കുഞ്ഞുനാളുകള്‍
കണാരന് പഞ്ഞകാലമായിരുന്നു. കഞ്ഞിക്കു വകയില്ലാതെ പുലരുവോളം
മഞ്ഞിലേക്കു നോക്കി നോക്കി കണ്ണുകള്‍ മഞ്ഞളിച്ചു പോയ കാലമായിരുന്നു അത്.
അച്ഛന്‍ കീലേരി സുകുമാരന് ബീഡി തെറുപ്പായിരുന്നു ജോലി. ബീഡി തെറുത്തും
ബീഡിവലിച്ചും പുകവിട്ടും പകവീട്ടിയും സുകുമാരന്‍ കുടുംബത്തെ പോറ്റാന്‍
പാടുപെട്ടു. അന്തിക്കള്ള് മോന്തി കീലേരി ചന്തയില്‍ ഉന്തും തള്ളും പതിവാക്കിയ
സുകുമാരന്‍റെ ‘കു’ യാതൊരു തത്വദീക്ഷയുമില്ലാതെ നിഷ്കരുണം നിര്‍ഭയം നിര്‍ദ്ദയം നാട്ടുകാര്‍
വെട്ടിയതിന്‍റെ പിറ്റേ ദിവസം മുതല്‍
സുകുമാരന്‍ സുമാരനായി അറിയപ്പെട്ടു.
കാലം
മിന്നല്‍വേഗത്തില്‍ കടന്നുപോയി. ലോകം മാറി. കോലം
മാറി. സുമാരന്‍റെ മക്കള്‍ വളര്‍ന്നു. സുമാരന്‍ തളര്‍ന്നു. നിര്‍ത്താതെ ബീഡി
വലിച്ചതു കൊണ്ടോ ബീഡിപ്പൊടി മൂക്കില്‍ കയറിയത് കൊണ്ടോ അമിതമായി കള്ള്
കുടിച്ചതുകൊണ്ടോ എന്ന് ദൈവത്തിനു പോലും നിശ്ചയമില്ല; സുമാരനിന്നു രോഗിയാണ്.
ശാന്തമായ രാവുകളില്‍ ചുമച്ചുചുമച്ച് അശാന്തി പടര്‍ത്തുന്ന കണവനെ
സമാശ്വസിപ്പിക്കാന്‍ ഭാര്യ ശാന്തേച്ചിക്കു പോലും കഴിയുന്നില്ല.
‘കൂതറഭൂമി’ സായാഹ്നപത്രത്തിന്‍റെ പ്രസ്സില്‍ ജോലി ചെയ്യുന്ന കണാരന് അച്ഛന്‍റെ നെഞ്ചിന്‍കൂട് ഒരു പ്രിന്‍റിംഗ് മെഷീനായിട്ടാണ് തോന്നാറുള്ളത്. കണാരന്‍റെ ഓണ്‍ലി വണ്‍
സിസ്റ്റര്‍ തരുണീമണി ചിരുതേയിക്ക് വീട്ടിലെ തയ്യല്‍ മെഷീന്‍റെ ശബ്ദവും അച്ഛന്‍റെ
ശ്വാസം മുട്ടലും ഒരുപോലെയാണ്.
അത്രയൊന്നും മോശമല്ലാത്ത പ്രീഡിഗ്രിയാണ് കണാരന്റെ ഡിഗ്രി. ബിരുദാനന്തര
ബിരുദമായി നല്ല വായനാശീലവുമുണ്ട്. പണ്ട് സ്കൂള്‍ വിട്ടുവന്നാല്‍ ബീഡി തെറുക്കുന്ന
അച്ഛന് പൈങ്കിളി വാരികകളിലെ നോവലുകള്‍ വായിച്ചു കേള്‍പ്പിച്ചതിന്റെ പ്രതിഫലമായി
കിട്ടിയ ഗുണമാണ് വായനാശീലം. ആറക്ക ശമ്പളമായ 4,400 രൂപ 50 പൈസ ഒന്നിനും
തികയില്ലെങ്കിലും ‘പത്ര’ത്തിലെ ജോലി ഒരു ഗമയാണ് കണാരന്.
കണാരന്‍ വിപ്ലവകാരിയാണ്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന
ബാല്യകാലം സൃഷ്‌ടിച്ച ബൂര്‍ഷ്വാവിരുദ്ധ ഭാവം കണാരന്റെ മുഖത്ത് പ്രകടമാണ്. കണാരനുള്ളില്‍
കാള്‍ മാക്സുണ്ട്. ലെനിനുണ്ട്. ചെഗുവേരയുണ്ട്. ഏംഗല്‍സുണ്ട്. ഏങ്ങലടിയുടെ തേങ്ങലുണ്ട്ണ്ട്. തേങ്ങയോളം ഉറപ്പുള്ള വിശ്വാസമുണ്ട്. അങ്ങനെയാണ് ഭൂമിയിലെ കൂതറകള്‍ക്കെതിരെ ശബ്ദിക്കുന്ന ‘കൂതറഭൂമി’യില്‍
കണാരന്‍ എത്തിപ്പെടുന്നത്. പത്രമുതലാളിയും ചീഫ് എഡിറ്ററുമായ സഖാവ് ചന്ദ്രപ്പന്
കണാരനെ ഇഷ്ട്ടപ്പെട്ടു. കണാരന്‍ ബുദ്ധിമാനാണ്. അദ്ധ്വാനിയാണ്. അദ്ധ്വാനിക്കാതെ
നോക്കുകൂലി വാങ്ങുന്ന വര്‍ഗ്ഗത്തോട് പുച്ഛമുള്ളവനാണ്.
ആയിടെ ഒരു പകല്‍ എരിഞ്ഞടങ്ങിയത്
ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു. കിഴക്കുനിന്നും പുറപ്പെട്ട
സൂര്യന്‍ പടിഞ്ഞാറ് വന്ന് മുഖം ചുവപ്പിച്ച് മൂക്കും കുത്തിവീണു! സങ്കടം സഹിക്കവയ്യാതെ
സന്ധ്യ കനത്തു. മാനം കറുത്തു. സുമാരേട്ടന്‍റെ മാനം ‘പമ്പ’വഴി തമിഴ്നാട് കടന്നു. നാട്ടിലുള്ള
സ്ത്രീസമൂഹത്തിന്‍റെ ചുരിദാറും ബ്ലൌസും അടിപ്പാവാടയും തയ്ച്ചിരുന്ന ചിരുത അയല്‍ക്കാരന്‍ പയ്യന്‍റെകൂടെ നാടുവിട്ട്
തമിഴ്നാട്ടിലെത്തി.
ആ മഹത്തായ സംഭവത്തിനുശേഷം കണാരന്‍ പെണ്ണ്
കെട്ടാനൊരുങ്ങി. തുളസിക്കതിരിന്‍റെ നൈര്‍മല്യവും ഗോതമ്പിന്‍റെ നിറവുമുള്ള ഒരു
പെണ്ണിനെയാണ് സേര്‍ച്ച് ചെയ്തതെങ്കിലും കുറിയവനും കറുമ്പനും കവിളൊട്ടിയവനും ചുരുണ്ടമുടിയും
അമ്പുപോലെ വളഞ്ഞ പുരികവും ഉടുമ്പിന്‍റെ ആകൃതിയിലുള്ള തവിട്ടുനിറമാര്‍ന്ന ചുണ്ടും
കറുത്ത് തുടുത്ത കവിള്‍ത്തടവുമുള്ള, ചെമ്പിച്ച മീശക്കാരനായ കണാരന് കിട്ടിയത് റേഷന്‍
കടയില്‍ BPL കാര്‍ഡുടമകള്‍ക്ക് കിട്ടുന്ന പുഴുക്കലരിയുടെ നിറമുള്ള സുജാതയെയാണ്.
സുജാത നല്ലവളാണ്. കാലമാടന്‍ മാധവേട്ടന്‍റെ
മോളാണ്. LKG കുട്ട്യോള്‍ക്ക് കര്‍ണാട്ടിക് രാഗത്തില്‍ എന്ന്വെച്ചാ കര്‍ണ്ണം
പൊട്ടും ശബ്ദത്തില്‍ താ.. പാ.. സാ.. പഠിപ്പിക്കുന്ന ടീച്ചറാണ്. കണാരന്‍റെ
കയ്യിലെത്തുവോളം സുജാത കന്യകയായിരുന്നു. കന്യാമറിയത്തോളം വിശുദ്ധയുമായിരുന്നു.
കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെപ്പോലെ ഒരു
ലജ്ജയുമില്ലാതെ ഋതുക്കള്‍ മുന്നോട്ടു കുതിച്ചു. കണാരന്‍റെ
മൂത്തമകള്‍ ഋതുമതിയായി. ചിരിച്ചും ചുമച്ചും കിതച്ചും ക്ഷയിച്ചും സുമാരേട്ടന്‍ ഈ
ലോകത്തുനിന്നും ആ ലോകത്തേക്ക് യാത്രയായി. ആ ചാന്‍സില്‍ ചിരുതയും ഭര്‍ത്താവും
മൂന്നു മക്കള്‍സും കീലേരിയില്‍ ലാന്‍ഡ് ചെയ്തു. അളന്നുമുറിച്ചു കിട്ടിയ നാലര സെന്‍റ്
സ്ഥലത്ത് കണാരന്‍ ഒരു കൊച്ചു വീട് പണിതു. സുജാതയിപ്പോള്‍ രണ്ടു പെണ്‍മക്കളുടെ
തള്ളയാണ്.
കണാരന്‍റെ
ആറുപേജ് പത്രം പത്തുപേജായി. പണ്ട് അഞ്ഞൂറ് കോപ്പിയായിരുന്നുവെങ്കില്‍ ഇന്ന്
ആയിരത്തിലധികം സര്‍ക്കുലേഷനുണ്ട്. ചിതലരിച്ച പത്രാപ്പീസിനുള്ളില്‍ റിപ്പോര്‍ട്ടര്‍
കം പ്രൂഫ്‌റീഡര്‍ കം കമ്പോസര്‍ കം മെഷീന്‍ ഓപ്പറേട്ടര്‍ കം മാനേജര്‍ കം പ്യൂണായി
കണാരന്‍ വളര്‍ന്നു. മൂപ്പരിപ്പോള്‍ വെറും കണാരനല്ല. കണാരേട്ടനാണ്. കണാരേട്ടനൊരു
സംഭവമാണ്. ചെത്താത്ത പനയുടെ ലഹരി പോലെ, വാറ്റാത്ത
കശുമാങ്ങയുടെ വീര്യം പോലെ അമൂര്‍ത്തമായ ഒരു സംഭവം!
അന്തിപ്പത്രമാണെങ്കിലും
പത്രത്തിന് മഞ്ഞനിറമാണെങ്കിലും എല്ലാ ഞായറാഴ്ചയും രണ്ടുപേജ് ‘സണ്‍ഡേ’ പതിപ്പാണ്.
അതില്‍ നിറഞ്ഞുനില്‍ക്കുന്നത് കണാരേട്ടന്‍ പടച്ചുവിടുന്ന സംഭവങ്ങളാണ്. പ്രദേശത്തെ
ബുദ്ധിജീവികള്‍ ആനുകാലികങ്ങളിലേക്ക് അയച്ചുകൊടുക്കുന്ന എമണ്ടന്‍ സാധനങ്ങള്‍
അവിടങ്ങളിലെ മന്ദബുദ്ധികളായ എഡിറ്റര്‍ ശുംഭന്മാര്‍ ചുരുട്ടിക്കൂട്ടി ചെവി തോണ്ടാനോ
കക്കൂസില്‍ ടിഷ്യൂ ആയോ ഉപയോഗിക്കും. പാവം സൃഷ്ടാക്കള്‍ ! അവര്‍ കണ്ണില്‍
ആസിഡുമൊഴിച്ച് പൂഴിക്കടകന്‍ പോസില്‍ മാസങ്ങളോളം കാത്തിരുന്നാലും തങ്ങളുടെ
സാധനങ്ങള്‍ സ്വാഹ!
അവര്‍
പ്രതിഷേധബുദ്ധ്യാ കണാരേട്ടന്റെ ‘കൂതറഭൂമി’യിലേക്ക് റീ-സെന്‍റ് ചെയ്യും.
കണാരേട്ടന്‍ സന്മനസുള്ളവനാണ്. മനസ്സില്‍ അലിവുള്ളവനാണ്. സൌഹൃദത്തിനുവേണ്ടി
അലയുന്നവനാണ്. അലിഞ്ഞും അലഞ്ഞും സ്വയം ഇല്ലാതാകുന്നവനാണ്. സൃഷ്ടികള്‍ അച്ചടിച്ചു വരും. ബുജികള്‍ ഹാപ്പി.
കണാരേട്ടന്‍ ഡബിള്‍ ഹാപ്പി. ഒരു രചനയുടെ പേറ്റ് നോവില്‍ രചയിതാവ് അനുഭവിക്കുന്ന
ധൈഷണിക ദുഖവും ദാര്‍ശനിക വ്യഥയും നന്നായി അറിയാവുന്ന കണാരേട്ടന്‍ ക്രാന്ത ദര്‍ശിയായൊരു
‘ഗ്രന്ഥകാരന്‍’ കൂടിയാണ്. ഇതിനകം ‘കൂതറഭൂമി’യുടെ സണ്‍ഡേയില്‍ വന്ന തന്റെ
അലമ്പുകഥകള്‍ ചേര്‍ത്ത് ‘കണാരസംഭവം’ എന്ന പേരില്‍ നൂറോളം പേജുള്ള ഒരു മഹത്തായ
ഗ്രന്ഥം അദ്ദേഹം ഭാരതീയ സാഹിത്യ പൈതൃകത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.
തന്‍റെ
ആത്മസുഹൃത്തും സ്ഥലത്തെ പ്രധാന മുടിവെട്ടുകാരനുമായ കത്രികഭാസ്ക്കരന്‍ ചെയ്ത
ചതിയാണത്. അയാള്‍ കണാരേട്ടന്റെ കഥകളെ വാഴ്ത്തി. കണാരേട്ടനെ പുകഴ്ത്തി.
കണാരേട്ടന്റെ ഉള്ളം നനഞ്ഞു. കണ്ണു നിറഞ്ഞു. കടം വാങ്ങിയും ഭാര്യേടെ ഒരേയൊരു
താലിമാല പണയം വെച്ചും രൂപ പതിനെട്ടായിരം പൊടിച്ച് ‘കണാരസംഭവം’ ആയിരം കോപ്പി
അച്ചടിച്ചിറക്കി. സ്വന്തം കയ്യീന്ന് കാശ് പോയാലും നാലാള്‍ക്കു മുന്‍പില്‍
ഒരെഴുത്തുകാരനായി അറിയപ്പെടുമല്ലോ എന്നായിരുന്നു കണാരേട്ടന്റെ ദീര്‍ഘവീക്ഷണം.
പക്ഷെ
പണി പാളി. ഒരൊറ്റ കോപ്പി പോലും ഒരു മോന്‍റെ മോനും വാങ്ങിയില്ല. കണ്ണില്‍ കണ്ടവര്‍ക്കൊക്കെ
പുസ്തകം ഫ്രീയായി കൊടുത്തിട്ടും ബാക്കിവന്ന അറുനൂറെണ്ണം ഇപ്പൊഴും വീട്ടിലെ
കട്ടിലിനടിയില്‍ ചിതലരിച്ചു കിടപ്പുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും
കണാരേട്ടനൊരു അസ്കിതയുണ്ട്!
മൂലക്കുരുവിന്റെ
അസുഖമാണോ?
അയ്യേ..!
അതൊന്ന്വല്ല.
പിന്നെയോ?
കൂതറഭൂമിയിലേക്ക്
മാറ്ററുകള്‍ അയക്കുന്നവര്‍ക്ക് കണാരേട്ടന്‍ മറുപടി അയക്കും!
അതത്ര വല്യ പാതകമാണോ?
ആണോന്നു ചോദിച്ചാല്‍
അല്ല. പക്ഷെ ഇതങ്ങനെയാണോ?
മാറ്ററുകള്‍ അയക്കുന്ന
ആണുങ്ങള്‍ക്കുള്ള മറുപടി രണ്ടുവരിയില്‍ ഒതുങ്ങും.
“പ്രിയ സുഹൃത്തേ,
താങ്കളുടെ രചന കൈപ്പറ്റി. താമസിയാതെ പ്രസിദ്ധീകരിക്കും. തുടര്‍ന്നും എഴുതുമല്ലോ..”
എന്ന് മാനേജര്‍ കം എഡിറ്റര്‍ (കണാരന്‍) ഒപ്പ്.
പക്ഷെ
എഴുത്തുകാരികള്‍ക്കുള്ള മറുപടി രണ്ടു പേജില്‍ കുറയില്ല. വരികളില്‍ കണാരേട്ടന്‍
ഉത്തരവാദിതമുള്ളൊരു വല്യേട്ടനാവും. സ്നേഹനിധിയായൊരു അച്ഛനാവും. മികച്ചൊരു ആദ്ധ്യാപകനാവും.
ചിലപ്പോള്‍ റൊമാന്റിക്കാവും. ആളും തരവും നോക്കിയാണ് മറുപടിയിലെ സമീപനം.
അഭിനന്ദനവും
പ്രോത്സാഹനവും മാത്രമല്ല. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍ മുതല്‍ നമ്മുടെ ചില വനിതാ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി കൈകാര്യം
ചെയ്യാറുള്ള ‘എങ്ങനെ ഭംഗിയായി പല്ലിക്കുത്താം’, ‘ചെവി തോണ്ടാന്‍ പറ്റിയ
സമയമെപ്പോള്‍’ ‘എങ്ങനെ നന്നായി മൂത്രമൊഴിക്കാം'പിഞ്ചുകുട്ടികളെ തല്ലിയുറക്കേണ്ടതെങ്ങനെ?’, ‘ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിക്കണോ?’ അരിയുണ്ട തൊണ്ടക്ക്
കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ?’, ‘അണ്ണാക്ക് തൊടാതെ പിണ്ണാക്ക്
വിഴുങ്ങുന്നതെങ്ങനെ?’ തുടങ്ങിയ പഠനാര്‍ഹവും സാര്‍വ്വദേശീയ പ്രശ്നങ്ങളും കൊണ്ട്
സമ്പന്നമായിരിക്കും കണാരേട്ടന്റെ കത്തുകള്‍
ഗൃഹലക്ഷ്മികളായ മഹിളാരത്നങ്ങളും
കന്യകമാരും ഞരമ്പില്ലാത്തതിനാലോ ഞരമ്പ് രോഗികള്‍ അല്ലാത്തതിനാലോ കണാരേട്ടന്റെ
കത്തുകള്‍ ആനക്കാര്യമായി എടുക്കാറില്ല. എന്നാലും ചില വനിതകള്‍ ‘പത്രാധിപരല്ലേ;
പിണക്കേണ്ടെന്ന്’ കരുതി ഒരു മറുപടി (ഒന്നേയൊന്ന് മാത്രം) തിരിച്ചയക്കും.
‘ഉലക്കമേല്‍ ഒരുറക്കം’ എന്ന കവിത
അയച്ച സീ.പി കോമളവല്ലിക്ക് കണാരേട്ടനയച്ച പ്രോത്സാഹനക്കത്തില്‍ കവിതയുടെ അഗാധഗര്‍ത്തത്തെക്കുറിച്ചും
ഒരു കവിത കൊണ്ട് എങ്ങനെ ഒരാളെ പീഡിപ്പിക്കാം എന്നുമൊക്കെ വിശദമായി പ്രതിപാദിച്ചിരുന്നു.
കത്ത് അവസാനിക്കുന്നത് ‘കോമളവല്ലിക്കൊരു വഴുതനങ്ങ’ എന്ന സ്വന്തം കവിത ചേര്‍ത്തുകൊണ്ടായിരുന്നു.
വഴുതനങ്ങയില്‍ കടുകെണ്ണ പുരട്ടി ഉണ്ടാക്കുന്ന അതിമനോഹരമായൊരു വിഭവത്തിന്റെ
ചേരുവകളായിരുന്നു ആ ഗദ്യകവിതയില്‍. കത്ത് കിട്ടിയ സീ പി കോമളവല്ലിക്ക്
കണാരേട്ടനോട് അമ്പത് ഗ്രാം ഇഷ്ടവും നൂറു ഗ്രാം സ്നേഹവും നൂറ്റമ്പതു ഗ്രാം
ബഹുമാനവും തോന്നി. മറുപടിക്കത്തില്‍ അത്
സൂചിപ്പിക്കാനും മറന്നില്ല.
‘ഞായറാഴ്ച’കളില്‍ സീ.പി കോമളവല്ലിയുടെ
കവിതകള്‍ മുഴച്ചുനിന്നു. തിങ്കളാഴ്ചകളില്‍ കണാരേട്ടന്റെ കത്തുകള്‍ ചീറിപ്പാഞ്ഞു.
വാക്കുകളുടെ എണ്ണം കൂടി. പേജുകള്‍ വര്‍ദ്ധിച്ചു. ‘നീയുണ്ടോ? ഉണ്ടില്ലേല്‍ വാ’
എന്ന കവിത തപാലില്‍ കിട്ടിയതിന്‍റെ അന്നുരാത്രി കണാരേട്ടന്‍ ദൃധംഗപുളകിതനായി. ഹര്‍ഷാരവം
മുഴക്കി. വര്‍ഷപാതം പോലെ പെയ്തിറങ്ങി. അതിലെ വരികളില്‍ കണാരേട്ടന്‍ കോള്‍മൈര്‍
കൊണ്ടു. ഉപഭൂഗണ്ടം വിറച്ചു. അണ്ടകടാഹം ത്രസിച്ചു. ആകപ്പാടെ എന്തോ ഒരു അത്! അതല്ലേ
അതിന്റെയൊരു ഇത്!
അതൊരു വിരഹകവിതയാണെന്നും അത്
തന്നെക്കുറിച്ചാണെന്നുമുള്ള തിരിച്ചറിവില്‍, നാല് ലാര്‍ജ്ജിന്റെ പിന്‍ബലത്തില്‍
കണാരേട്ടന്‍ സീ.പി കോമളവല്ലിക്ക് മുന്‍പില്‍ തന്‍റെ നനഞ്ഞ ഹൃദയം ആറുപേജില്‍
കോറിയിട്ടു. മറുപടിക്കായി കാത്തിരുന്ന കണാരേട്ടന് മുന്നിലേക്ക് രണ്ടാം ദിവസം
മൂന്നുപേരെത്തി. അതിലൊരാള്‍ക്ക് അമ്പതും മറ്റയാള്‍ക്ക് അമ്പത്തഞ്ചും വയസ് പ്രായമുണ്ടായിരുന്നുവെന്ന്
പറയപ്പെടുന്നു. മൂന്നാമത്തെയാള്‍ എണ്‍പതോളം വയസുള്ള ഒരു സ്ത്രീയായിരുന്നുവത്രേ.!
കൃത്യം പതിനഞ്ച് മിനിറ്റിനുള്ളില്‍ അവര്‍
തിരിച്ചു പോകുമ്പോള്‍ അവരുടെ കയ്യില്‍ കണാരേട്ടന്റെ മൂത്രസഞ്ചിയും നെഞ്ചിന്‍കൂടിന്‍റെ
ഒരു ഭാഗവും ഉണ്ടായിരുന്നു. ഇടതുകണ്ണ് നീരുവന്നു വീര്‍ത്തിരുന്നു. വലതു ചെവിയുടെ
ഫിലമെന്റ് പൊട്ടിയിരുന്നു. കൈകളുടെ എല്ലുകള്‍ ഇളകുകയും കാല്‍മുട്ടുകളുടെ ചിരട്ട
ഊരിത്തെറിക്കുകയും ചെയ്തിരുന്നു. എല്ലാറ്റിനുമുപരി ആരാധികമാര്‍ക്ക് കത്തെഴുതാനായി ദീര്‍ഘനേരം കുത്തിയിരുന്ന് സമ്പാദിച്ച കണാരേട്ടന്റെ മൂലക്കുരു പൊട്ടിച്ചിതറി ചിന്നഭിന്നമായി ആകപ്പാടെ നാശകോശമാവുകയും ചെയ്തിരുന്നു!