആക്രാന്തമായിരിക്കും. അതുമല്ലെങ്കില്‍ തൂറാനോ മൂത്രിക്കാനോ മുട്ടുന്നുണ്ടാവും. പാവം! എനിക്കവനോട് സഹതാപം തോന്നി. പെട്ടെന്ന് സെന്‍ട്രല്‍ട്രാക്കിലേക്ക് വഴിമാറിക്കൊടുത്തു. എന്നാല്‍ അവിടെയുമെത്തി ലൈറ്റടി തുടരുകയാണവന്‍. ഞാന്‍ മൂന്നാമത്തെ സ്ലോട്രാക്കിലേക്ക് മാറിയപ്പോള്‍ വീണ്ടും പിന്നാലെ വന്ന് ലൈറ്റടി മാഹാത്മ്യം ആവര്‍ത്തിച്ചു.

ശെടാ.. ഇവന് വട്ടായോ..! ഈ പിശാചെന്തിനാ എന്റെ പിറകെ വരുന്നത്..!
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല.

പൊടുന്നനെ എന്റെ തലയിലൊരു ബള്‍ബ്‌ കത്തി. സിങ്കപ്പൂരിലെ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ഇടയ്ക്കിടെ അനുജന്മ്മാരെ കാണാന്‍ വേണ്ടി വാപ്പ ഇങ്ങോട്ട് വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരമൊരു വരവില്‍ സഹായം ലഭിച്ച ഏതെങ്കിലുമൊരു ദരിദ്രവാസി അറബിയായിരിക്കുമോ! എങ്കില്‍ അന്നു വാപ്പാന്റെ ഔദാര്യംകിട്ടി പില്‍ക്കാലത്ത് സമ്പന്നനായ ഇവനിപ്പോള്‍ നന്ദി പറയാനായിരിക്കില്ലേ എന്റെപിറകെയിങ്ങനെ പൂവന്‍കോഴിയെപ്പോലെ ധൃതികൂട്ടി വരുന്നത്..!

മനുഷ്യനായാല്‍ ഇങ്ങനെ വേണം. കണ്ടില്ലേ ഒരറബിയുടെ എളിമ! കാശുകാരനായിട്ടും വന്നവഴി മറന്നിട്ടില്ല.

ഞാനെന്റെ പഴഞ്ചന്‍ നിസ്സാന്‍ സൈഡിലോതുക്കി. തൊട്ടുതൊട്ടില്ലെന്നമട്ടില്‍ പിറകെ അവനും നിര്‍ത്തി. നീളന്‍കുപ്പായവും തലയില്‍ വട്ടക്കെട്ടുമുള്ള സുമുഖനായൊരു മദ്ധ്യവയസ്ക്കന്‍. ആഡ്യത്തമുള്ള മുഖം. മൊബൈലില്‍ ആരോടോ സംസാരിക്കുകയാണ്.

അഹമദാജിയോടുള്ള നന്ദിസൂചകമായി അയാള്‍ പുറത്തിറങ്ങിവന്ന് എന്നെയിപ്പോള്‍ കെട്ടിപ്പിടിക്കും. ചിലപ്പോള്‍ എന്തെങ്കിലും പാരിതോഷികം തരാതിരിക്കില്ല. തരുന്നത് നോട്ടുകെട്ടുകളാവാം... ഓടിച്ചുവന്ന ഈ പുതുപുത്തന്‍ ബെന്‍സ് കാറായിരിക്കാം.. അല്ലെങ്കില്‍ എന്റെ പേരിലൊരു കൂറ്റന്‍ ബംഗ്ലാവ്... അതുമല്ലെങ്കില്‍ മോളെ എനിക്ക് കെട്ടിച്ചു തന്നേക്കും.

അങ്ങനെയെങ്കില്‍ ആദ്യരാത്രി എനിക്ക് പണികൂടും. കാരണം, അവളെ മലയാളം പടിപ്പിക്കെണ്ടതുണ്ട്. എന്റെ കുടുംബക്കാര്‍ക്ക് അറബി അറിയില്ല. ആകെ അറിയുന്നത് 'അസലാമു അലൈകും - വ അലൈകുമുസ്സലാം.!

ഗോതമ്പ്നിറമുള്ള ഹൂറിയെക്കാണാന്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകളെത്തും. അവരെന്നെ അസൂയയോടെ നോക്കും. 'മരുഭൂമീ പോയി നശിക്കെടാ' എന്ന് പറഞ്ഞു ഉന്തിത്തള്ളിവിട്ട മൂത്താപ്പയുടെ മൂക്കിനു മുന്‍പിലൂടെ ഹൂറിയുടെ കയ്യുംപിടിച്ച് നെഞ്ചു വിരിച്ചു നടക്കണം..

ഹൌ! ഓര്‍ത്തപ്പോള്‍ എന്റെ ഭൂമദ്ധ്യരേഖയില്‍ നിന്നും ഒരുള്‍പ്പുളകമുണ്ടായി. അറബ്നാട്ടിലും ആശ്രിതവല്‍സരും ആരാധകരുമുള്ള അഹമദാജിയുടെ മോനായതില്‍ എനിക്കഭിമാനം തോന്നി.
അയാം പ്രൌഡോഫ് യൂ ഡാഡ്.., അയാം പ്രൌഡോഫ് യൂ..!

ബെന്‍സില്‍നിന്നും ഇറങ്ങിവന്ന ഭാവി ഫാദര്‍ഇന്‍ലോക്ക് ഭവ്യതയോടെ ഞാന്‍ സലാംപറഞെങ്കിലും അനിഷ്ട്ടത്തോടെ സലാം മടക്കിയശേഷം അയാള്‍ രോഷാകുലനായി!

"ശൂ ഇന്ത മസ്ക്കറ! ഇന്ത മിന്‍, ബച്ച മല്‍ ഷെയ്ക്? അന കം മര്‍റ സവ്വയ്തെ ഇശാറ. ഇന്ത ലേഷ് മാ ആതെ ത്ഥരീക്? (നീ എന്താ കളിപ്പിക്കുന്നോ! ഞാനെത്ര തവണ വഴിമാറാന്‍ സിഗ്നല്‍ തന്നു. നീ ആര്, ശൈഖിന്റെ മോനോ? നീ വഴി തരാതിരുന്നതെന്താടാ..?)

ഓഹോ., അപ്പോള്‍ അതാണുകാര്യം. മുന്നിലെ പഴഞ്ചന്‍ കാറ് കണ്ടപ്പോള്‍ ബെന്സുകാരന് തോന്നിയിരിക്കും, ഇവനെ പേടിപ്പിച്ചു സൈഡാക്കണമെന്ന്. എന്നിട്ടിപ്പോള്‍ മെക്കിട്ടു കേറുന്നോ പന്നി!

"ഭായീ, എന്തിനാ എന്നോട് ചൂടാവുന്നെ? അത്ര തിരക്കുണ്ടെങ്കില്‍ നിനക്ക് സെന്‍ട്രല്‍ട്രാക്കിലൂടെ പോയ്ക്കൂടെ?" ഞാന്‍ വിട്ടുകൊടുത്തില്ല.

അയാള്‍ കുറേകൂടി എന്റരികിലേക്ക് വന്നു അട്ടഹാസം തുടര്‍ന്നു.

"മിന്‍ അതയ്തക് ലൈസന്‍? ഔ ഫീ വല മാഫീ? ഒയിന്‍ ലൈസന്‍? ബശൂഫ്‌.." (ആരെടാ നിനക്ക് ലൈസന്‍സ് തന്നത്? അതോ ലൈസന്‍സില്ലേ? എടുക്കെടാ നിന്റെ കോപ്പിലെ ലൈസെന്‍സ്)

"അതൊന്നും നീ അറിയേണ്ട. ലൈസന്‍സ് ചോദിക്കാന്‍ നീ ആരാ പോലീസോ?"

എന്റെ ചോദ്യം അയാളില്‍ അമ്പരപ്പുണ്ടാക്കി. ക്രൂരമായി, ക്രൂദ്ധനായി, പൂര്‍വാശ്രമത്തില്‍ കോപാന്ധനായി അയാള്‍ പൊട്ടിത്തെറിച്ചു.

"ഉസ്കുത്ത് യാ ഹിമാര്‍ . ഇന്ത ലേഷ് കലാം സിയാദ? ഹാദാ ഷാറ മല്‍ അബൂക് ?" (വായ അടക്കെടാ കഴുതേ. നീ എന്താ പുലമ്പിക്കൊണ്ടിരിക്കുന്നെ? റോഡ്‌ നിന്റെ വാപ്പാന്റെ വകയല്ലല്ലോ? ആണോ?")

ആ ചോദ്യവും അവന്റെ ധാര്‍ഷ്ട്ട്യവും എനിക്കൊട്ടും ഇഷ്ട്ടമായില്ല. പ്രത്യേകിച്ച് വാപ്പാനെ പറഞ്ഞത്.! എന്റെ സിരകള്‍ സമാവറിലെ വെള്ളംപോല്‍ തിളക്കാന്‍ തുടങ്ങി. എന്നിലെ വിവേകിയും വിവരദോഷിയും വികടനും വിജയിയും വിമലനും വൃത്തികെട്ടവനും വിദേശരക്തവും വിഡ്ഢിയും വിരൂപനും വിജ്രംഭിതനും വിശാലമനസ്ക്കനും വികാരജീവിയും വിഷണ്ണനും വികൃതിയും വിഘടനവാദിയും വിപ്ലവകാരിയും ഒരേസമയം സടകുടഞ്ഞെഴുന്നേറ്റു. തിരിച്ച് അയാളുടെനേര്‍ക്ക്‌ കൈചൂണ്ടി ഞാന്‍ ആക്രോശിച്ചു.

"ഈ റോഡ്‌ എന്റെ വാപ്പാന്റെതല്ല. സമ്മതിച്ചു. പക്ഷെ നിന്റെ വാപ്പാന്റെതാണോ? അയാം നോട്ട് ഡോങ്കി. യൂ ആര്‍ ഡോങ്കി..)

ഒരു നിമിഷം!
അപ്രതീക്ഷിതമായത് സംഭവിക്കാന്‍ ആ ഒരു നിമിഷം ധാരാളമായിരുന്നു. അവനെന്നെ പിറകോട്ടു തള്ളിയിട്ട് കാറില്‍നിന്നും കീ ഊരിയെടുത്ത് 'നിനക്ക് ഞാന്‍ കാണിച്ചു തരാമെടാ' എന്ന ലവലില്‍ ഫോണെടുത്ത്‌ ആരെയോ വിളിച്ചു. ഞാന്‍ മണലില്‍നിന്നെഴുന്നേറ്റു പൊടിതട്ടി. കീ ആവശ്യപ്പെട്ടെങ്കിലും തരില്ലെന്നയാല്‍ ആംഗ്യം കാട്ടി. ദേശീയ പാതയാണ്. രാത്രി 10മണി കഴിഞ്ഞിരിക്കുന്നു. ഒറ്റപ്പെട്ട വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ട്. കീ തരില്ലെന്നുറപ്പാണ്. ഫോണ്‍വെച്ച് കാറില്‍നിന്നും ഒരു സിഗരെറ്റെടുത്തു തീ കൊളുത്തിയിട്ടയാള്‍ ഇളം മഞ്ഞിലേക്ക് പുക പറത്തി.

"ഗിവ് മൈ കീ. ഐ വാണ്ട്‌ ടു ഗോ.." അവനു നേര്‍ക്ക്‌ ഞാന്‍ പുച്ഛത്തോടെ കൈ നീട്ടി.

'ഇല്ല. പൊലീസ് വരട്ടെ.. എന്നിട്ട് തരാം.."

ഹും! ഏതോ കാട്ടറബിയെ വിളിച്ചിട്ട് പൊലീസ് വരുന്നെന്നു പറഞ്ഞു പേടിപ്പിക്കുവാ ഏമ്പോക്കി. സമയം പിന്നെയും കൊഴിഞ്ഞു കൊണ്ടിരുന്നു. താമസ സ്ഥലെത്താന്‍ ഇനിയും മുക്കാല്‍ മണിക്കൂര്‍ ഓടണം. വിശക്കാന്‍ തുടങ്ങിയിരിക്കുന്നു. 6 മണിക്ക് ചായ കുടിച്ചതാണ്. അല്പമകലെ പെട്രോള്‍ പമ്പിന്റെ ബോര്‍ഡ്‌ കാണുന്നുണ്ട്. അവിടെച്ചെന്നാല്‍ ചായ കിട്ടാതിരിക്കില്ല. അവനും വേണ്ടിവരും. പാവം. എന്നോട് ചൂടായതല്ലേ.. തണുക്കട്ടെ.

"ഭായീ, അവിടെപ്പോയി ഞാന്‍ ചായ വാങ്ങിവരാം.. ഓക്കേ?"

"ഊഗഫ്‌ യാ മജ്നൂന്‍, അല്‍ഹീന്‍ ശുര്‍ത്ത ഇജീ.." (ഡാ പിരാന്താ.. നില്ലിവിടെ. പോലീസിപ്പോ വരും)

"പോലീസ്‌ കല്ലിവല്ലി! മാഫീ പ്രോബ്ലം. വന്നാല്‍ വെയിറ്റ് ചെയ്യാന്‍ പറ.." (മലയാളിക്ക്‌ പോലീസ് പുല്ലാണെന്ന് അറബിക്കറിയില്ലല്ലോ)

പത്ത് മിനിട്ടിനുള്ളില്‍ രണ്ടു ചായയുമായി തിരിച്ചെത്തിയിട്ടും അവിടെങ്ങും ഒരുത്തനേം കണ്ടില്ല. ചായ നീട്ടിക്കൊണ്ടു ഞാനയാളെ നോക്കി പരിഹാസത്തോടെ ചിറികൊട്ടി.

"എവിടെ നിന്റെ പോലീസും പട്ടാളവും..?"

എന്നെക്കൊണ്ട് പൊറുതിമുട്ടിയെങ്കിലും അറബുരക്തമുള്ള അയാള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവനായിരുന്നു. അയാള്‍ ചായ നിരസിച്ചു. രണ്ടുചായ അകത്തുചെന്നപ്പോള്‍ പതിവുപോല്‍ വന്നൂ മൂത്രശങ്ക.! ഞാനവനെ മറികടന്ന് റോഡ്‌ സൈഡിലുള്ള മുഴുത്തൊരു ഈന്തമരത്തിനു കീഴില്‍ ചെന്ന് മൂത്രംകൊണ്ട് ചിത്രം വരച്ചു. ഈ അമൃതനീരിനാല്‍ ധന്യമാവട്ടെ ഈന്തമരം എന്ന് പ്രാര്‍ത്ഥിച്ചുനില്‍ക്കേ നീലവെളിച്ചം പരത്തിക്കൊണ്ട് പൊലീസെത്തി. ഒന്നല്ല രണ്ടുവണ്ടി കശ്മലന്‍മാര്‍ .!

പെട്ടെന്ന് ഞാന്‍ സിബ്ബും വലിച്ചുകേറ്റി അവര്‍ക്കരികിലേക്ക് ഓടിയെത്തി. അയാള്‍ എനിക്കെതിരെയുള്ള പരാതികള്‍ നിരത്തുകയാണ്. അറബി മനസ്സിലാകാത്തവനെപ്പോലെ ഞാന്‍ മിഴിച്ചുനിന്നു. ഇത്രേംനേരം അയാളോട് വീമ്പിളക്കിയതൊക്കെ ഇംഗ്ലീഷിലായിരുന്നു. പോലീസുകാരുടെ രൂക്ഷനോട്ടത്തില്‍ എന്റെ മുട്ടുകാല്‍ വിറച്ചു. ബാക്കിമൂത്രം പാന്റ്സിലൂടെ പരന്നൊഴുകി. എന്നെ അവരെയേല്‍പ്പിച്ചു സ്ഥലംവിടാനൊരുങ്ങുന്ന അയാള്‍ക്ക്‌ പോലീസുകാര്‍ സല്യൂട്ട് കൊടുക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളൊന്നുകാളി.! ഇയാള്‍ ചില്ലറക്കാരനല്ല. ഉഗ്രവിഷമുള്ള ഏതോ ഒരിനമാണ്.

സംശയമില്ല., ഇത് കൈവിട്ട കളിതന്നെ. ഈ രാത്രിയോടുകൂടി എന്റെ ഇഹലോകവാസം തീരുകയാണ്. എന്നുമെനിക്ക് കുരിശുപണിതിട്ടുള്ള എന്റെ നാവിനോടെനിക്ക് ദേഷ്യം തോന്നി. വാപ്പാ, വാപ്പാന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ മോന്‍ രക്തസാക്ഷിത്വം വരിക്കുകയാണ്. പ്രിയപ്പെട്ട ഉമ്മാ, ഈ മുടിയനായ പുത്രനോട് പൊറുക്കൂ. ഇനി നമുക്ക് പരലോകത്ത്‌വെച്ചു കാണാം.
ബദ്-രീങ്ങളേ കാത്തോളണേ..!

പോലീസുകാരിലൊരുവന്‍ എന്റെ കൈകളില്‍ വിലങ്ങ് വച്ച് അവരുടെ വാഹനത്തില്‍ കയറാന്‍ ആജ്ഞാപിച്ചു. മറ്റൊരുവന്‍ എന്റെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു. സ്റ്റേഷനിലെത്തിയപ്പോള്‍ വിലങ്ങഴിച്ച്, അവിടുള്ള ബെഞ്ചിലിരിക്കാന്‍ പറഞ്ഞു. എന്റെ ആഗമനം അവര്‍ ശരിക്കും ആഘോഷിക്കുകയാണ്. എനിക്കൊപ്പം വന്നവര്‍ അവിടുള്ള പോലീസുകാരോട് സംഭവം കൈമാറി. അറബിഭാഷ ഒട്ടും അറിയാത്തവനെപ്പോലെ ഞാന്‍ കാതുകൂര്‍പ്പിച്ച് ബെഞ്ചിലിരുന്ന് ഉറക്കം നടിച്ചു.

എന്നെയിവര്‍ വിടില്ലെന്നുറപ്പാണ്. സമയം പാതിരാത്രി കഴിഞ്ഞിട്ടും എന്റെ കാര്യത്തിലൊരു തീരുമാനമായില്ല. പതുക്കെഞാന്‍ കൌണ്ടറിലിരിക്കുന്ന പോലീസുകാരനോട് എന്നെ വിടാമോ എന്ന് ചോദിച്ചു. വെയിറ്റ് ചെയ്യാനായിരുന്നു അവന്റെ കല്‍പ്പന. ടേബിളില്‍ സിഗരെറ്റ്‌ പാക്കറ്റ് കണ്ടപ്പോള്‍ എന്റെ ചുണ്ടുകള്‍ വികാര-തരളിതരായി. 'ഒന്ന് തരൂ എനിക്ക് വലിക്കണം' എന്ന് പറഞ്ഞതും അവന്‍ ചാടിയെഴുന്നേറ്റതും ഒരുമിച്ചായിരുന്നു. കൌണ്ടറിനു പുറത്തിറങ്ങി എന്നെയും കൂട്ടി അകത്തുപോയി ലോക്കപ്പ് തുറന്ന് അതിനകത്തേക്ക് തള്ളിക്കേറ്റി. ഒരു സിഗരറ്റ് തരാന്‍പോലും സന്മനസ്സ് കാണിക്കാത്ത ഇവന്‍ പോലീസല്ല, കള്ളനാണ്.

ആ തടിയന്‍ പോലീസുകാരനെ ഞാന്‍ മനസ്സില്‍ ചീത്ത പറഞ്ഞു.
എടാ കൊണാപ്പാ.., നീ റാസ്ക്ക്ള്‍ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിലേക്ക് വാ. അതും അതിനപ്പുറവും കേള്‍പ്പിച്ചു തരാം. നിന്നെ ഞങ്ങള്‍ ഉരുട്ടും... ലിംഗത്തില്‍ ഒലക്ക കയറ്റും.... ഓടിച്ചു നിന്നെ കിണറ്റില്‍ വീഴ്ത്തും.... പച്ചയോടെ കടലില്‍ താഴ്ത്തും.... ജെട്ടിയുടെ ഇലാസ്റ്റിക്കില്‍ കെട്ടിത്തൂക്കും... കരണക്കുറ്റി അടിച്ചു പീസ് പീസാക്കും... കണ്ണും കാതും തല്ലിത്തകര്‍ക്കും.. . നീ വാ... നീ വാടാ കണവെട്ടിപ്പോലീസേ..!

വിശപ്പും നിരാശയും ആത്മനിന്ദയും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി. ജീവിതത്തിലാദ്യമായിട്ടാണ് പട്ടിണി അനുഭവിക്കുന്നത്. പാതിരാത്രിയിലെ മൂത്രശങ്ക പുതിയൊരനുഭവമായി. എന്നെ ഈ കോലത്തിലാക്കിയത് ആ പഹയന്‍ പരനാറി കൂതറയാണ്. മര്യാദയ്ക്ക് ഡ്രൈവ്ചെയ്യാത്ത എനിക്കീഗതി വന്നല്ലോ പടച്ചോനെ. എടാ അറബീ. നക്കി നാറി നായിന്റെ മോനെ, ഒരുദിവസം നിന്നെ എനിക്ക് കിട്ടും. അന്ന് ഞാന്‍ നിന്റെ മുട്ടുകാല്‍വെട്ടും... കോണകം കൊണ്ട് തലേല്‍കെട്ടും... ഞാനൊന്ന് നിവര്‍ന്നു നിന്നാല്‍ നിന്റെ ആസനത്തില്‍ ആല്‍മരം മുളയ്ക്കും.
നീ നോക്കിക്കോ.. മൂക്കില്‍ വിരലിട്ടോ..!

നേരംപുലരാന്‍ ഏതാനും മിനുട്ടുകളുള്ളപ്പോള്‍ ഒരുത്തന്‍ വന്നെന്നെ പുറത്തിറക്കി. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള തൂക്കിക്കൊല്ലലൊക്കെ പുലര്‍ച്ചെയാണുണ്ടായതെന്ന് ഞാനോര്‍ത്തു. അന്ത്യാഭിലാഷമെന്തെന്ന് ചോദിച്ചാല്‍ 'വല്ലതും തിന്നാന്‍ തരണമെന്ന് ' ആവശ്യപ്പെടണം. ഒരുകാരണവശാലും ഒണക്കക്കുബ്ബൂസ് സ്വീകരിക്കരുത്. മയ്യിത്ത് നാട്ടില്‍ കൊണ്ട്പോകരുതെന്നും അപേക്ഷിക്കണം. പുന്നാരമോന്റെ മയ്യിത്ത് കണ്ടാല്‍ ഉമ്മാന്റെ നെഞ്ചുരുകും. അവരുടെ ഹൃദയം പൊട്ടിയെക്കും. അതുണ്ടാവരുത്.

അവനൊപ്പം റിസപ്ഷന്‍ഹാളിലെത്തി. അവിടുള്ള പോലീസുകാരുടെ നിര്‍ദ്ദയനോട്ടം നേരിടാനാവാതെ ഞാന്‍ തല താഴ്‌ത്തി. അതിലൊരുവന്‍ എന്റെ വണ്ടീടെ താക്കോലും മൊബൈല്‍ ഫോണും പേഴ്സും തിരിച്ചേല്‍പ്പിച്ചു. സ്വപ്നമോ സത്യമോ എന്നറിയാന്‍ എന്നെക്കൊണ്ടുവന്ന പോലീസുകാരന്റെ കയ്യില്‍ ചുമ്മാ പിടിച്ചുനോക്കി.
എന്നെ തൂക്കുന്നില്ലേ..? എന്താണിവരുടെ മനം മാറ്റത്തിന് പിന്നില്‍ ?

ആ പോലീസുകാരനോട് ഞാനെന്റെ തെറ്റില്‍ ക്ഷമചോദിച്ചു. എന്നെ പിന്തുടര്‍ന്നു വന്നവന്‍ ഒരുയര്‍ന്ന പോലീസ് ഓഫീസറാണെന്നും ഒന്ന് പേടിപ്പിച്ചു വിട്ടേക്കാനാണ് അയാള്‍ പറഞ്ഞതെന്നും പോലീസുകാരന്‍ പറഞ്ഞതുകേട്ട് എനിക്ക് ആശ്ചര്യം തോന്നി. 'പോലീസ് കല്ലിവല്ലി' എന്ന് പറഞ്ഞതാണ് അയാളെ കൂടുതല്‍ പ്രകൊപിപ്പിച്ചതത്രേ.! ഇനിമേലില്‍ ആ വാക്ക് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച് അവരെന്നെ യാത്രയാക്കി.

സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ചിന്തിച്ചത് കഴിഞ്ഞ ഏഴരമണിക്കൂര്‍ നേരത്തെ എന്റെ അവസ്ഥയെക്കുറിച്ചായിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും അപക്വമായ പെരുമാറ്റവും മുന്‍-പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടവും വാക്കുകള്‍ ഉപയോഗിക്കുന്നതിലെ പോരായ്മയുമാണ് എന്നെ ലോക്കപ്പിലേക്ക് തള്ളിവിട്ടത്.

വിദേശിയായ ഞാന്‍ സ്വദേശിയായ ആ അറബിയോട് മാന്യത പുലര്‍ത്തണമായിരുന്നു. 'കല്ലിവല്ലി' എന്ന പദത്താല്‍ അവന്റെ ഡിപ്പാര്‍ട്ട്മെന്റിനെ പരിഹസിക്കുകയും ചെയ്തു!
21വയസുള്ള പെന്‍സില്‍മാര്‍ക്ക്‌ പയ്യനായത് കൊണ്ടാവാം എന്നെ അയാള്‍ വെറുതെ വിട്ടത്. ഇല്ലേല്‍ കാണില്ലായിരുന്നു ഉടലിനുമേല്‍ എന്റെ ഈ അഴകൊഴമ്പന്‍ തല..!
____________________________________________________________

(ഹും. തലപോയാല്‍ എനിക്ക് പുല്ലാ.. കടിക്കുന്ന പട്ടിക്കെന്തിനാ തല!)

****

Thursday, April 28, 2011

വാപ്പച്ചീടെ ഇച്ചിക്കഷ്‌ണം..!

ഫിബ്രവരി പതിമൂന്നിന് പുറപ്പെടാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പ്രധാനപ്പെട്ട ഒരു വിവാഹത്തിനു കൂടേണ്ടതിനാല്‍ യാത്ര പത്ത് ദിവസം മുന്‍പേയാക്കാന്‍ തീരുമാനിച്ചുറപ്പിക്കുകയും എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ന്റെ ദുബായ്‌- കോഴിക്കോട് സെക്റ്ററില്‍ ടിക്കറ്റ് ഏര്‍പ്പാടാക്കുകയും ചെയ്ത ശേഷം ബോസിന് മുമ്പിലെത്തി സോഫയില്‍ കാലും നീട്ടിയിരുന്നു കാര്യമങ്ങവതരിപ്പിച്ചു.

പറഞ്ഞതൊന്നും ദഹിക്കാത്ത മട്ടില്‍ സൈഡ് ടേബിളില്‍ നിന്നും ബിസ്ക്കെറ്റെടുത്ത് വായിലിട്ട്, പ്ലാവില ചവക്കുന്ന ആട്ടിനെപ്പോലെ ചവച്ചരച്ച് യുവതുര്‍ക്കി മൂളാനും മുരളാനും തുടങ്ങി. 'താന്‍ പോയാല്‍ കമ്പനിയുടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമല്ലോ' എന്ന ഭാവത്തിലാണ് മൂപ്പരുടെ നോട്ടം.

'ഞാന്‍ പോയാലും കമ്പനി മുന്നോട്ടു കുതിക്കുമെന്ന' ധീരമായ മറുനോട്ടം കൊണ്ട് നേരിട്ടെങ്കിലും അദ്ദേഹം തര്‍ക്കിച്ചു കൊണ്ടേയിരുന്നു.

"അറിയാലോ. എനിക്ക് മൂന്നാഴ്ച്ചക്കകം തിരിച്ചു കാനഡയിലെത്തേണ്ടതാണ്. താന്‍ പെട്ടെന്നിങ്ങു പോന്നേക്കണം. മൂന്നിനു പൊയ്ക്കോ. പക്ഷെ 22നു ഇവിടുണ്ടാവണം.."

"നടപ്പില്ല ബോസ്. മിനിമം മുപ്പതു ദിവസേങ്കിലും എനിക്കുവേണം. അതുവരെ ബോസിവിടെ നിന്നേപറ്റൂ..."

"ഇടയ്ക്കിടെ താന്‍ ഏഴും എട്ടും ദിവസത്തെ ലീവിനു നാട്ടിപ്പോകുന്നുണ്ടല്ലോ. പോരാത്തതിന് തന്റെ മദര്‍ ഇവിടേയ്ക്ക് വരാറുമുണ്ട്. പിന്നെന്തിനാ തനിക്കിത്രേം ദിവസം?"

"ബോസ്, പറഞ്ഞല്ലോ. ഇത്തവണ പോയിട്ട് ഒരുപാട് വര്‍ക്കുണ്ടവിടെ. മുപ്പതു ദിവസത്തെ ആനുവല്‍ ലീവിന് പോയിട്ട് ഇരുപതു ദിവസം കൊണ്ട് വരുന്നോനാ ഞാന്‍. ഇത്തവണ അത് പറ്റില്ല. മാത്രല്ല, മോന്റെ ചേലാകര്‍മ്മം (circumcision) ചെയ്യാനുണ്ട്. ഒക്കെക്കൂടി എങ്ങനേം ഒരുമാസം നിന്നേ പറ്റൂ.."

"ചേലാകര്‍മ്മം ചെയ്യുന്നത് ഡോക്ടറല്ലേ താനല്ലല്ലോ? പിന്നെന്തിനാ താനവിടെ?"

"മോന്റെ തന്ത എന്ന നിലക്ക് ആ കര്‍മ്മത്തിന് ഞാന്‍ കൂടിയേ തീരൂ.."

"എടോ, തന്റേതു ചെയ്തിട്ടുണ്ടോ? തന്നെക്കണ്ടാലറിയാലോ ഇല്ലെന്ന്.."

"ഉവ്വ് ബോസ്. കാണണോ..?"

തൊണ്ടിമുതല്‍ തെളിവുസഹിതം പുറത്തെടുക്കാനായി കൈകള്‍ ഞാന്‍ അരയിലുറപ്പിച്ചു.
തര്‍ക്കിച്ചാല്‍ ഈ കുരുത്തംകെട്ടവന്‍ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നറിയാവുന്ന യുവതുര്‍ക്കി പുരികമുയര്ത്തി പുഞ്ചിരിയോടെ പറഞ്ഞു.

"എഡോ, തന്റെ സന്തോഷം എന്റേത് കൂടിയല്ലേ. തനിക്ക് ഞാന്‍ നാല്‍പ്പതു ദിവസം തന്നിരിക്കുന്നു. താന്‍ വന്നിട്ടേ ഞാന്‍ പോകൂ. എന്താ പോരെ..?"

സന്തോഷംകൊണ്ടെന്റെ രോമങ്ങള്‍ ചെങ്കോടിപോല്‍ പാറിപ്പറക്കാന്‍ തുടങ്ങി. ഞാനെഴുന്നേറ്റുചെന്ന് ബോസിന്റെ മൂര്‍ദ്ധാവിലൊരുമ്മ കൊടുത്തതും സൈന്‍ ചെയ്യിക്കാനുള്ള ഡോക്യുമെന്റ്സുമായി സെക്രെട്ടറി ഡോര്‍ തുറന്നു വന്നതും ഒരുമിച്ചായിരുന്നു. ഫയല്‍ കയ്യില്‍ വാങ്ങുന്നതിനിടയില്‍ അയാളൊരു കള്ളച്ചിരിയോടെ എന്നെ നോക്കിപ്പറഞ്ഞു.

"ഒരെണ്ണം ഇവള്‍ക്കും കൊട്. ആവശ്യം വരുമ്പോള്‍ തിരിച്ചുവാങ്ങാലോ..." എന്നിട്ട് എന്നത്തേയും പോലെ വലിയ വായില്‍ അലറിച്ചിരിച്ചു.

'എന്താടീ, വേണോ..?' എന്നര്‍ത്ഥത്തില്‍ ഞാന്‍ അലീനയെ നോക്കി.
കിട്ടിയാല്‍ തരക്കേടില്ലെന്ന മട്ടിലാണവളുടെ നില്‍പ്പ്.

പക്ഷെ ഞാന്‍.., നിഷ്കളങ്കനും നിഷ്ക്കാമ കര്‍മ്മിയും, നിസ്തുലനും നിസ്സ്വാര്‍ത്ഥനും, നിര്‍മ്മലനും നിരുപമനും, നിസ്സീമനും നിസ്സാരനും, നിഷേധിയും നിരാശയില്ലാത്തവനും, നിര്‍ഭയനും നിര്‍ലജ്ജനും, നീതി നിര്‍വാഹകനും നിയമാനുസാരിയും, നിസ്സംശയ വിശ്വാസിയും നിശാകാമുകനും, നിതംബനിദ്രനും നിദ്രാവിഹീനനും, നിരപരാധിയും നിത്യാഭ്യാസിയും, നിഗൂഡചിന്തകനും നിരുപദ്രവകാരിയും, നിത്യഹരിത പ്രേമിയും സര്‍വ്വോപരി നിരാലംബസ്നേഹിയുമായ കണ്ണൂരാന്‍ ഇന്നേവരെ ഒരന്യപെണ്ണിന്റെയും ട്രിപ്പിള്‍ എമ്മിലേക്ക് (MMM) അഥവാ മുഖത്തോ മറുഭാഗത്തോ മാറിടത്തിലേക്കോ ആത്മാര്‍ഥമായി നോക്കിയിട്ടില്ല. ഹും.. പിന്നല്ലേ ഇവള്‍ !

ഞാന്‍ ക്യാബിനിലെത്തി ശ്രീമതിയെ വിളിച്ചു.

"എടീ, ഒരു സന്തോഷവാര്‍ത്തയുണ്ട്.."

"എന്താ, ഇങ്ങളെ ഇച്ചി പിന്നേം പൊള്ളിയോ..!"

"അതെല്ലെടീ, പെട്ടെന്ന് ഒരുങ്ങിക്കോ. നാട്ടിലേക്ക് പുറപ്പെടാനിനി അധിക സമയീല്ല.."

"ന്റെ ബദ്രീങ്ങളെ.. ചോറും കറിയും അടുപ്പത്താ. മോനെ ഇപ്പളാ ഒറക്കിയെ. അലക്കാനുള്ളതൊക്കെ മെഷീനിലിട്ടും പോയി. ഞാന്‍ കുളിച്ചിറ്റില്ലാ. ഇങ്ങക്കിത് രാവിലെ പോകുമ്പോ പറഞ്ഞൂടാരുന്നോ..?"

"എടീ മരക്കിഴങ്ങേ, ഇപ്പം തന്നെ പോകുന്നൂന്നല്ല, അടുത്ത മാസം മൂന്നിനു പോകുന്ന കാര്യാ പറഞ്ഞത്.. നീ ആവശ്യോള്ള സാധനങ്ങളുടെ ലിസ്റ്റൊണ്ടാക്ക്. ഇനി ഒരാഴ്ചയേ ഉള്ളൂ.."

നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും കുടുംബവീടുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അത്രെയേറെ ബന്ധുക്കള്‍ അങ്ങിങ്ങായ്‌ ചിതറിക്കിടപ്പുണ്ട്. എന്റെ സ്വന്തക്കാര്‍ കണ്ണൂരിലാണെങ്കില്‍ ഭാര്യാ ബന്ധുക്കള്‍ മൊത്തം തലശ്ശേരിയിലാണ്. രണ്ടിടങ്ങളിലും കറങ്ങിത്തിരിഞ്ഞു നടുവൊടിഞ്ഞു.
ഞങ്ങള്‍ എത്തിയതിന്റെ മൂന്നാം ദിവസം കാദര്‍കുട്ടി സാഹിബ് ബാന്‍ഗ്ലൂരിലേക്ക് തിരിച്ചുപോയി.

ബഹുമാന്യ പിതാശ്രീയുടെ സ്ഥാപനങ്ങളില്‍ ചെന്ന് 'ഹാജ്യാരുടെ മൂത്തോന്‍ കേമനാന്നു' പറയിപ്പിക്കലായിരുന്നു എന്റെ പ്രധാന ലക്‌ഷ്യം. വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊപ്പം പറമ്പത്ത് ചെന്ന് ഇളനീരിട്ട് അതില്‍ പൂവന്‍പഴവും അവിലും കുഴച്ച് ശാപ്പിടുന്ന പഴയ ശീലം ആവര്‍ത്തിച്ചു.

പതിവുപോലെ സാഹിബിന്റെ ക്ഷണം സ്വീകരിച്ച് ബാന്ഗ്ലൂരിലെക്കൊരു ഉല്ലാസയാത്ര. നാല് ദിവസത്തെ കറക്കംകഴിഞ്ഞ് തിരിച്ചെത്തിയത് ചുമയും പനിയുമായിട്ടായിരുന്നു! ഡോക്ടറെ കാണിച്ചില്ല. പകരം ഭാര്യവീട്ടില്‍ പോകാതെ ഉമ്മയുടെ പുന്നാരമോനായി കണ്ണൂരില്‍തന്നെ ചുരുണ്ട്കൂടിക്കിടന്നു.. ഇതിനിടയില്‍ രസകരമായോരനുഭവമുണ്ടായി. വീട്ടിലെ ലാന്റ് ഫോണിലേക്ക് വന്നൊരു കോള്‍ നീട്ടി ഉമ്മ പറഞ്ഞു.

"എടാ, കുട്ടീക്ക വിളിക്കുന്നു. നീ വന്നിട്ട് അത്രടം പോയില്ലാന്നു..!"

മൈ ഗോഡ്‌! എനിക്ക് കുറ്റബോധം തോന്നി. വന്ന വഴി മറക്കരുത്. ഒരു പോസ്ടിട്ടാല്‍ മൂന്നും നാലും തവണ വന്നു കമന്റിടുകയും പ്രോല്സാഹിപ്പിക്കുകയും ചെയ്യുന്നയാളാണ്. മലയാള ബൂലോകത്തെ കാരണവര്‍ . മലപ്പുറത്തിന്റെ മാണിക്യം! ഞാന്‍ ഫോണ്‍ വാങ്ങി ഒറ്റ ശ്വാസത്തില്‍ കത്തിക്കയറി.

"കുട്ടീക്കാ, തീര്‍ച്ചയായും ഞാനങ്ങോട്ടു വരും. ഹംസക്കാനെയും ഹാഷിമിനെയും, പറ്റിയാല്‍ അപ്പച്ചനെയും കാണണം. ഇവിടുള്ള കുമാരനെയും ഹാരൂനിക്കയെയും ശാന്ത, ലീല ചേച്ചിമാരേയും കാണണോന്നും പൂതിയുണ്ട്. നിങ്ങളെ ബ്ലോഗിനും മിന്നു മോള്‍ക്കും കേട്ട്യോള്‍ക്കും സുഖല്ലേ..?"

മറുപടിക്കായ്‌ കാത്തുനിന്ന എന്നെത്തേടിയെതിയത് പരിചിത ശബ്ദത്തില്‍ പച്ചത്തെറികളായിരുന്നു..!

"പ്ഫ! ഹിമാറെ.. ബലാലേ.., ഇന്‍ക്ക് പനിയാന്നേ അയ്ശു പറഞ്ഞുള്ളൂ.. അത് തലച്ചോറിക്കേറി പിരാന്തായീന്ന്ന്നു ഞാങ്കരുതീല. . ഇന്‍ക്കെന്നെ മനസ്സിലാവാണ്ടായി ല്ലേ ഹമുക്കെ.."

ബാക്കി കേള്‍ക്കുംമുന്‍പേ ഫോണ്‍ ഞാന്‍ ഉമ്മാക്ക് കൊടുത്തു. വിളിച്ചത് ഉമ്മാന്റെ ബന്ധത്തില്‍പ്പെട്ട ഹുസ്സന്‍കുട്ടീക്കയായിരുന്നു! ആകെ ചമ്മി വശക്കേടായി. ഉമ്മാക്കും ഫാസിലാക്കും എന്നെ കളിയാക്കിക്കൊല്ലാനൊരു വിഷയം കിട്ടി. ഷെമ്രീനോട് പറഞ്ഞ് ഫാസില എന്നെ നാറ്റിച്ചു. എനിക്ക് പിടിപെട്ട പനിക്കറിയില്ലല്ലോ മൂപ്പരെ ഭാര്യ ആസ്യമ്മായി മരിച്ചിട്ട് ഏഴുകൊല്ലം കഴിഞ്ഞെന്ന്..! (മേല്പറഞ്ഞ ബ്ലോഗേഴ്സിന്റെ പേര് കേട്ടപ്പോള്‍ അവരൊക്കെ വാപ്പാന്റെ പണിക്കാരായിരിക്കുമെന്നത്രേ മൂപ്പര് കരുതിയത്‌. പോരെ പൂരം..!)

കള്ള്‌കുടിച്ചവന്‍ വാള്വെക്കുന്ന ലാഘവത്തോടെയാണ് ദിവസങ്ങള്‍ ഉതിര്‍ന്നുപോയത്. തിരിച്ചു പോകാന്‍ ഒരാഴ്ചയില്ല! ഇനിയുള്ളത് മോന്റെ സുന്നത്ത് കല്യാണമാണ്*. ഡോക്ടറെ കൊണ്ട് ചെയ്യിക്കെണ്ടെന്നും മുറിവുണങ്ങാന്‍ മരുന്നോ ഗുളികയോ വേണ്ടെന്നും പകരം 'ധാര' കോരിയാല്‍ മതിയെന്നുമാണ് വാപ്പാന്റെ നിര്‍ദേശം. അപ്രകാരം തിയതി നിശ്ചയിക്കപ്പെട്ടു. അതിനായ്‌ സാഹിബിന്റെ ബംഗ്ലാവ് ഒരുങ്ങിക്കഴിഞ്ഞു.

അതിരാവിലെത്തന്നെ വാപ്പയും പരിവാരങ്ങളും തലശേരിയിലെത്തി. മോനെ കുളിപ്പിച്ച് പുത്തനുടുപ്പുകളണിയിച്ചപ്പോള്‍ എന്റെ നെഞ്ചിലൊരു നെരിപ്പോടുണര്‍ന്നു. നൂറിലേറെപേരുടെ സാന്നിധ്യത്തില്‍ പാരമ്പര്യത്തിന്റെ അനിവാര്യത ആവര്‍ത്തിക്കപ്പെട്ടു. ഇന്നേവരെ മോന്റെ സാമ്രാജ്യത്തിലേക്ക് ഒരുറുമ്പിനെപോലും അടുപ്പിച്ചിട്ടില്ല. കരയിച്ചിട്ടില്ല. ഇപ്പോള്‍ ഏസിയുടെ തണുപ്പിലും അസഹ്യമായ പുകച്ചില്‍ അവനെ പൊതിഞ്ഞു. മോന്റെ നിലവിളി വായുവില്‍ തങ്ങിനിന്നു. മുറിവേറ്റത് അവനാണെങ്കിലും വേദനിക്കുന്നത് എനിക്കാണ്. നിറഞ്ഞത് അവന്റെ കണ്ണുകളാണെങ്കിലും കരഞ്ഞത് ഞാനായിരുന്നു. ഓരോ ആഘോഷങ്ങളും ഗണിച്ചെടുക്കാനാവാത്ത വേദനയുടെ അനേകം തുരുത്തുകളാണ്. വേദന! കരള്‍ പിളരുന്ന വേദന... ലഹരിപോല്‍ സിരകളെ ത്രസിപ്പിക്കുന്ന വേദന..

പൊതിഞ്ഞുകെട്ടിയ ഇച്ചിയില്‍ നിന്നും ചോര പൊടിയുന്നുണ്ട്. കൂടുതല്‍ നോക്കാനുള്ള കരുത്തില്ലാതെ ഞാനവിടം വിട്ടു. എനിക്ക് മുന്‍പില്‍ പുരുഷലിംഗം ഉത്തരം കിട്ടാത്ത ചോദ്യമായി ഉദ്ധരിച്ചു നിന്നു!** ഞാന്‍ കണ്ണുകളമര്‍ത്തിത്തുടച്ചു.

പിറ്റേന്ന് പകല്‍
ബെഡ്റൂമിലിരുന്ന് ഓണ്‍ലൈനില്‍ ഒഫീഷ്യല്‍വര്‍ക്കുകളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍. മോനിപ്പോള്‍ പൂര്‍വ്വാധികം ഉഷാറായിരിക്കുന്നു. 'ധാര' ചെയ്തു ബാന്‍ഡേജ് മാറ്റിക്കെട്ടാന്‍ വന്ന ഒസ്സാന്‍ മൊയ്ദുവിനെ ചൂണ്ടി അവന്‍ ചോദിച്ചു.

"വാപ്പച്ചീ, അയാലെന്തിനാ ന്റെ ഇച്ചി മുരിച്ചേ..?"

"മുറിച്ചതോണ്ട് മോനിപ്പോ വല്യ ആളായില്ലേ.."

"ഇച്ചി മുരിച്ചാലെ ബല്യ ആളാവൂ.."

"അതെ മോനെ. ഈ ദുന്യാവില് വല്യ ഇച്ചിയുള്ളോരാ വല്യ ആള്‍ക്കാര്. അതുകൊണ്ടല്ലേ അഹമദാജി ഉപ്പാപ്പീം കാദറുപ്പാപ്പീം വലിയ ആള്‍ക്കാരായത്.."

അവനെന്നെ സൂക്ഷിച്ചു നോക്കി. ഇനി ഇവിടിരുന്നാല്‍ പണി നടക്കൂലെന്നെനിക്ക് തോന്നി.
മഴയിലേക്ക് മണല്‍ത്തരി എന്നപോലാണ് അവന്റെ ചോദ്യങ്ങള്‍ . ശ്രീമതിയോട് മോന്റെ സംശയങ്ങള്‍ക്ക് ഉത്തരം പറയാനേല്‍പ്പിച്ച് ലാപ്ടോപുമായി ഞാന്‍ ബാല്‍ക്കണിയിലേക്ക് പോയി.
വൈകിട്ട് വാപ്പയും ഉമ്മയും പെങ്ങളും മോനെ കാണാനെത്തി. രണ്ടിടത്തും അവനാണ് താരം. ഒരിടത്ത് അഹമദാജിയുടെ സീമന്ത പുത്രന്റെ മോനാണെന്ന ലാളന. പോരാത്തതിന് വാപ്പാന്റെ പേരാണ് അവനും! മറ്റൊരിടത്ത് കാദര്‍കുട്ടി സാഹിബിന്‍റെ C മോന്ത പുത്രിയുടെ മോനെന്ന പരിഗണനയും...

വാപ്പ അവനെയുമെടുത്ത് താഴെ സോഫയില്‍ കൊണ്ടിരുത്തി. എല്ലാവരും ചുറ്റുമിരുന്ന് അവനെ കളിയാക്കുകയാണ്. അവനാണെങ്കില്‍ ഫുള്‍ ഫോമിലും!

പെട്ടെന്നവന്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു.

"അഹമദാജി ഉപ്പാപ്പാന്റെം കാദറുപ്പാപ്പാന്റെം ഫസലുക്കാക്കന്റെം (സാഹിബിന്‍റെ മൂത്തമോന്‍) ഇച്ചി മുരിച്ചിനി. പക്ഷെ വാപ്പചിന്റെ ഇച്ചി മുരിച്ചിട്ടില്ല.."

കേട്ടുനിന്നവര്‍ ഉടുതുണി പോയവരെപ്പോലെ പരസ്പരം നോക്കി. അതൊന്നും മൈന്‍ഡ് ചെയ്യാതെ അവന്‍ ബാക്കി കൂടി വിളിച്ചു പറഞ്ഞു..

"നേരത്തെ ഉമ്മയാ പറഞ്ഞെ. വാപ്പച്ചിന്റെ ഇച്ചി മുരിചിട്ട്ല്ലാന്നു. പിന്നെ ദുബായീന്ന് വാപ്പച്ചി കുരുത്തക്കേട് കളിക്കുമ്പോ ഉമ്മ പരീന്നത് ഞാങ്കേട്ടതാ., ഇങ്ങളെ ഇച്ചി ഞാന്‍ മുറിക്കൂന്ന്. അപ്പൊ നേരല്ലേ., വാപ്പചിന്റെ ഇച്ചി മുരിചിട്ടില്ലാലോ...?"

ആസനത്തില്‍ തീ പിടിച്ചപോലെയായി എന്റെ അവസ്ഥ!
"ഹും. വൃത്തികെട്ടവന്‍" എന്നര്‍ത്ഥത്തില്‍ വാപ്പ എന്നെ നോക്കി. സാഹിബ് പതുക്കെ പുറത്തേക്കിറങ്ങി. അവളെ അരച്ചുകുടിക്കാനുള്ള ദേഷ്യത്തിലായിരുന്നു ഞാന്‍. എന്നെപ്പറഞ്ഞാല്‍ മതി, എന്നെ മാത്രം.

(കാരണം മോന്റെ സംശയങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആ മരമാക്രിയെ ഏല്‍പ്പിച്ചത് ഞാനാണല്ലോ..!)
__________________________________________________________


*(പഴമക്കാരില്‍ പ്രസിദ്ധമാണ് ഈ ചടങ്ങെന്നു കേട്ടിട്ടുണ്ട്. ശരിക്കും ഒരു കല്യാണത്തിന്റെ പ്രതീതിയായിരിക്കുമത്രേ. ഓരോ പ്രദേശത്തും ഇതിനായി വിദഗ്ദരായ ഒസ്സാന്മാരുണ്ടാകും. പള്ളിയിലെ ഉസ്താദുമാരും നാട്ടിലെ കാര്ന്നോന്മാരും വട്ടം കൂടിനിന്ന് ദിക്റുകള്‍ നീട്ടിപ്പാടും. ഇതിനിടയില്‍ ഒസ്സാന്‍, കുട്ടിയുടെ ലിംഗാഗ്രം ഏകാഗ്രതയോടെ മുറിച്ചു മാറ്റിയിട്ടുണ്ടാകും!)

**(ജീവവര്‍ഗ്ഗത്തിന് ദൈവം നല്‍കിയ വരദാനമാണ് ലിംഗവും അനുബന്ധ കര്‍മ്മങ്ങളും. പ്രജനന പ്രക്രിയയുടെ പച്ചപ്പിലേക്ക് പ്രപഞ്ചം തുറന്നിട്ടിരിക്കുന്ന വാതിലുകളാണത്. മന്വന്തരങ്ങളായ് മുറിച്ചും മുറിക്കാതെയും പുരുഷന്‍ കൊണ്ടുനടക്കുന്ന ഒരമൂല്യനിധി. സ്ത്രൈണതയുടെ പൂത്തിരിയില്‍ കൊളുത്താനുള്ള ദീപശിഖ!
ഇന്ന് പക്ഷെ പലര്‍ക്കും പലപ്പോഴും പലയിടത്തും എതിരാളിക്കെതിരെ പ്രയോഗിക്കാനുള്ള സമരായുധമാണ് സ്വലിംഗം.! ചിലപ്പോള്‍ കുറ്റിക്കാട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന താപസന്‍. മറ്റു ചിലപ്പോള്‍ ഇരകള്‍ക്ക് നേരെ ചീറിയടുക്കുന്ന ചീറ്റപ്പുലി..
നാല് മുതല്‍ ഏഴു വരെ ഇഞ്ച് വലിപ്പമുള്ള ഒരു മാംസക്കഷ്ണമാണ് സ്ത്രീത്വത്തിന്റെ മഹനീയതയിലേക്ക് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ചെങ്കോലായി ആണ്‍വര്‍ഗ്ഗം ഉയര്‍ത്തിക്കാട്ടുന്നത്. നീലഞരമ്പുകളാല്‍ ആവരണം ചെയ്യപ്പെട്ട എല്ലില്ലാത്തൊരവയവം സൃഷ്ട്ടിക്കുന്ന ക്രൂരതകള്‍ കണ്ടു ദൈവംപോലും ലജ്ജിക്കുന്നുണ്ടാവില്ലേ....?)

@@